പാരഡൈസ് കാഴ്ചകളിലെ ലങ്ക, മാറ്റമെന്ന ദിസനായകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 01:55 PM | 0 min read

പാരഡൈസ് എന്ന സിനിമ ശ്രീലങ്കയിലെ അധികാര മാറ്റത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ചർച്ചകളിലെ ഹിറ്റാവുകയാണ്. പ്രസന്ന വിത്തനഗെ ഒരുക്കിയ ഈ ചിത്രം വരാനിരിക്കുന്ന മാറ്റത്തെ പ്രവചിച്ചുകൊണ്ടായിരുന്നുവോ ബോക്സോഫീസിൽ എത്തിയത്. അതോ സാമ്പത്തിക പ്രതിസന്ധിയുടെ വരാനിരിക്കുന്ന അനിവാര്യ പരിണാമത്തെ ഒരു കലാരൂപം എന്ന നിലയ്ക്ക് ശ്രീലങ്കൻ സമൂഹം തന്നെ സിനിമയിലൂടെ പ്രത്യക്ഷീകരിക്കയായിരുന്നുവോ. എന്തായിരുന്നാലും ശ്രീലങ്കൻ സംവിധായകനായ പ്രസന്ന വിത്തനഗെ ചിത്രമായ പാരഡൈസ് ചർച്ചകളിൽ ലൈവാണ്.


ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം, സ്പെയിനിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാർഡ്, ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ പ്രിക്‌സ് ഡു ജൂറി ലൈസീൻ പുരസ്കാരം എന്നിങ്ങനെ അംഗീകാരങ്ങൾ നേടിയ ചിത്രമാണ്. ഐഎഫ്എഫ്കെ ഉൾപ്പടെ പ്രധാന മേളകളിൽ പ്രേക്ഷക പ്രശംസ നേടിയ ചിത്രവുമാണ് പാരഡൈസ്. നവഉദാര സാമ്പത്തിക നയങ്ങൾ തകർത്ത ശ്രീലങ്കയെ ബാധിച്ച പ്രതിസന്ധി ഏതൊക്കെ രീതിയിലാണ് സാധാരണക്കാരെ ബാധിക്കുന്നത്. അതുവഴി രാജ്യം കടന്നുപോകുന്ന ദുരവസ്ഥ എത്ര ആഴത്തിലുള്ളതാണ് എന്നും പരിശോധിക്കുന്നതാണ് ഒന്നരമണിക്കൂറിലെ ഈ ചലച്ചിത്രം.

 ചിത്രം തുടങ്ങുമ്പോൾ ഒരുമിച്ചുള്ള ജീവിതത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകളായ റോഷന്റെ കേശവിനേയും ദർശനയുടെ അമൃതയെയും കാണാം. ടൂറിസ്റ്റ് ഗൈഡ് ആയി എത്തിയ ശ്യാം ഫെർണാണ്ടോയ്ക്ക് ഒപ്പമുള്ള ഇരുവരുടെയും യാത്രയാണ്‌ കഥ പറച്ചിലിന്റെ ഗതിയും വേഗവും നിർണയിക്കുന്നത്‌. പലതലമുറകൾക്ക് മുൻപ് കടൽ കടന്നെത്തിയിട്ടും വംശീയദുരിതങ്ങൾ പേറേണ്ടിവരുന്ന ശ്രീലങ്കയിലെ തമിഴരുടെ വേദന അതിൽ കാണാം. ഒരു ആർട്ട്‌ ഹൗസ് വർക്ക് എന്നതിനപ്പുറം പാരഡൈസ് ഇത് പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു . മണിരത്നത്തിന്റെ മദ്രാസ് ടോക്കീസ് വിതരണത്തിനെത്തിച്ച സിനിമയ്ക്ക് രാജീവ്‌ രവിയുടെ ഫ്രെയിമുകളും ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും കരുത്തുപകരുന്നു.

'പാരഡൈസ് ഒരു സിനിമ എന്നതിനപ്പുറം യാഥാർഥ്യമാണെന്ന് ശ്രീലങ്കയിൽ ഷൂട്ടിനായി എത്തിയപ്പോൾ തന്നെ മനസിലായി. അവിടെ നിന്നും ടീമിൽ ജോയിൻ ചെയ്ത ടെക്‌നീഷ്യൻസ് ഏറെനാളുകൾക്ക് ശേഷമാണ് ജോലി ചെയ്യുന്നതെന്ന്‌ അറിയാൻ കഴിഞ്ഞു. യാത്രയ്‌ക്കായി വണ്ടി ബുക്ക് ചെയ്യുമ്പോൾ പരമാവധി വേഗത്തിൽ വണ്ടി കിട്ടിയതിന് കാരണം ഡ്രൈവർമാരുടെ തൊഴിൽ ഇല്ലായ്മ ആയിരുന്നെന്നും തങ്ങൾക്ക് ബോധ്യപ്പെട്ടു' എന്ന് നടി ദർശന ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു.

ഗ്യാസും ഡീസലും ലഭിക്കാതെ സംഘം ചേർന്ന്‌ റോഡുകൾ ബ്ലോക്ക് ചെയ്യുന്ന ജനതയെ പലയിടങ്ങളിൽ കാണാം. താമസസ്ഥലത്ത്‌ നിന്നും കേശവിന്റെ  ഐപാഡും ഫോണും മോഷ്‌ടിക്കപ്പെട്ടതിൽ മൂന്ന് തമിഴരെയാണ്‌ മുൻവിധികളും അഴിമതിയും മാത്രം കൈമുതലായുള്ള സർജന്റ് ഭണ്ഡാരെയുടെ പൊലീസുകാർ പിടികൂടുന്നത്‌. അതിലൊരാൾ കസ്റ്റഡി മർദനത്തിനിടയിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. അവരിൽ രണ്ട്‌ പേർ നിയമപരമല്ലാതെ തടവിൽ തുടരുന്നു.

സിനിമയിൽ ഇരുട്ടിലെത്തിയ മുഖംമൂടിക്കാരെ തിരിച്ചറിയാനാകുന്നില്ലെന്ന അമൃതയുടെ മൊഴിക്ക്‌ വിപരീതമാണ്‌ കേശവിന്റെ മടിയില്ലാത്ത പൊലീസിനോടുള്ള ഉറപ്പ്‌. "ഞാൻ പട്ടിയാണ്, എന്റെ ഇപ്പോഴത്തെ യജമാനൻ സാറാണ്' എന്ന് പറയുന്നുണ്ട് സർജന്റ് ഭണ്ഡാര. കേസ്‌ അന്വേഷിക്കാനും അതിഥികൾക്ക്‌ സുരക്ഷയൊരുക്കാൻ പോലും സംവിധാനങ്ങളില്ലാത്ത സാഹചര്യവും ഒപ്പം ഇന്ധനമടിക്കാൻ പോലും വകയില്ലാത്ത പൊലീസ്‌ ജീപ്പും ചിത്രത്തിൽ ലങ്കൻ യാഥാർഥ്യങ്ങളുടെ നേർസാക്ഷ്യമാകുന്നു.

ടൂറിസ്റ്റായതിന്റെ പേരിൽ റോഡ് ഉപരോധങ്ങളിൽനിന്നും ഒഴിവാക്കി വിടുന്ന സമരക്കാർ മുതൽ കാറിന് പിന്നാലെ പഴവർഗങ്ങൾ വിൽക്കാനായി ഓടുന്ന കുട്ടികൾ വരെയുള്ളവർ രാജ്യത്തിന്റെ ആന്തരിക ദാരിദ്രത്തെ കാണിക്കുന്നു. മിത്തുകളും ഇതിഹാസങ്ങളും ചരിത്രത്തിന്‌ ബദലായി ഉയർത്തിക്കാണിക്കാനുള്ള ശ്രമങ്ങളെയും സിനിമ സൂക്ഷ്മമായി ചിത്രീകരിക്കുന്നു. സ്ത്രീപക്ഷ രാഷ്ട്രീയത്തെയും പല ലെയറുകളിലായി പറഞ്ഞു വെക്കുന്നു. ഇംഗ്ലീഷും മലയാളവും തമിഴും സിംഹളവും ചേർന്ന സംഭാഷണങ്ങളിലൂടെ ഒന്നര മണിക്കൂറിലെ പാരഡൈസ് യാത്ര രാഷ്ട്രീയം തന്നെയാവുന്നു.ഗൊത്തബായ രാജപക്സെ

സിനിമയിൽ കാണുന്നതുപോലെ ജനങ്ങൾ ശ്രീലങ്കൻ പ്രസിഡന്റ് ഗൊത്തബായ രാജപക്സെയ്ക്കും, പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കുമെതിരെ തെരുവിലേക്കിറങ്ങുകയും ഗൊത്തബായ രാജപക്സെ രാജ്യത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്യുന്നുണ്ട്.

രാജപക്‌സെ സൈനിക ജെറ്റിൽ മാലിദ്വീപിലേക്ക് പലായനം ചെയ്തതിനെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും പ്രതിഷേധക്കാർ കൈയ്യടക്കുകയും കൊളംബോയിലെ ഓഫീസിന്റെ പ്രതിരോധം തകർത്ത് പ്രതിഷേധക്കാർ കെട്ടിടത്തിന് മുകളിൽ പതാക ഉയർത്തുകയും ചെയ്തത് ലോകം കണ്ടു. ഓഫീസിന് പുറത്ത് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രീലങ്കൻ പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തിട്ട് പോലും ഫലമുണ്ടായില്ല. സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ വളഞ്ഞതോടെ ശ്രീലങ്കയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി സംപ്രേഷണം താൽക്കാലികമായി നിർത്തേണ്ടിയും വന്നിരുന്നു.

ശ്രീലങ്ക കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലൂടെ ലോകത്തോട് സംവദിക്കാൻ തീരുമാനിക്കുമ്പോൾ സിനിമ അതിന്റെ കണ്ണാടിയായി. ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സർക്കാർ അധികാരത്തിലേറുമ്പോൾ ആ രാജ്യം സ്വയം പാപ്പരായി പ്രഖ്യാപിച്ച അവസ്ഥയിൽ നിന്ന് മുന്നോട്ട് നീങ്ങാനുള്ള ശ്രമമാണ് കാണുന്നത്.

ശ്രീലങ്കയെ നയിക്കാൻ മാർക്‌സിസ്റ്റ് സംഘടനയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവറിന്റെ (എൻപിപി) സ്ഥാനാർഥിയായ ദിസനായകെ 42.31 ശതമാനം വോട്ടുനേടി ഒന്നാമത് എത്തി. മഹീന്ദ രജപക്‌സെയുടെ കുടുംബവാഴ്ചയ്ക്ക് എതിരായ പോരാട്ടത്തിൽ പൊതുപണിമുടക്കുകൾ സംഘടിപ്പിച്ചും നിരന്തര പ്രതിഷേധങ്ങൾ നടത്തിയും ജെവിപി മുന്നിലുണ്ടായിരുന്നു. അതിലൂടെ ലങ്കയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് ദിസനായകയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതിൽ നിർണായകമായത്. ഇത് സിനിമയുടെ കൂടി കാഴ്ചയായി മാറുന്നു.

അനുര കുമാര ദിസനായകെ

അസമത്വവും ആഴത്തിലുള്ള അഴിമതിയും അവസാനിപ്പിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ദിസനായകെ ജനവിധി തേടിയത്‌. ശ്രീലങ്കയെ ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും കൊണ്ടെത്തിച്ച  വലതുപക്ഷ സാമ്പത്തിക നയങ്ങളിൽ മാറ്റംവരുത്തുമെന്ന് വ്യക്തമാക്കിയാണ് വിജയം നേടിയത്.  പാരഡൈസ് യാത്രകളിൽ അഭ്രപാളിയിൽ പ്രവചിക്കപ്പെട്ട സാമൂഹിക പശ്ചാത്തലം ഇനി മാറുമെന്ന പ്രതീക്ഷയിലാണ് അവിടത്തെ ജനത.

പ്രതിപക്ഷനേതാവും സമാഗി ജന ബലവേഗയയുടെ സ്ഥാനാർഥിയുമായ സജിത്ത് പ്രേമദാസ 32.8 ശതമാനം വോട്ടും നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ 17.27 ശതമാനം വോട്ട് നേടി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തി. ലങ്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഒന്നാം ഘട്ടത്തിൽ ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ഇവയെല്ലാം അവിടത്തെ ജനങ്ങളുടെ മനസ്സിലെ തീ നിലവിലെ അധികാരവാഴ്ചയ്ക്കെതിരെ പുറത്തെത്തിക്കുകയായിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ ദിസനായകെ പാരഡൈസിലെ മുഖ്യ കഥാപാത്രങ്ങളായ കേശവിന്റെയും അമൃതയുടെയും നാട്ടിലെത്തിയിരുന്നു എന്നതും കൗതുകകരമാണ്. കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്ന ചർച്ചകൾക്ക് അന്ന് തുടക്കമിട്ടിരുന്നു. കേരളത്തിന്റെ  ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്നും സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും പറഞ്ഞാണ് ദിസനായകെ മടങ്ങിയത്.

 



deshabhimani section

Related News

View More
0 comments
Sort by

Home