വിടവാങ്ങലിലും മാതൃകയായി എൻഎസ്എസ് വളന്റിയര്‍മാര്‍

വിതുര ഗവ. വിഎച്ച്എസ്എസിലെ എൻഎസ്എസ് വളന്റിയർമാരെ പിടിഎ പ്രസിഡന്റ് അശോകൻ അനുമോദിക്കുന്നു
വിതുര
വിടവാങ്ങൽ ദിനത്തിൽ സാന്ത്വന പരിചരണത്തിന്റെ മാതൃക പകര്‍ന്ന് വിതുര ഗവ. വിഎച്ച്എസ്എസിലെ എൻഎസ്എസ് വളന്റിയർമാർ. "ന്യൂസ് പേപ്പർ ചലഞ്ചി'ലൂടെ കിടപ്പുരോഗിക്ക് എയർബെഡ് വാങ്ങി നൽകിയാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിനെ ഇവര്‍ വ്യത്യസ്തമാക്കിയത്. മലയടി സ്വദേശിക്കാണ് എയര്‍ബെഡ് നൽകിയത്. എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മികച്ച വിജയം നേടിയാണ് വിദ്യാര്‍ഥികളുടെ വിടവാങ്ങല്‍. വിഎച്ച്എസ്ഇ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയതിനൊപ്പം രണ്ടുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. രണ്ടുപേർക്ക് അഞ്ച് വിഷയങ്ങൾക്ക് എ പ്ലസും ഒരെണ്ണത്തിന് എ ഗ്രേഡുമുണ്ട്. മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാണ് വിതുര എന്‍എസ്എസ് യൂണിറ്റ്. വയനാട് ദുരന്തബാധിതരെ സഹായിക്കാനും മന്നൂർക്കോണം ഇടനില ഗവ. യുപിഎസിന് ശാസ്ത്രോപകരണങ്ങൾ നിർമിച്ചു നൽകാനും ന്യൂസ് പേപ്പര്‍ ചലഞ്ച് നടത്തിയിട്ടുണ്ട്. സെറിബ്രൽ പാൾസി ബാധിതയായ കുട്ടിയുടെ വീട് നവീകരണത്തിന് ഒന്നരലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ബിരിയാണി ചലഞ്ചിലൂടെയായിരുന്നു പണം കണ്ടെത്തിയത്. 100 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കല്‍, പ്ലാസ്റ്റിക് നിർമാർജനത്തിന് പത്ത് കുപ്പിക്ക് രണ്ട് ഗപ്പി പദ്ധതി, ആനപ്പാറ ഗവ. എച്ച്എസിൽ സംഘടിപ്പിച്ച എന്റെ മഷിപ്പേന പദ്ധതി, ഫുഡ് സ്കേപ്പ് ഗാർഡൻ, ബക്കരി ബാങ്ക്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. വിതുര കൃഷിഭവന് കീഴിലെ മികച്ച പച്ചക്കറി, പുഷ്പ കൃഷി ചെയ്യുന്ന സ്കൂൾ എന്ന നേട്ടവും യൂണിറ്റ് സ്വന്തമാക്കി. പ്രിൻസിപ്പൽ എ ആര്‍ മജ്ജുഷ, പ്രോഗ്രാം ഓഫീസർ വി പി അരുൺ, എ അശോകൻ, ആർ രവി ബാലൻ, വിനീഷ് കുമാർ, ഷാഫി, ബിജു, നിജിലാൽ രാജ് എന്നിവർ സംസാരിച്ചു.







0 comments