പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ; മുംബൈയും വഡോദരയും വേദികൾ

മുംബൈ: പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി. അടുത്ത വർഷം ഫെബ്രുവരി 14 മുതൽ 28 വരെ മുംബൈയിലും വഡോദരയിലുമാണ് ട്വന്റി 20 ഫോർമാറ്റിൽ ടൂർണമെന്റ് നടക്കുക.
മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയവും വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയവുമാണ് മത്സരങ്ങൾക്ക് വേദിയാകുക. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആതിഥേയത്വം നഷ്ടമായെങ്കിലും ശ്രീലങ്കയും ഉൾപെട്ടിട്ടുണ്ട്.
ട്വന്റി 20 റാങ്കിങ്ങിൽ ജൂലൈ ആറിലെ യോഗ്യതാ കട്ടോഫിൽ ആദ്യ ആറ് ടീമുകളിൽ ഇടം നേടിയതാണ് ശ്രീലങ്കയ്ക്ക് യോഗ്യത നേടിക്കൊടുത്തത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് മറ്റ് ടീമുകൾ.
ബംഗ്ലാദേശ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ ആതിഥേയത്വ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ശേഷമാണ് ഇന്ത്യയെ പകരം വേദിയായി ഐസിസി തിരഞ്ഞെടുത്തത്.
ആറ് ടീമുകളും റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റിൽ ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫെബ്രുവരി 28 ന് ഫൈനലിൽ ഏറ്റുമുട്ടും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ സർക്കാർ ഇടപെടലിനെ തുടർന്നാണ് ആതിഥേയത്വ അവകാശം നഷ്ടമായത്.
സർക്കാർ നിയോഗിച്ച ഇടക്കാല ഭരണസമിതിയായ ‘ട്രാൻസ്ഫർമേഷൻ കമ്മിറ്റി’യാണ് നിലവിൽ ക്രിക്കറ്റ് ബോർഡിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയമായി നിയമിക്കപ്പെട്ട ഭരണസമിതികളെ അംഗീകരിക്കാത്ത ഐസിസി, ഈ സമിതി നിലവിൽ വന്നതിന് പിന്നാലെ ശ്രീലങ്കൻ പ്രതിനിധികളുടെ ബോർഡ് യോഗങ്ങളിലെ പങ്കാളിത്തവും അംഗീകരിച്ചിട്ടില്ല.









0 comments