ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം; 12 മരണം, ഓറഞ്ച് അലേർട്ട്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ പെട്ട് 12 മരണം. ഡെറാഡൂൺ, നൈനിറ്റാൾ, ബാഗേശ്വർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടങ്ങൾ പൂർണസജ്ജരായിരിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാൽ ഉടൻ തന്നെ നടപടിയെടുക്കാൻ രക്ഷാദൗത്യത്തെ സജ്ജമാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡെറാഡൂണിൽ, തിങ്കളാഴ്ച രാത്രി വൈകി ലോവർ കന്തോളിയിലെ പൗന്ധ റോഡിൽ കന്തോളി പാലത്തിന് സമീപം ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരു കാർ ഒഴുകിപ്പോയി. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ എസ്‌ഡിആർഎഫ് സംഘം കണ്ടെടുത്തു. ഡെറാഡൂൺ-മസൂരി ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു.
മസൂരിക്ക് സമീപമുള്ള ഭാഗങ്ങളിൽ തുടർച്ചയായി ഉരുൾപൊട്ടലുണ്ടാകുന്നുണ്ട്. ഋഷികേശിൽ ബിൻ നദി കവിഞ്ഞൊഴുകി. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിൽ ഭീതിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









0 comments