കേരളത്തിന്റെ മറ്റൊരു മാതൃക

ഒ കെ ജോണി
Published on Jul 29, 2025, 04:16 AM | 3 min read
ഒരു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട മഹാദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ. അപ്രതീക്ഷിതമായ ഒരു മഹാപ്രളയത്തെയും മഹാമാരിയെയും അതിജീവിച്ച കേരളത്തിന് താങ്ങാനാകാത്ത ആഘാതം. സർവവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ സമ്പൂർണമായ സംരക്ഷണച്ചുമതല ഏറ്റെടുത്ത് കേരളം രാജ്യത്തിനുതന്നെ മാതൃകയായി. അപകട മേഖലയിലെ രക്ഷാപ്രവർത്തനങ്ങളിലും അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമെന്നപോലെ ഭവനരഹിതരായവർക്കുള്ള പുനരധിവാസ പദ്ധതിയുടെ നടത്തിപ്പിലും പ്രകടിപ്പിച്ച ജാഗ്രത മറ്റൊരു കേരള മാതൃകയാണെന്നത് അത്യുക്തിയല്ല. തുടരെത്തുടരെയുണ്ടായ പ്രകൃതി ദുരന്തങ്ങൾക്കുശേഷവും സാമ്പത്തിക പരാധീനതകളെയും കേന്ദ്ര സർക്കാരിന്റെ ബോധപൂർവമായ അവഗണനയെയും പ്രതിപക്ഷത്തിന്റെ നിരുത്തരവാദപരമായ എതിർപ്രചാരണങ്ങളെയും മറികടന്നുകൊണ്ടാണ് അഭയാർഥികളാക്കപ്പെട്ട മൂവായിരത്തോളം മനുഷ്യർക്ക് സുരക്ഷിതബോധവും സുസ്ഥിരജീവിതവും ഉറപ്പാക്കുവാൻ കേരളത്തിനു കഴിഞ്ഞത്.
തുടക്കംമുതലേ സർക്കാർ സ്വീകരിച്ച ജനകീയ നിലപാടാണ് മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിയെ മികച്ച മാതൃകയാക്കുന്നത്. സ്വന്തം ഗ്രാമങ്ങളിൽനിന്ന് കൂട്ടത്തോടെ പറിച്ചുമാറ്റപ്പെട്ട നിസ്സഹായരായ മനുഷ്യർക്ക് അവരാഗ്രഹിക്കുന്ന രീതിയിലുള്ള പുനരധിവാസ സൗകര്യം ലഭിക്കുമെന്നതാണ് അതിൽ പ്രധാനം. ഗുണഭോക്താക്കളുടെമാത്രമല്ല, വിവിധ രാഷ്ട്രീയ പാർടികളുടെയും പരിസ്ഥിതി വിദഗ്‌ധരുടെയും സാമൂഹികപ്രവർത്തകരുടെയും നിർദേശങ്ങൾക്ക് അനുസൃതമായി നടപ്പിലാക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ പുനരധിവാസപദ്ധതിയും ഒരുപക്ഷേ, വയനാട്ടിലേതായിരിക്കും. തലമുറകളായി അയൽപക്കക്കാരായി കഴിഞ്ഞ കുടുംബങ്ങൾക്ക് ചിതറിപ്പോകുമ്പോൾ ഉണ്ടാകാനിടയുള്ള അരക്ഷിതബോധം കണക്കിലെടുത്താണ് ടൗൺഷിപ് എന്ന ആശയം ഉയർന്നുവന്നത്. എങ്കിലും, തങ്ങൾക്ക് ഇഷ്ടമുള്ള ദിക്കിലും രീതിയിലും സ്വന്തമായി വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നിശ്ചിത തുക നേരിട്ട് നൽകുന്നുമുണ്ട്. എഴുപതോളം കുടുംബങ്ങളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.

ഏത് പ്രകൃതിദുരന്തവേളയിലും സാധാരണ സംഭവിക്കാറുള്ളതുപോലെ അഭയാർഥി ക്യാമ്പുകളിൽ അനിശ്ചിതകാലം കഴിയേണ്ട ദുരവസ്ഥ വയനാട്ടിലെ ദുരിതബാധിതർക്ക് ഉണ്ടായില്ലെന്നതും എടുത്തുപറയേണ്ടതാണ്. ഉറങ്ങിക്കിടക്കുമ്പോൾ അപ്രതീക്ഷിതമായി വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലികമായി സർക്കാർ ചെലവിൽ അനുയോജ്യമായ വാടകവീടുകൾ ലഭ്യമാക്കാനും നിത്യച്ചെലവിനുള്ള അലവൻസ് നൽകാനും കഴിഞ്ഞുവെന്നത് നിസ്സാരമല്ല. വീടും തൊഴിലും സാമ്പത്തികസഹായവും പോലുള്ള ഭൗതികസൗകര്യങ്ങൾ മാത്രമല്ല, ഇരകളാക്കപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ മാനസികനില വീണ്ടെടുക്കാനും സുരക്ഷിതത്വബോധം ഉറപ്പാക്കാനും തുടക്കത്തിലേ കഴിഞ്ഞു. അപകടത്തിൽപ്പെട്ടവർക്കുള്ള അടിയന്തര ചികിത്സാസഹായത്തോടൊപ്പം ആരോഗ്യവകുപ്പ് ഏറ്റെടുത്ത ആ ദൗത്യത്തിന്റെ ഭാഗമായി തുടങ്ങിയ ട്രോമാ കെയർ സെന്ററുകളുടെ സേവനം അനേകം സ്ത്രീകൾക്കും കുട്ടികൾക്കും തുണയായി. ഇതൊന്നും കാണാതെയാണ് പ്രതിപക്ഷം വിമർശങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നത്.
ഒരു വലിയ ദുരന്തത്തിനു നടുവിലും രാഷ്ട്രീയ ലാഭംമാത്രം ലാക്കാക്കുന്ന മുഖ്യ പ്രതിപക്ഷ പാർടിയുടെ യുവജന സംഘടന പണപ്പിരിവിനുള്ള ഒരവസരമായാണ് അതിനെ കണ്ടതെന്നതിലും അത്ഭുതമില്ല. മനുഷ്യരോടുള്ള കേവലമായ സഹാനുഭൂതിയും സാമൂഹികമായ പ്രതിബദ്ധതയും പ്രതിപക്ഷ ധർമവും പാലിക്കുവാൻ കഴിയുന്നില്ലെന്നതാണ് അവരെക്കുറിച്ച് വയനാട്ടുകാർക്കുള്ള ആവലാതി. ദുരന്തത്തിന്റെ മറവിൽ പിരിച്ചെടുത്ത പണത്തിന്റെ കണക്കുപോലും വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ലെന്നോർക്കുക. ഇക്കഴിഞ്ഞ പ്രളയകാലത്ത് ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തിൽനിന്ന് നാമമാത്രമായൊരു വിഹിതം നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് നിർലജ്ജം അതിന്റെ വീഡിയോ പ്രചരിപ്പിച്ച സ്വന്തം അധ്യാപക സംഘടനയെ പ്രോത്സാഹിപ്പിക്കുകയും ശ്ലാഘിക്കുകയുംചെയ്തവരിൽനിന്ന് വേറെന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്?

നൂറുകണക്കിന് ആളുകളുടെ ജീവനും വീടും കൃഷിഭൂമിയും സ്വത്തുമെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയ ദേശീയദുരന്തമായിട്ടുകൂടി കേന്ദ്രസർക്കാർ സഹായഹസ്തം നീട്ടിയില്ലെന്നതാണ് ആരെയും അമ്പരപ്പിക്കുന്ന വസ്തുത. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷമെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്നുമാത്രമല്ല, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുപോലും യാതൊന്നും നൽകിയില്ല. ഒരു വലിയ മനുഷ്യദുരന്തത്തിനു നടുവിൽനിന്നുകൊണ്ട് കേരളം ആവശ്യപ്പെട്ട അടിയന്തര സഹായം നിഷേധിച്ച് തിരിച്ചടയ്‌ക്കണമെന്ന വ്യവസ്ഥയിൽ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് സ്‌കീമിൽനിന്നാണ് 529 കോടി വായ്പ അനുവദിച്ചത്. ഇതിനെയാണ് ദുരിതാശ്വാസത്തിനുള്ള കേന്ദ്രവിഹിതമെന്ന് ബിജെപിയും അവരുടെ ജിഹ്വകളും കൊണ്ടാടുന്നതെന്നതാണ് ക്രൂരമായ തമാശ. ദുരന്തബാധിതരുടെ സുരക്ഷയ്ക്ക് തടസ്സംനിന്നുകൊണ്ടുപോലും ഇടതുപക്ഷ സർക്കാരിനെ തോൽപ്പിക്കുകയെന്ന ബിജെപിയുടെ മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെ പരോക്ഷമായി പിന്തുണച്ചുകൊണ്ടാണ് കേരളത്തിലെ പ്രതിപക്ഷമുന്നണിയും വയനാട്ടുകാരോടുള്ള അവരുടെ സ്‌നേഹവായ്പ് പ്രകടിപ്പിച്ചത്.
അര ഡസൻ ഗ്രാമങ്ങളിൽനിന്ന് കൂട്ടത്തോടെ പറിച്ചെറിയപ്പെട്ട മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസവും അവരുടെ ജീവനോപാധികളും ഉറപ്പാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം കേവലം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുക അനായാസമല്ലെങ്കിലും കേരളത്തിന് അത് സാധ്യമായി എന്നത് അഭിമാനകരമാണ്. പുനരധിവാസ പദ്ധതിക്കായി കണ്ടെത്തിയ കോർപറേറ്റ് ഉടമസ്ഥതയിലുള്ള എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരായി അവർ നൽകിയ കേസിൽ ഹൈക്കോടതിയുടെ അനുകൂലവിധി സമ്പാദിക്കുവാൻ കഴിഞ്ഞതിനുശേഷം മാത്രമേ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ. അതുപോലും മറച്ചുവച്ചാണ് പദ്ധതി വൈകുന്നു എന്ന പ്രചാരണം ഉണ്ടായത്. സർക്കാരിനെതിരായ ആ വ്യാജമായ ആരോപണം വാസ്തവത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളെയാണ് ആശങ്കയിലാഴ്‌ത്തിയത്. ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടാതെപോയ അർഹതയുള്ളവരുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്താൻ ഇനിയും വൈകിയിട്ടുമില്ല.
വീട് നൽകുന്നതോടെ സർക്കാരിന്റെ ഉത്തരവാദിത്വം തീരുന്നില്ലെന്ന ബോധ്യത്തോടെയുള്ള പദ്ധതികളാണ് വയനാട്ടിൽ ഇക്കുറി വിഭാവനംചെയ്തത്. അതിന്റെ ഏറ്റവും മികച്ച മാതൃകയാണ്, ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാവരുടെയും ബാങ്ക് വായ്പകൾ സർക്കാർ തിരിച്ചടയ്ക്കുമെന്ന വാഗ്ദാനം. പന്ത്രണ്ട് ബാങ്കുകളിലായി മുപ്പത്തിയഞ്ച് കോടി രൂപയുടെ ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. കുടുംബശ്രീ മിഷൻ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സംരംഭങ്ങളും ഭവനരഹിതരും തൊഴിൽരഹിതരുമായ ദുരിതബാധിതരുടെ സുസ്ഥിരജീവിതത്തിനുതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകമാത്രമല്ല കുറഞ്ഞ കാലയളവിൽ അവയിൽപ്പലതും നടപ്പാക്കുകയുംചെയ്തു. ഏത് സർക്കാർ ഭരിക്കുമ്പോഴും ഉണ്ടാകാറുള്ള ചുവപ്പ് നാടയുടെ കുരുക്കുകളും ബ്യൂറോക്രസിയുടെ നിസ്സംഗതയും വലിയൊരളവിൽ ഒഴിവാക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായത്. സർക്കാരിന്റെ മാത്രമല്ല; കേരള സമൂഹത്തിന്റെതന്നെ സഹാനുഭൂതിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയുംകൂടി പ്രതിഫലനമാണിത്.
(എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമാണ് ലേഖകൻ)















