കാലാവസ്ഥാ വ്യതിയാനം: ഉത്തരവാദികളായ രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണം; നേപ്പാൾ

കാഠ്മണ്ഡു: പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. കാലാവസ്ഥാ വ്യതിയാനത്തിന് ഉത്തരവാദികളായ ഹരിതഗൃഹ വാതകം പുറന്തള്ളുന്ന രാജ്യങ്ങൾ എന്ന നിലയിലാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.
നേപ്പാൾ ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ വളരെ ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നതെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ രാജ്യം നേരിടുകയാണെന്ന് ഖനാൽ പറഞ്ഞു. ഹിമാനികൾ അതിവേഗം ഉരുകുന്നതും അതിനെ തുടർന്നുണ്ടാകുന്ന അതിശക്തമായ ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണെന്നും ചൂണ്ടിക്കാട്ടി.
പ്രളയാനന്തര പുനരധിവാസത്തിനും രാജ്യത്തെ പുനർനിർമിക്കുന്നതിനുമുള്ള സാമ്പത്തിക സഹായം കാരുണ്യമായി കാണരുതെന്നും നിയമപരവും ധാർമികവുമായ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും ഖനാൽ വ്യക്തമാക്കി. ഇതോടെ സഹായം സ്വീകരിക്കുക എന്ന സമീപനത്തിൽനിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന നിലപാടിലേക്ക് നേപ്പാൾ മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഹരിതഗൃഹ വാതകം പുറന്തള്ളുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈനയും അമേരിക്ക രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണെന്നും ഖനാൽ പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധിയിൽ ഉത്തരവാദിത്വമുള്ള ഈ രാജ്യങ്ങൾ ആഘാതം നേരിടുന്ന നേപ്പാൾ പോലുള്ള രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 26ന് ഭോട്ടെകോശി നദീതടത്തിൽ ഉണ്ടായ അതിശക്തമായ പ്രളയത്തെ തുടർന്നാണ് നേപ്പാളിൽ വൻ ദുരന്തമുണ്ടായത്. ഉയർന്ന പ്രദേശത്തെ ഹിമാനി ഉരകി വീണതിനെ തുടർന്ന് മഞ്ഞും പാറകളും ചെളിയും കലർന്ന ജലം അതിർത്തി പ്രദേശങ്ങളിലൂടെ താഴേക്ക് കുതിച്ചെത്തുകയായിരുന്നു. ദുരന്തത്തിൽ ഇതുവരെ 1,100ലേറെ മൃതദേഹങ്ങൾ കണ്ടെത്തിയതായും ഏകദേശം 4,500 പേരെ കാണാതായതായുമാണ് റിപ്പോർട്ടുകൾ. നിരവധി ഗ്രാമങ്ങളും വീടുകളും നിർണായക അടിസ്ഥാനസൗകര്യങ്ങളും പ്രളയത്തിൽ തകർന്നു.
കാലാവസ്ഥ ദുരന്തങ്ങളിലൂടെയുള്ള പ്രത്യാഘാതങ്ങൾക്ക് നഷ്ടപരിഹാരം എന്ന വിഷയത്തെക്കുറിച്ച് അന്താരാഷ്ട്ര വേദികളിൽ ശക്തമായി ഉന്നയിക്കാനാണ് നേപ്പാൾ ഒരുങ്ങുന്നത്. ഇതിനായി രാജ്യത്തിന്റെ ധനമന്ത്രാലയം സഖ്യ രാഷ്ട്രങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 26ലെ ദുരന്തത്തെ തുടർന്ന് അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് Fund for Responding to Loss and Damage ബോർഡിനെയും നേപ്പാൾ സമീപിച്ചു. കാലാവസ്ഥാ ദുരന്തങ്ങളാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനായി COP27ൽ സ്ഥാപിച്ച സംവിധാനമാണിത്. COP28 മുതൽ ഇത് പ്രവർത്തനക്ഷമമായി.
കാലാവസ്ഥ നീതിക്കും സമത്വത്തിനുമാണ് ഇന്ത്യ തുടർച്ചയായി ഊന്നൽ നൽകുന്നത്. രാജ്യങ്ങളുടെ ചരിത്രപരമായ കാർബൺ പുറന്തള്ളൽ, വികസന ആവശ്യങ്ങൾ, സാമ്പത്തിക ശേഷി എന്നിവ പരിഗണിച്ചായിരിക്കണം കാലാവസ്ഥാ ബാധ്യതകൾ നിശ്ചയിക്കേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.
കാലാവസ്ഥാ ദുരന്തങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന വികസ്വര രാജ്യങ്ങൾക്ക് ‘നഷ്ടപരിഹാരം’ നൽകുന്നതിനുള്ള അന്താരാഷ്ട്ര നയത്തെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. വികസിത രാജ്യങ്ങൾ കാലാവസ്ഥാ ആഘാതം നേരിടുന്ന രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകണമെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.
ഹിമാലയൻ ഹിമാനികൾ ഇതുപോലെ ഉരുകിത്തീർന്നാൽ ഗംഗ, ത്രിശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന ദക്ഷിണേഷ്യയിലെ 200 കോടിയിലേറെ ജനങ്ങളുടെ ജലസുരക്ഷയെ അത് ഗുരുതരമായി ബാധിക്കുമെന്നും നേപ്പാൾ മുന്നറിയിപ്പ് നൽകി. അതിനാൽ ഇത് നേപ്പാളിന്റെ മാത്രം വിഷയമല്ലെന്നും ദക്ഷിണേഷ്യയുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഖനാൽ വ്യക്തമാക്കി.








0 comments