ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസിയു മുറിയിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഡോ പ്രയാശ് സിംഗാളിനെയാണ് ബുധനാഴ്ച പുലർച്ചെ നാലോടെ ആശുപത്രി ജീവനക്കാർ പ്രതികരണശേഷിയില്ലാത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിൽ ആറ് വർഷമായി ജോലി ചെയ്തിരുന്ന ഡോ സിംഗാൾ ന്യൂറോളജി ഐസിയുവിലായിരുന്നു സേവനം ചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആശുപത്രിയിലെത്തിയ അദ്ദേഹം പിന്നീട് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മരുന്നും കുത്തിവയ്പ്പും സ്വീകരിച്ചിരുന്നു. തുടർന്ന് ഡോക്ടർമാരുടെ മുറിയിലേക്ക് പോയി.
പുലർച്ചെ നാലുമണിയോടെ ആശുപത്രി ജീവനക്കാർ ഐസിയു മുറിയിൽ അദ്ദേഹത്തെ പ്രതികരണശേഷിയില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
മരണകാരണം പോസ്റ്റ്മോർട്ടം ഫോറൻസിക് പരിശോധന എന്നിവയ്ക്ക് ശേഷമേ വ്യക്തമാകൂ. ആത്മഹത്യയാണോ മറ്റേതെങ്കിലും കാരണമാണോ എന്ന കാര്യത്തിൽ ഇപ്പോൾ നിഗമനത്തിലെത്താനാകില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ന്യൂറോളജി, കാർഡിയോളജി, എംഐസിയു വിഭാഗങ്ങളിലെ ഡോക്ടർമാർ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഡോ സിംഗാൾ മരിച്ച സമയം ആരും കണ്ടിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.









0 comments