അതിഥിത്തൊഴിലാളിയുടെ കൊലപാതകം: ഒരാൾ പിടിയിൽ

പ്രതീകാത്മക ചിത്രം
ചാലക്കുടി: കൊരട്ടിയിലെ അതിഥിത്തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പ്രതിയാണ് അറസ്റ്റിലായത്.
അസം ബസ്തി ജില്ലക്കാരനായ ഹക്കിംമാര്‍ദ്ദി(46)യാണ് കൊലപ്പെട്ടത്. കൊരട്ടിയിലെ താമസസ്ഥലത്ത് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടത്. ചൊവ്വ രാത്രി 9.45 ഓടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ടയാളും പ്രതിയും ഒരേ നാട്ടുകാരാണെന്ന് പൊലീസ് അറിയിച്ചു. കൊരട്ടി പോളിടെക്‌നിക് കോളേജിന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ കൊരട്ടിയിലെത്തിയത്. ഇതിന് സമീപത്തെ വാടക വീട്ടിലാണ് ഇവരടക്കമുള്ള 15 അംഗ സംഘം താമസിച്ചിരുന്നത്.
കൊല്ലപ്പെട്ട ഹക്കിംമാര്‍ദി പ്രതിയുടെ ജ്യേഷ്‌ഠഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചതില്‍ പ്രകോപിതനായ പ്രതി സമീപത്തുണ്ടായ മരക്കമ്പുപയോഗിച്ച് തലയ്‌ക്കടിച്ച് ബോധം കെടുത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ ഹാജരാക്കും. ചാലക്കുടി ഡിവൈഎസ്‌പി ജെ കുര്യാക്കോസ്, ചാലക്കുടി സിഐ കെ സി രതീഷ്, കൊരട്ടി എസ്ഐ വിഷ്ണു രാമചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.









0 comments