ad
Deshabhimani

സവാളയും പഞ്ചസാരയും വീണ്ടും കുതിക്കുന്നു; അടുക്കളയ്ക്ക് ഇരുട്ടടി, നേട്ടം വൻകിട കമ്പനികൾക്ക് മാത്രം

sugar ethanol price
വെബ് ഡെസ്ക്

Published on Sep 02, 2026, 05:28 PM | 2 min read

ന്യൂഡൽഹി: സാധാരണക്കാരന്റെ അടുക്കള ബജറ്റിന് വീണ്ടും ഇരുട്ടടിയായി സവാളയുടെയും പഞ്ചസാരയുടെയും വില കുതിക്കുന്നു. രാജ്യത്തെ പ്രധാന സവാള വിപണിയായ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ രണ്ട് ദിവസത്തിനിടെ സവാള വില 16 ശതമാനത്തോളം ഉയർന്നു. പഞ്ചസാരയുടെ ദേശീയ ശരാശരി വിലയും ഒരു വർഷത്തിനിടെ 37.5 ശതമാനം വർധിച്ചു. കേരളത്തിലും സവാളയും പഞ്ചസാരയും ഉയർന്ന വിലയിലാണ്.


ആ​ഗസ്ത് 31ലെ കേന്ദ്രസർക്കാർ കണക്കുപ്രകാരം രാജ്യത്തെ പഞ്ചസാരയുടെ ശരാശരി വില കിലോയ്ക്ക് 63.28 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 46.02 രൂപയായിരുന്നു. ഒരു വർഷത്തിനിടെ കിലോയ്ക്ക് 17 രൂപയിലധികമാണ് വർധിച്ചത്. കേരളത്തിൽ ഓണക്കാലത്ത് തുറന്ന വിപണിയിൽ പഞ്ചസാര കിലോയ്ക്ക് 69 രൂപവരെ എത്തിയിരുന്നു. രണ്ടുമാസം മുമ്പ് മൊത്തവിപണിയിൽ കിലോയ്ക്ക് 43–45 രൂപയുണ്ടായിരുന്ന പഞ്ചസാരയാണ് കുത്തനെ ഉയർന്നത്.


കേരളത്തിന്റെ പഞ്ചസാര ആവശ്യത്തിന്റെ വലിയൊരു ഭാഗവും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യ മില്ലുകളെയാണ് ആശ്രയിക്കുന്നത്. അതിനാൽ രാജ്യത്തെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളിലുണ്ടാകുന്ന വിലവർധന നേരിട്ട് കേരള വിപണിയിലും പ്രതിഫലിക്കുകയാണ്.


വില ഉയരുമ്പോൾ പഞ്ചസാര കമ്പനികളുടെ ഓഹരികൾക്കും കുതിപ്പ്


സാധാരണക്കാരന് പഞ്ചസാര വാങ്ങാൻ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമ്പോൾ മറുവശത്ത് വൻകിട പഞ്ചസാര കമ്പനികളുടെ ഓഹരി വില കുതിക്കുകയാണ്. ആ​ഗസ്ത് 31ന് പഞ്ചസാര കമ്പനികളുടെ ഓഹരി വില 11 ശതമാനം വരെ ഉയർന്നു. ബൽറാംപുർ ചിനി മിൽസിന്റെ ഓഹരി പത്ത് ശതമാനത്തിലധികം ഉയർന്ന് 738 രൂപവരെ എത്തിയിരുന്നു. ശ്രീ രേണുക ഷുഗേഴ്സ് 5.44 ശതമാനവും ദാൽമിയ ഭാരത് ഷുഗർ 2.29 ശതമാനവും ഉയർന്നു. ത്രിവേണി എൻജിനീയറിങ്, മവാന ഷുഗേഴ്സ് എന്നിവയുടെയും ഓഹരി വില നാല് ശതമാനം വരെ കുതിച്ചു.


ആഭ്യന്തര-ആഗോള പഞ്ചസാര വില ഉയർന്നതോടെ മില്ലുകൾക്ക് വിൽപ്പനയിൽനിന്ന് കൂടുതൽ തുക ലഭിക്കുമെന്ന പ്രതീക്ഷയാണ് ഓഹരി കുതിപ്പിന് പ്രധാന കാരണമായി വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഉൽപ്പാദനം കുറയുമെന്ന പ്രതീക്ഷയും ഉത്സവകാല ആവശ്യകതയും വിപണിയിലെ ലഭ്യതക്കുറവും കമ്പനികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.


എഥനോളിലും കമ്പനികൾക്ക് ഉറപ്പുള്ള വരുമാനം


പഞ്ചസാര വിൽപ്പനയിലൂടെ മാത്രമല്ല കമ്പനികൾക്ക് നേട്ടമുണ്ടാവുന്നത്. കേന്ദ്രത്തിന്റെ ദേശീയ ജൈവ ഇന്ധന നയത്തിന്റെ ഭാഗമായി കരിമ്പും പഞ്ചസാര ഉൽപ്പന്നങ്ങളും എഥനോൾ നിർമാണത്തിലേക്ക് മാറ്റുന്നത് വലിയ മില്ലുകൾക്ക് മറ്റൊരു ഉയർന്ന വരുമാനമാർഗം തുറന്നിട്ടുണ്ട്. എണ്ണക്കമ്പനികൾക്ക് എഥനോൾ ഉറപ്പായി വാങ്ങേണ്ട സാഹചര്യമുള്ളതിനാൽ വലിയ ഡിസ്റ്റിലറി ശേഷിയുള്ള കമ്പനികൾക്ക് പഞ്ചസാരയ്ക്ക് പുറമെ എഥനോൾ, വൈദ്യുതി ഉൽപ്പാദനം എന്നിവയിലൂടെയും വരുമാനം നേടാനാകുന്നുവെന്ന് വിപണി വിദഗ്ധർ പറയുന്നു. പഞ്ചസാരയ്ക്ക് പുറമെ എഥനോൾ, വൈദ്യുതി ഉൽപ്പാദന മേഖലകളിലും പ്രവർത്തിക്കുന്ന ബൽറാംപുർ ചിനി, ത്രിവേണി എൻജിനീയറിങ്, ശ്രീ രേണുക ഷുഗേഴ്സ് തുടങ്ങിയ വൻകിട കമ്പനികളാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കളായി വിലയിരുത്തപ്പെടുന്നത്.


സവാള വിലയും കുതിക്കുന്നു


സവാളയിലും വിലക്കയറ്റം രൂക്ഷമാണ്. ലാസൽഗാവിൽ ശനിയാഴ്ച 38 രൂപയായിരുന്ന ശരാശരി മൊത്തവില തിങ്കളാഴ്ച 40 രൂപയും ചൊവ്വാഴ്ച 44 രൂപയുമായി. രണ്ട് വ്യാപാര ദിവസത്തിനിടെ 15.78 ശതമാനത്തിന്റെ വർധന. വിപണിയിലേക്കുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണമായി വ്യാപാരകേന്ദ്രത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്.


കേരളത്തിലും വില കുത്തനെ ഉയരുകയാണ്. സെപ്തംബർ ഒന്നിലെ സംസ്ഥാന ശരാശരി മൊത്തവിലയിൽ വലിയ സവാളയ്ക്ക് കിലോയ്ക്ക് 53 രൂപയായി. ചെറിയ സവാള കിലോയ്ക്ക് 97 രൂപയിൽനിന്ന് 101 രൂപയിലേക്ക് ഉയർന്നു. മൊത്തവിപണിയിൽ തന്നെ കിലോയ്ക്ക് 101 രൂപയാണ് ചെറിയ സവാളയുടെ ശരാശരി വില. പൊതുവിപണിയിലെത്തുമ്പോൾ ഉപഭോക്താവ് ഇതിലും കൂടുതൽ നൽകേണ്ടിവരും. സവാളയും പഞ്ചസാരയും ഒരേസമയം ഉയരുന്നത് കുടുംബങ്ങളുടെ ദൈനംദിന ചെലവിനെയാണ് നേരിട്ട് ബാധിക്കുന്നത്. പഞ്ചസാരയുടെ വിലക്കയറ്റത്തിൽ മില്ലുകളുടെ ഓഹരി മൂല്യവും വരുമാന സാധ്യതയും ഉയരുമ്പോൾ അതിന്റെ ഭാരം ഉപഭോക്താവിനാണ്. വിലക്കയറ്റത്തിനൊപ്പം വൻകിട പഞ്ചസാര കമ്പനികൾക്ക് പഞ്ചസാര, എഥനോൾ, വൈദ്യുതി എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽനിന്ന് വരുമാനം ഉറപ്പാകുന്ന സ്ഥിതിയാണ് കേന്ദ്രത്തിന്റെ നയങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home