പരിസ്ഥിതിദിനത്തിലെ ചിന്താവിഷയങ്ങൾ

ഡോ. സി പി രാജേന്ദ്രൻ
Published on Jun 04, 2026, 09:36 PM | 2 min read
ഇന്ത്യ ഉൾപ്പെടെ ലോകത്തെ പല ഭാഗങ്ങളിലും 2050 ആകുമ്പോഴേക്കും താപനില, അതിജീവനപരിധി മറികടക്കുമെന്നും നിഷ്‌ക്രിയ തണുപ്പിക്കൽ നടപടി സ്വീകരിക്കേണ്ടിവരുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അധികചൂട് പ്രാദേശികവും കാലാനുസൃതവുമായ താപനില തീവ്രതയിലേക്ക് നയിക്കുന്നു. ധ്രുവപ്രദേശങ്ങളിലും ഹിമാലയംപോലുള്ള പർവതനിരകളിലും മഞ്ഞുപാളികൾ കുറയുന്നു. കനത്ത മഴ തീവ്രമഴയാകുന്നു. സസ്യങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വീണ്ടുമൊരു പരിസ്ഥിതിദിനം എത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, കാട്ടുതീ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുന്നു. ഇത് വൻതോതിലുള്ള മനുഷ്യ,- സാമ്പത്തിക നഷ്‌ടത്തിന് കാരണമാകുന്നു. ആഗോളതാപനം സൃഷ്‌ടിച്ച മാറ്റങ്ങൾ നൂറ്റാണ്ടുകൾമുതൽ സഹസ്രാബ്‌ദങ്ങൾവരെ മാറ്റാനാകാത്തതാണ്. പ്രത്യേകിച്ച് സമുദ്രം, ഹിമപാളികൾ, ആഗോള സമുദ്രനിരപ്പ് എന്നിവയിലെ മാറ്റം. വ്യാവസായികവിപ്ലവത്തിനുമുമ്പുള്ള കാലഘട്ടം (1850-–1900) മുതൽ ആഗോള ഉപരിതല താപനിലയിൽ ശരാശരി ഒരു ഡിഗ്രി സെൽഷ്യസിന്റെ വർധന കാണിക്കുന്നു. 2016, 2017, 2019, 2023 എന്നീ വർഷങ്ങളിൽ ഈ താപന പ്രവണത ഭാഗികമായി 1.5 ഡിഗ്രി കവിഞ്ഞു.
കാലാവസ്ഥാവ്യതിയാനവുമായി മെച്ചപ്പെട്ട രീതിയിൽ പൊരുത്തപ്പെടുകയാണ് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള സമൂഹം സൃഷ്‌ടിക്കാനുള്ള വഴി. പാരിസ് ഉടമ്പടിപ്രകാരം സ്ഥാപിച്ച ആഗോള പൊരുത്തപ്പെടുത്തൽ പരിപാടികൾക്കുള്ള പ്രത്യേക ലക്ഷ്യങ്ങളിൽ പൊരുത്തപ്പെടുത്തൽശേഷി വർധിപ്പിക്കുന്നതും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും ഉൾപ്പെടുന്നു. പരിസ്ഥിതി, സമൂഹം, പൊതുജനാരോഗ്യം, സമ്പദ്‌വ്യവസ്ഥ എന്നിവയിലുംമറ്റും ആഗോളതാപനത്തിന്റെ പ്രതികൂല ആഘാതം കുറയ്‌ക്കാൻ സമൂഹങ്ങൾക്ക് സ്വീകരിക്കാനാകുന്ന വിപുലമായ നടപടികളെയാണ് പൊരുത്തപ്പെടുത്തൽ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിന് ഓരോ രാജ്യത്തിനും പ്രദേശത്തിനും അനുയോജ്യമായ പ്രായോഗികപരിഹാരം ആവശ്യമാണ്. പുനരുപയോഗ ഊർജോൽപ്പാദനംമുതൽ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽവരെ ഇതിൽ ഉൾപ്പെടാം.
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങളുമായി പൊരുത്തപ്പെടാൻ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ പ്രയോജനപ്പെടുത്താം. ഭൂഗർഭജല പുനരുജ്ജീവനം, പരിസ്ഥിതിസൗഹൃദ കന്നുകാലിപരിപാലനം, സുസ്ഥിര കൃഷി, തീരദേശ ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കൽ എന്നിവയ്‌ക്കായി പുതിയ തന്ത്രങ്ങൾ സ്വീകരിക്കേണ്ടി വന്നേക്കാം. കുറച്ച് വെള്ളവും വളവും ആവശ്യം വരുന്ന കാലാവസ്ഥാ -പ്രതിരോധശേഷിയുള്ള കൃഷിസംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. പ്രത്യേക ‘മൈക്രോക്ലൈമറ്റിന്’ അനുയോജ്യമായ പുതിയ സങ്കരയിനങ്ങൾ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും വേണം.
പുതിയ കീടങ്ങളോ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളോമൂലം സംഭവിക്കാവുന്ന വൻ വിളനാശം തടയാൻ ഇത് സഹായിക്കും. തീരദേശ നഗരങ്ങളെയോ നദികൾക്കുസമീപമുള്ള ഉൾനാടൻ ജനവാസകേന്ദ്രങ്ങളെയോ സംരക്ഷിക്കുന്നതിന് മെച്ചപ്പെട്ട വെള്ളപ്പൊക്ക പ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യാം. പുനരുപയോഗംവഴി ഉൽപ്പാദനത്തിന്റെയും ഉപയോഗത്തിന്റെയും മാതൃകയായി സർക്കുലർ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പൊതുജനധാരണ ഉയർത്തേണ്ടതും അതുവഴി മാലിന്യം കുറയ്‌ക്കുന്നതും പ്രധാനമാണ്. ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം സർക്കാരുകളും സമൂഹവും തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയും വേണം.
ട്രംപ് അടക്കമുള്ള ലോകനേതാക്കൾ ഇത്തരം ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. അതേസമയം, കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതി ആവാസവ്യവസ്ഥയെ തകർക്കുന്നതാണ്. യുനെസ്‌കോ അംഗീകരിച്ച ജൈവവൈവിധ്യ കേന്ദ്രത്തിനും ഷോംപെൻ, നിക്കോബാറീസ് ഗോത്രങ്ങളുടെ നാശത്തിനും ഗ്രേറ്റ് നിക്കോബാർ പദ്ധതി കാരണമാകും. കടലും കാടും കോർപറേറ്റുകൾക്ക് വിറ്റ് മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തുന്ന അത്തരം പദ്ധതികൾ അനുവദിച്ചുകൂടാ.











