Deshabhimani

എണ്ണിയെണ്ണി കൊല്ലുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 04:15 AM | 0 min read

ബെയ്‌റൂട്ട്‌
​ഗാസ കൂട്ടക്കുരുതിക്ക് ഒരാണ്ട് തികയുമ്പോൾ ലബനനിലും ​ഗാസയിലും വ്യോമാക്രമണം അതിരൂക്ഷമാക്കി ഇസ്രയേല്‍. കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസൻ നസറള്ളയുടെ പിൻഗാമിയായി  കരുതപ്പെട്ട ഹാഷെം സഫിയെദ്ദീനെ ലബനനിലെ ആക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്. ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ഇന്റലിജൻസ്‌ കേന്ദ്രത്തിൽ സഫിയെദ്ദീനെ ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്‌ചത്തെ ഇസ്രയേൽ ബോംബിങ്. അതിനുശേഷം ഹിസ്ബുള്ള നേതൃത്വത്തിന്  അദ്ദേഹവുമായി  ബന്ധപ്പെടാനായിട്ടില്ല.  മരണം ഇസ്രയേൽ സ്ഥിരീകരിച്ചതായി സൗദി മാധ്യമം അൽ ഹദാത്ത്‌ റിപ്പോർട്ട്‌ ചെയ്തു. ആക്രമണവേളയില്‍ ഭൂഗർഭകേന്ദ്രത്തിൽ സഫിയെദ്ദീനുമുണ്ടായിരുന്നുവെന്നാണ്‌ വിവരം. നസറള്ളയുടെയും അമേരിക്ക കൊലപ്പെടുത്തിയ ഇറാനിയൻ ജനറൽ ഖാസെം സുലൈമാനിയുടെയും ബന്ധുവായ സഫിയെദ്ദീനെ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

വടക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ്‌ കമാൻഡറും കുടുംബവും കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധവിഭാഗം  ഖാസം ബ്രിഗേഡിന്റെ കമാൻഡർ സയീദ്‌ അത്തള്ള അലിയും ഭാര്യയും രണ്ട്‌ പെൺമക്കളും ട്രിപോളിയിലെ വീടിനുനേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ലബനനിൽ ഇസ്രയേൽ ആഴ്‌ചകളായി നടത്തിവരുന്ന ആക്രമണത്തിൽ ഹമാസിന്റെ 18 കമാൻഡർമാരാണ്‌  കൊല്ലപ്പെട്ടത്‌. കരയാക്രമണത്തില്‍ തിരിച്ചടി നേരിട്ടതോടെ ബെയ്‌റൂട്ടിന്റെ തെക്കൻഭാഗങ്ങളിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. ബെയ്‌റൂട്ടിലെ റാഫിക്‌ ഹരീരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപവും ആക്രമണമുണ്ടായി. ബിന്റ്‌ ജബൈലിലെ സല ഘാൻഡോർ ആശുപത്രിക്കടുത്തുള്ള മസ്ജിദ്‌ ഹിസ്ബുള്ള കേന്ദ്രമെന്ന്‌ ആരോപിച്ച്‌ ഇസ്രയേൽ ആക്രമിച്ചു.

 ഇസ്രയേൽ ലബനനില്‍ പൊതുജനങ്ങളെ ലക്ഷ്യം വയ്‌ക്കുകയാണെന്നും ആക്രമണത്തിൽ ഈ വര്‍ഷം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 12 ലക്ഷംപേര്‍ സിറിയയിൽ അഭയംതേടി. എന്നാൽ വെള്ളിയാഴ്ച ഇസ്രയേല്‍ പ്രധാന പാത തകര്‍ത്തതോടെ ലബനൻ–-സിറിയ അതിർത്തി അടച്ചു.



deshabhimani section

Related News

0 comments
Sort by

Home