ad
Deshabhimani

അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരിക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണം: മനുഷ്യാവകാശ കമ്മീഷൻ

Train

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 02, 2026, 06:21 PM | 2 min read

തിരുവനന്തപുരം : റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും വനിതാ യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.


ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതിനുശേഷം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണം നടത്തി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു.


തുക നൽകിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണം. തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ ജയസ്മിതയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്. 2023 ജൂലൈ 30 ന് 16348 നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്.


എസ് 4 കംപാർട്ട്മെന്റിൽ 41-ാം നമ്പർ ബർത്ത് അനുവദിക്കപ്പെട്ട യാത്രക്കാരി ബർത്തിലെത്തുമ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി മനസിലാക്കി. പരാതിയുമായി ടിടിഇയെ കണ്ടപ്പോൾ തന്റെ ടിക്കറ്റ് വെബിൽ കാൻസൽ ചെയ്തിട്ടുള്ളതായി ടിടിഇ അറിയിച്ചു. താൻ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും നേരിട്ടെടുത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.


തുടർന്ന് 500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടിടിഇ യാത്രക്കാരിയെ അറിയിച്ചു. എന്നാൽ യാത്രക്കാരിയുടെ കൈയിൽ പണമായി 500 രൂപ ഉണ്ടായിരുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ടിക്കറ്റ് കാൻസൽ ചെയ്തയാളുടെ വിവരങ്ങൾ ചോദിച്ചെങ്കിലും ടിടിഇ നൽകിയില്ല. അർദ്ധരാത്രിയായതിനാൽ ട്രെയിനിൽ നിന്നും ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടിടിഇ ചെവിക്കൊണ്ടില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.


തുടർന്ന് ട്രെയിൻ ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയും ചെയ്തു. കേസ് തെറ്റായി രജിസ്റ്റർ ചെയ്തതാണെന്ന് മനസിലായ ആർപിഎഫ് പിന്നീട് കേസ് പിൻവലിക്കുകയായിരുന്നു. യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി റിസർവേഷൻ ഫോമിൽ എഴുതിനൽകിയ മൊബൈൽ ഫോൺ നമ്പറിൽ ഒരക്കം

ബുക്കിംഗ് സൈറ്റിൽ മാറിയെന്ന് കണ്ടെത്തി.


ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട് മെസേജ് പോയത് മാറിയ നമ്പറിലേക്കാണ്. മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്തു. എന്നാൽ താൻ റിസർവേഷൻ ഫോമിൽ എഴുതിയത് തന്റെ നമ്പറാണെന്നും തെറ്റ് സംഭവിച്ചത് ബുക്കിംഗ് ക്ലാർക്കിനാണെന്നും പരാതിക്കാരി പറഞ്ഞു.


റെയിൽവെ ആക്റ്റിലെ സെക്ഷൻ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ആർപിഎഫ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ പേരിൽ സർക്കാരിലുണ്ടായിരുന്ന കരാർ ജോലി പരാതിക്കാരിക്ക് നഷ്ടമായിരുന്നു.


ഇതിനെതിരെ പരാതിക്കാരി സർക്കാരിന് അപേക്ഷ നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു, അപേക്ഷയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. നഷ്ടപരിഹാര തുക ആറാഴ്ചക്കകം നൽകിയില്ലെങ്കിൽ 8% പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home