നമ്മുടെ പെൺകുട്ടികൾ എവിടെപ്പോയി - ഷൈനി വിൽസൺ എഴുതുന്നു

ഒളിമ്പിക്‌സ് ടോക്യോയിൽനിന്ന് പാരീസിലെത്തിയിട്ടും എന്റെ സങ്കടത്തിന് മാറ്റമില്ല. എവിടെപ്പോയി കേരളത്തിലെ മിടുക്കികൾ. തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യൻ ടീമിൽ മലയാളി വനിതകൾ ഇല്ലാത്തത് ദുഃഖകരംതന്നെ. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതും പരിഹാരം കാണേണ്ടതുമാണ്.
എന്റെ ഒളിമ്പിക്‌സ് ഓർമകൾക്ക് നാല് പതിറ്റാണ്ടായിട്ടും ഒരു മങ്ങലുമില്ല. 1984ൽ ലൊസ് ആഞ്ചൽസായിരുന്നു ആദ്യ വേദി. അന്ന് പ്രായം 18. കാണുന്നതും കേൾക്കുന്നതുമെല്ലാം അത്ഭുതമായകാലം. എന്നാൽ, ട്രാക്കിൽ ഇറങ്ങിയപ്പോൾ എല്ലാം മാറി. വനിതകളുടെ 800 മീറ്ററിൽ സെമിയിൽ കടന്ന ആദ്യ ഇന്ത്യൻ വനിതയായി. അതുപോലെ 4x400 മീറ്റർ റിലേ ടീമിന് ഫൈനലിൽ കടക്കാനായി.
സോളിലായിരുന്നു 1988ലെ ഒളിമ്പിക്‌സ്. 800 മീറ്ററിലും റിലേയിലും പങ്കെടുത്തു. 1992 ബാഴ്‌സലോണ ഒളിമ്പിക്‌സ് ഒരിക്കലും മറക്കാനാകില്ല. ഇന്ത്യൻ ക്യാപ്‌റ്റനാകുന്ന ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി. മാർച്ച്‌പാസ്റ്റിൽ ദേശീയപതാകയേന്തിയ രംഗം ഇന്നും മനസ്സിലുണ്ട്. മലയാളിയെന്നതിൽ അഭിമാനംകൊണ്ട നിമിഷം. 800 മീറ്ററിൽ ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് മടങ്ങിയത്. 1996ൽ അറ്റ്‌ലാന്റയിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. റിലേയിൽ പങ്കെടുത്താണ് മടക്കം. നാല് ഒളിമ്പിക്‌സിൽ തുടർച്ചയായി ട്രാക്കിൽ ഇറങ്ങാൻ സാധിച്ചത് അപൂർവ നേട്ടമാണ്.
ഇപ്പോഴത്തെ ഇന്ത്യൻ ടീം കാണുമ്പോൾ സങ്കടമാണ്. എൺപതുകളിൽ ഇന്ത്യൻ ക്യാമ്പ് നിറയെ മലയാളി പെൺകുട്ടികളായിരുന്നു. അടുത്തകാലത്ത് ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസ് റിലേ കാണാനിടയായി. അതിൽ കേരളത്തിലെ പെൺകുട്ടികളുടെ പ്രകടനം കണ്ട് നിരാശയായി. ഞങ്ങളുടെയൊക്കെ കാലത്ത് റിലേ സ്വർണം കേരളത്തിന്റെ കുത്തകയാണ്. എതിരാളികളെ മറികടക്കുന്നത് എൺപതും നൂറും മീറ്റർ വ്യത്യാസത്തിലാണ്. അക്കാലമൊക്കെ മാറി. പണ്ടത്തേക്കാൾ അക്കാദമികളും പരിശീലനസൗകര്യങ്ങളും വർധിച്ചിട്ടും നമ്മുടെ കുട്ടികൾ പിന്തള്ളപ്പെട്ടുപോകുന്നു. അതിനുള്ള കാരണം അന്വേഷിച്ച്, ഉത്തരവാദപ്പെട്ടവർ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
(നാല് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഷൈനി ഇപ്പോൾ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ, ചെന്നൈ) ജനറൽ മാനേജരാണ്)









0 comments