ജയിലിനകത്ത് ദളിത് തടവുകാര്‍ക്ക് നിര്‍ബന്ധിത തോട്ടിപ്പണി; അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

മധുര: തടവറകളിലെ ജാതി വിവേചനം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തവ്. ദളിത് തടവുകാരെ പ്രത്യേകമായി പാര്‍പ്പിക്കുകയും നിര്‍ബന്ധിച്ച് തോട്ടിപണികൾ എടുപ്പിക്കയും ചെയ്യുന്നു എന്ന പരാതിയിലാണ് കോടതി ഇടപെടൽ.
മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി ജയിലുകളിലെ ജാതി പീഡനങ്ങളെയും വിവേചനത്തെയും കുറിച്ചായിരുന്നു പരാതി. അഭിഭാഷകനും ഗ്ലോബൽ നെറ്റ്വര്‍ക്ക് ഫോര്‍ ഇക്വാലിറ്റി സഹ സ്ഥാപകനുമായ കെ ആര്‍ രാജയാണ് കോടതിയെ സമീപിച്ചത്. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റീസ് സിവി കാര്‍ത്തികേയൻ, ആര്‍ ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവ് നൽകി.
മധുര സെൻട്രൽ ജയിൽ, തിരുനെൽവേലിയിലെ പാളയം കോട്ട സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ പാര്‍ശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള തടവുകാര്‍ക്കായി പ്രത്യേക ബ്ലോക്കുകളും ബാരക്കുകളും തിരിച്ചിട്ടുണ്ട്. ഈ ബ്ലോക്കുകളിലെ തടവുകാരെ ഉപയോഗിച്ച് നിര്‍ബന്ധപൂര്‍വം ശൗചാലയങ്ങൾ വൃത്തിയാക്കിക്കയും സമാനമായ തോട്ടിപ്പണികൾ ചെയ്യിക്കയുമാണ്- പരാതിയിൽ പറയുന്നു.
വനിതകൾക്ക് ഇരട്ടി വിവേചനം
തിരുച്ചിറപ്പള്ളിയിലെ വനിതാ സെൻട്രൽ ജയിലിലും സമാനമായ കടുത്ത വിവേചനങ്ങൾ തുടരുന്നു. ജയിൽ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇവിടത്തെ അന്തേവാസികളിൽ ചിലരെ സര്‍ക്കാരിന്റെ 'ഫ്രീഡം പെട്രോൾ പമ്പിൽ' ജോലി ചെയ്യാൻ അനുവദിച്ചിരുന്നു. എന്നാൽ അവരെ അനുവദിച്ച ജോലിയിൽ നിന്നു തടഞ്ഞു. പകരം ജയിൽ വളപ്പിലെ ശൗചാലയങ്ങൾ വൃത്തിയാക്കാനും ശുചീകരണ പ്രവര്‍ത്തികൾ ചെയ്യാനും നിര്‍ബന്ധിക്കുന്നു.
അതേസമയം ജയിലുകളിലെ ശുചീകരണം നടത്തുന്നതിന് നഗരസഭയുടെ സേവനം മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ജയിലധികൃതര്‍ വാദിച്ചു. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല.ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ മധുര, തിരുച്ചി, തിരുനെൽവേലി ജില്ലകളിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിമാർക്കും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിമാർക്കും കോടതി നിർദ്ദേശം നൽകി.
തടവുകാരെ നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങൾ തിരക്കാൻ ആവശ്യപ്പെട്ടു. മാത്രമല്ല ഇതോടൊപ്പം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ജയിൽ അധികാരികളോടും വിശദീകരണം തേടി. ഒക്ടോബര്‍ നാലിന് കേസിൽ കൂടുതൽ വാദം കേൾക്കും.










0 comments