ഇന്ത്യ-ബ്രസീൽ ഫുട്ബോൾ പോരാട്ടം: ടിക്കറ്റ് വിൽപ്പന തുടങ്ങി മിനിറ്റുകൾക്കകം വൻ ഡിമാൻഡ്

ഇന്ത്യൻ ഫുട്ബോൾ ടീം (ഇടത്) ബ്രസീൽ ടീം (വലത്)| Photo:AP
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-ബ്രസീൽ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഓൺലൈൻ വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് ആരാധകർ ടിക്കറ്റുകൾ സ്വന്തമാക്കി. ബുധനാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച വിൽപ്പനയുടെ ആദ്യ 20 മിനിറ്റിനുള്ളിൽ കുറഞ്ഞ നിരക്കിലുള്ള ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
ഒക്ടോബർ മൂന്നിന് വൈകിട്ട് ഏഴിന് കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിലാണ് (സാൾട്ട് ലേക്ക് സ്റ്റേഡിയം) പോരാട്ടം നടക്കുന്നത്. സീനിയർ ദേശീയ ടീമുകളുടെ തലത്തിൽ ഇന്ത്യയും ബ്രസീലും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ സീനിയർ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നതും ഇതാദ്യമാണ്.
ഫിഫ റാങ്കിങ്ങിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലാണ് 1992ൽ ഫിഫ റാങ്കിങ് സംവിധാനം നിലവിൽ വന്നതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള എതിരാളി. ഇന്ത്യ നിലവിൽ 138-ാം സ്ഥാനത്താണ്.
സെപ്റ്റംബർ-ഒക്ടോബർ അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമായാണ് ഇന്ത്യ ബ്രസീലിനെ നേരിടുന്നത്. സെപ്റ്റംബർ 26ന് ബംഗളൂരുവിൽ പാനമയെയും സെപ്റ്റംബർ 29ന് കൊൽക്കത്തയിൽ കേപ് വെർഡെയെയും ഒക്ടോബർ ആറിന് കൊൽക്കത്തയിൽ ഉറുഗ്വായെയും ഇന്ത്യ നേരിടും.
ഡിസ്ട്രിക്ട് ബൈ സൊമാറ്റോ വഴിയാണ് ഇന്ത്യ-ബ്രസീൽ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന നടക്കുന്നത്. വിവിധ ഗാലറികൾക്കായി 999 രൂപ മുതൽ 15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. മത്സരം സോണി സ്പോർട്സ് നെറ്റ്‌വർക്ക് വഴി തത്സമയം സംപ്രേഷണം ചെയ്യും.










0 comments