നേപ്പാൾ പ്രളയത്തിൽ മരണം 1,204 ആയി; 4,216 പേരെ കാണാനില്ല

Image Credit : AFP
കാഠ്മണ്ഡു : നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 1,204 പേർ കൊല്ലപ്പെടുകയും 4,216 പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ട്. ഭോട്ടെകോഷി നദിക്കരയിലുള്ള തുരങ്കങ്ങളിലും ഭൂഗർഭ പവർഹൗസുകളിലും കുടുങ്ങിക്കിടക്കുന്ന ആളുകളിലേക്ക് എത്തിച്ചേരാൻ തിരച്ചിൽ സംഘങ്ങൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുണ്ടായ ഹിമാനി ഉരുകി വീണുണ്ടായ മിന്നൽ പ്രളയമാണ് നേപ്പാളിനെ പിടിച്ചു കുലുക്കിയത്.
നേപ്പാളിലെ ദുരന്തത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ശക്തമായി ഉന്നയിക്കണമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പാർലമെന്റിൽ പറഞ്ഞു. കാണാതായ നിരവധി പേരുടെ കുടുംബങ്ങൾ പ്രതീകാത്മക ശവസംസ്കാര ചടങ്ങുകൾ നടത്തി. അതേസമയം കാണാതായവരിൽ നൂറുകണക്കിന് വിദേശികൾ ഉണ്ട്.
നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ, മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ചിതാവാൻ ജില്ലയിൽ നിന്ന് 348, നവാൽപരസി കിഴക്ക് നിന്ന് 217, നവാൽപരസി പടിഞ്ഞാറ് നിന്ന് 202, നുവാക്കോട്ടിൽ നിന്ന് 155, റസുവയിൽ നിന്ന് 115, ഗൂർഖയിൽ നിന്ന് 69, ധാദിംഗിൽ നിന്ന് 60, തനാഹുവിൽ നിന്ന് 38 എന്നിങ്ങനെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായവരിൽ 583 പേർ വിദേശികളാണ്. നേപ്പാൾ സൈന്യം ഉൾപ്പെടെയുള്ള സംയുക്ത സുരക്ഷാ സംഘങ്ങൾ ഇതുവരെ 11,993 പേരെ ഹെലികോപ്റ്റർ വഴിയും, കരമാർഗത്തിലൂടെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 21,314 സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
ചൈനീസ് അതിർത്തിയിൽ, ടിബറ്റിലെ ഗൈറോങ് കൗണ്ടിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നതായും 541 പേരെ ഇപ്പോഴും കാണാനില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേപ്പാളിൽ ഏകദേശം 100 ചൈനീസ് പൗരന്മാരെ കാണാതായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കി.
1,113 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടവും നിയമപരമായ തിരിച്ചറിയൽ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായും 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും നേപ്പാൾ പൊലീസ് അറിയിച്ചു. കാണാതായവരെ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കുന്നതിനായി 911 തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നേപ്പാൾ പൊലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.










0 comments