സെപ്റ്റിക് ടാങ്കിൽ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷിച്ചു

കുണ്ടറ: വീടിനു സമീപം നടക്കുന്നതിനിയുടെ സ്ളാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട വയോധികയെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. മുളവന പുന്നത്തടം ചാമവിള വീട്ടിൽ മറിയാമ്മ കോശി (65) ആണ് സെപ്റ്റിക് ടാങ്കിൽ വീണത്. ബുധൻ പകൽ 12 മണിയോടെയാണ് സംഭവം.
വീട്ടുപരിസരത്ത് നടക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നു വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും കുണ്ടറ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ സംഘം അതി സാഹസീകമായാണ് വയോധികയെ പുറത്തെടുത്തത്.
ഇരുപത്തിയഞ്ചോളം അടി താഴ്ചയും നാലടി വ്യാസവും ഉള്ള ടാങ്കിനുള്ളിലെ വിഷവാതക സാധ്യതയും കനത്ത ദുർഗന്ധവും ഇടുങ്ങിയ സാഹചര്യവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയെങ്കിലും സംഘം ദൗത്യത്തിൽ വിജയിച്ചു. ടാങ്കിൽ നിന്ന് പുറത്തെടുത്ത വയോധികയ്ക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
വീഴ്ചയിൽ വയോധികയുടെ കാലിനു ഒടിവ് സംഭവിച്ചു. എഎസ്ടിഓ പി ബിനുകുമാർ, ഗ്രേഡ് എഎസ്ടിഓ എസ് ലെനിൻ, ടി അനീഷ്, എസ് സന്തോഷ്, നാസിം, ഹരീഷ് ലാൽ, ഗിരീഷ് കൃഷ്ണൻ, അജീബ്, ജയകൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.










0 comments