കസാനിൽ കണ്ടത് ബ്രിക്സിന്റെ കരുത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 10:24 PM | 0 min read

 

പതിനാറാമത് ബ്രിക്സ് ഉച്ചകോടി റഷ്യയിലെ കസാനിൽ ചേർന്നു. ബ്രിക്സിന്റെ ആദ്യ ഉച്ചകോടി നടന്നതും റഷ്യയിലെ യാകതറിൻബർഗിലായിരുന്നു. അന്ന് ഈ കൂട്ടായ്മ അറിയപ്പെട്ടത് നാല് അംഗരാഷ്ട്രങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർത്ത് ബ്രിക് എന്നായിരുന്നു. 2010ൽ ദക്ഷിണാഫ്രിക്കകൂടി അംഗമായതോടെയാണ് അത് ബ്രിക്സ് എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചത്. സമ്പന്നരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി- 7നെതിരെ  ദക്ഷിണധ്രുവ രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണ് ബ്രിക്സ് ഉയർന്നു വന്നത്. കസാനിൽ ഒക്ടോബർ 23ന് പതിനാറാമത് ഉച്ചകോടി  നടന്നപ്പോൾ നാല് പുതിയ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് പ്ലസ് എന്ന പേരിലാണ് ഈ കൂട്ടായ്മ അറിയപ്പെട്ടത്. കഴിഞ്ഞ വർഷം അംഗങ്ങളായ ഇറാൻ, ഈജിപ്ത്, ഇത്യോപ്യ, യുണൈറ്റഡ്  അറബ് എമിറേറ്റ്സ് (യുഎഇ ) എന്നീ രാഷ്ട്രങ്ങളാണ് പുതിയ അംഗങ്ങൾ. ഈ സഖ്യത്തിൽ ചേരാൻ സൗദി അറേബ്യയെ ക്ഷണിച്ചെങ്കിലും പൂർണ അംഗത്വമെടുക്കാൻ അവർ തയ്യാറായില്ല. എങ്കിലും ക്ഷണിതാവെന്ന നിലയിൽ സൗദിയും ഇക്കുറി ഉച്ചകോടിയിൽ പങ്കെടുത്തു. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ ഇന്ത്യക്ക് തുടക്കത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല എന്നതും വസ്തുതയാണ്

ഈ 10 രാജ്യങ്ങൾ ലോക ഭൂവിസ്‌തൃതിയുടെ 30 ശതമാനത്തെയും ജനസംഖ്യയുടെ 45 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു. അതോടൊപ്പം ജിഡിപിയുടെ 35 ശതമാനവും. നാൽപ്പതോളം രാഷ്ട്രങ്ങൾ ഈ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ താൽപ്പര്യം കാണിച്ചുവെന്നതിൽ നിന്നുതന്നെ ബ്രിക്സിന്റെ ആഗോള പ്രാധാന്യം വ്യക്തമാണ്. ഏഷ്യയിലെ വളരുന്ന സമ്പദ്‌വ്യവസ്ഥകളായ ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ബ്രിക്സിൽ അംഗത്വം ആഗ്രഹിക്കുന്നവരാണ്. അമേരിക്കയുടെ ഏകധ്രുവ ലോകത്തിനെതിരായ കൂട്ടായ്മ എന്ന നിലയ്‌ക്കാണ്  പ്രസക്തി. ചൈനയെയും റഷ്യയെയും ലക്ഷ്യമാക്കിയുള്ള അമേരിക്കൻ നയതന്ത്രനീക്കങ്ങൾക്ക് തടയിടുന്ന കൂട്ടായ്മ എന്ന നിലയ്‌ക്കുകൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഈ കൂട്ടായ്മയിൽ അമേരിക്കയുമായി നയതന്ത്ര പങ്കാളിത്തമുള്ള രാജ്യമാണ് ഇന്ത്യ. ചൈനയെ തളയ്ക്കുക ലക്ഷ്യമാക്കി അമേരിക്ക രൂപം നൽകിയ ക്വാഡ് സഖ്യത്തിലും ഇന്തോ –-പസഫിക്  സാമ്പത്തിക ഫോറത്തിലും അംഗത്വമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഗ്ലോബൽ സൗത്തിന്റെ (ദക്ഷിണ ധ്രുവലോകം ) പ്രതീകമായി ചൈന മാറി. ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻപിങ് 2013ൽ പ്രഖ്യാപിച്ച ബെൽറ്റ് റോഡ് പദ്ധതി ഏഷ്യ, ആഫ്രിക്ക വഴി യൂറോപ്പിലേക്കും ലാറ്റിനമേരിക്കയിലേക്കും വ്യാപിച്ചിരിക്കുകയാണ്. വികസ്വരരാഷ്ട്രങ്ങളുടെ വികസന സ്വപ്നങ്ങൾക്കാണ് ഈ പദ്ധതി വഴി ചൈന ചിറകു നൽകിയത്. അതോടൊപ്പം ആഗോള നയതന്ത്രത്തിലും ചൈന സജീവമായി ഇടപെടാൻ തുടങ്ങിയ സൂചനയാണ് അവരുടെ മധ്യസ്ഥതയിൽ സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. കസാനിൽ ബ്രിക്സ് രാഷ്ട്രങ്ങൾക്ക് ഒരു പൊതുകറൻസി രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയുണ്ടായി. അത് ബ്രിക്സ് കറൻസിയാകണോ അതോ ഡിജിറ്റൽ കറൻസി മതിയോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. പെട്ടെന്ന് ഒരു തീരുമാനത്തിലെത്താനും കഴിയില്ല. എങ്കിലും അമേരിക്കയും ബ്രെട്ടൻ വുഡ് സഹോദരികളും അടിച്ചേൽപ്പിക്കുന്ന ഡോളർ ആധിപത്യത്തിനെതിരായ ദക്ഷിണധുവത്തിന്റെ ശബ്ദമാണ് പൊതുകറൻസി എന്ന ചർച്ചയിൽ ഉയർന്നു കേട്ടത്. പുതിയ അംഗങ്ങളെ സമവായത്തിലൂടെ ഉൾക്കൊള്ളാനും തീരുമാനമായി.

ഉക്രയ്‌ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താനും ഉപരോധമേർപ്പെടുത്തി സാമ്പത്തികമായി വേട്ടയാടാനും അമേരിക്കയും പാശ്‌ചാത്യലോകവും ശ്രമിക്കുമ്പോഴാണ് റഷ്യ ഇത്രയും വിപുലമായ പ്രാതിനിധ്യമുള്ള ഉച്ചകോടിക്ക് ആതിഥ്യമരുളിയത്.

അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിക്ക് ചില വ്യക്തമായ സന്ദേശങ്ങൾ നൽകുന്നതിലും കസാൻ ഉച്ചകോടി വിജയിച്ചു. 2022ൽ ഉക്രയ്ൻ യുദ്ധം തുടങ്ങിയതിനുശേഷം റഷ്യയിൽ നടക്കുന്ന ഏറ്റവും പ്രധാന സമ്മേളനമാണ് ബ്രിക്സ് പ്ലസ് ഉച്ചകോടി. ഒമ്പത് അംഗരാഷ്ട്രങ്ങൾക്ക് പുറമെ ബ്രിക്സ് പങ്കാളിത്ത രാഷ്ട്രങ്ങളും ദക്ഷിണധ്രുവ ലോകനേതാക്കളും ഉൾപ്പെടെ മുപ്പതോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഈ ഉച്ചകോടിയുടെ ഭാഗമായി. ഉക്രയ്‌ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താനും ഉപരോധമേർപ്പെടുത്തി സാമ്പത്തികമായി വേട്ടയാടാനും അമേരിക്കയും പാശ്‌ചാത്യലോകവും ശ്രമിക്കുമ്പോഴാണ് റഷ്യ ഇത്രയും വിപുലമായ പ്രാതിനിധ്യമുള്ള ഉച്ചകോടിക്ക് ആതിഥ്യമരുളിയത്. അതോടൊപ്പം അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാനും അംഗരാഷ്ട്രമെന്ന നിലയിൽ ഉച്ചകോടിയിൽ പങ്കെടുത്തു.

അമേരിക്കൻ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ചൈന, റഷ്യ, ഇറാൻ എന്നീ രാഷ്ട്രങ്ങൾ അംഗമായ കൂട്ടായ്മയുടെ വളർച്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. പാശ്ചാത്യ വിരുദ്ധ ചേരി എന്നു പറഞ്ഞ് ബ്രിക്സിനെ അവഗണിക്കാനാണ് അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും തയ്യാറായത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചതുപോലെ ബ്രിക്സ് ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കൂട്ടായ്മയല്ല മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന മാനവരാശിയുടെ താൽപ്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കൂട്ടായ്മയാണ്. ബ്രിക്സിന്റെ ഈ മാനുഷിക മുഖം വ്യക്തമാക്കുന്നതാണ് കസാൻ പ്രഖ്യാപനത്തിൽ ഇസ്രയേൽ സംബന്ധിച്ച പരാമർശങ്ങൾ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനികാക്രമണം കൂട്ടക്കുരുതിയാണെന്നും അതിനാൽ ഗാസയിൽ എത്രയും പെട്ടെന്ന് സമഗ്രവും ശാശ്വതവുമായ വെടിനിർത്തൽ ഏർപ്പെടുത്തണമെന്നു കസാൻ പ്രഖ്യാപനം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര  സംഘടനയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. "ഇന്ത്യ നിലകൊള്ളുന്നത്  നയതന്ത്രത്തിനും സംഭാഷണത്തിനുമാണെന്നും യുദ്ധത്തിനല്ലെന്നും’ ബ്രിക്സിൽ പ്രസംഗിച്ച മോദിക്ക് ഇസ്രയേൽ വിരുദ്ധ പ്രമേയത്തെ എതിർക്കാനായില്ല. ഇസ്രയേൽ എല്ലാ അധിനിവേശ പ്രദേശങ്ങളിൽനിന്നും ഒരു വർഷത്തിനകം പിന്മാറണമെന്ന പ്രമേയത്തെ യുഎന്നിൽ പിന്തുണയ്‌ക്കാത്ത ഇന്ത്യ, യുഎൻ സെക്രട്ടറി ജനറലിനെ ഇസ്രയേലിൽ കടക്കുന്നത് വിലക്കിയ ഇസ്രയേൽ നടപടിയെ വിമർശിക്കുന്ന പ്രമേയത്തെയും പിന്തുണച്ചിരുന്നില്ല. മാത്രമല്ല ഇസ്രയേലിന് ഗാസയെ ആക്രമിക്കാൻ ആയുധങ്ങൾ നൽകുകയുമാണ് ഇന്ത്യ. അമേരിക്കയ്‌ക്കും ഇസ്രയേലിനുമൊപ്പം അടിയുറച്ച് നിൽക്കുന്ന മോദിക്ക് ബ്രിക്സ് വേദിയിൽ ഇസ്രയേലിനെതിരെ നിലകൊള്ളേണ്ടിവന്നുവെന്നത് ആ കൂട്ടായ്മയുടെ കരുത്താണ് തെളിയിക്കുന്നത്.

സെപ്തംബറിൽ റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബർഗിൽ ബ്രിക്സ് പ്ലസ് ദേശീയ സുരക്ഷാ ഉപദേശക യോഗം നടക്കവെ അജിത് ഡോവലും വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. -ഇതിന്റെ തുടർച്ചയെന്നോണമാണ് മോദി–-ഷി ചർച്ച നടന്നത്.

ബ്രിക്സ് ഉച്ചകോടി ഏറെ ശ്രദ്ധിക്കപ്പെട്ടത്  പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻ പിങ്ങും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയാലാണ്. 2020നുശേഷം ആദ്യമായാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഈ സംഭാഷണത്തിന് രണ്ട് ദിവസം മുമ്പാണ്  വിദേശ സെക്രട്ടറി വിക്രം മിസ്രി കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ പട്രോളിങ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. അതിർത്തി സംഘർഷത്തിനുശേഷം ഇരുരാജ്യങ്ങളും നടത്തിയ ചർച്ചകളുടെ പരമ്പരയ്‌ക്ക് ശേഷമാണ് നിയന്ത്രണ രേഖയിൽ പട്രോളിങ് നടത്താൻ തീരുമാനിക്കുന്നത്. ജൂലൈ, ആഗസ്ത് മാസങ്ങളിലായി രണ്ടു തവണ വിദേശമന്ത്രിമാരായ എസ് ജയ്‌ശങ്കറും വാങ് യിയും ചർച്ചനടത്തി. ഡബ്ള്യുഎംസിസിതല ചർച്ച 31 തവണയാണ് നടന്നത്. അവസാന യോഗം ആഗസ്ത് 29ന് ബീജിങ്ങിലാണ് നടന്നത്. സെപ്തംബറിൽ റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബർഗിൽ ബ്രിക്സ് പ്ലസ് ദേശീയ സുരക്ഷാ ഉപദേശക യോഗം നടക്കവെ അജിത് ഡോവലും വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. -ഇതിന്റെ തുടർച്ചയെന്നോണമാണ് മോദി–-ഷി ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിലെ സംഘർഷത്തെ തുടർന്ന് ചൈനീസ് നിക്ഷേപം വിലക്കുകയും മൊബൈലുകൾ, ആപ്പുകൾ, ഇലക്ടിക്ക് വെഹിക്കിളുകൾ, സോളാർ പാനലുകൾ,  5G സേവനം എന്നിവയ്‌ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഈ വർഷം ഏപ്രിൽ–-സെപ്തംബറിൽ മാത്രം  5629 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ചൈനയിൽ നിന്നുണ്ടായത്.

ഇറക്കുമതി നിയന്ത്രണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ദോഷകരമായി ബാധിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ ബൂർഷ്വാസി തന്നെയാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ  മോദി സർക്കാരിൽ സമ്മർദം ചെലുത്തിയത്. അഫ്ഗാനിൽനിന്ന്  പിൻവാങ്ങിയ അമേരിക്കൻ നയവും മറ്റും ഉദാഹരിച്ച് അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോയാൽ പണിപാളുമെന്നും അതിനാൽ ചൈനയുമായി ബന്ധം സാധാരണ നിലയിലാക്കുന്നതാണ് അഭികാമ്യമെന്നും ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ (സെപ്തംബർ 22ന്റെ ലക്കം) തന്നെ എഴുതുന്ന സ്ഥിതിയുണ്ടായി. അതായത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് മുന്നേറണമെങ്കിൽ ചൈനീസ് നിക്ഷേപവും സാങ്കേതിക വിദ്യയും ഇറക്കുമതി സാധനങ്ങളും അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടായതെന്നു വേണം കരുതാൻ. ആഗോളരാഷ്ട്രീയവും പ്രചോദനമായിട്ടുണ്ടാകാം. ഏതായാലും കസാനിൽനിന്ന്  ഇന്ത്യക്കാർക്ക് കേൾക്കാനായത് ഇന്ത്യ–-ചൈന അതിർത്തിയിൽ സംഘർഷത്തിന്റെ മഞ്ഞുരുകാൻ തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ്. അത് സ്വാഗതാർഹമാണ്. പ്രതീക്ഷ നൽകുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home