ad
Deshabhimani

കെഎംഎംഎൽ ധാതുമണൽ ക്ഷാമം; ഇടപെടാതെ സർക്കാർ

KMML KOLLAM

കെഎംഎംഎൽ

വെബ് ഡെസ്ക്

Published on Sep 02, 2026, 08:22 PM | 1 min read

കൊല്ലം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌ ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രവർത്തനത്തിന്‌ ആവശ്യമായ ധാതുമണൽ ലഭ്യമാക്കാൻ ഇടപെടാതെ സർക്കാർ.


കെഎംഎംഎല്ലിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇക്കും ലഭ്യമാക്കേണ്ടിയിരുന്ന കോടികൾ വിലവരുന്ന ധാതുമണൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ കടലിലേക്ക്‌ ഒഴുക്കിയത്‌ വിവാദമായിരുന്നു.


അസംസ്‌കൃത ധാതുമണലിന്റെ അപര്യാപ്‌തത കെഎംഎംഎല്ലിനെ പ്രതിസന്ധിയിലേക്ക്‌ നയിക്കുന്ന സാഹചര്യത്തിലാണിത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും കെഎംഎംഎൽ യൂണിയനുകളുടെ ഭാരവാഹിത്വം വഹിക്കുന്പോഴാണ്‌ ഇ‍ൗ അവഗണന.


കെഎംഎംഎൽ എംപ്ലോയീസ്‌ യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രി ഷിബു ബേബിജോൺ കെഎംഎംഎൽ എംഎസ്‌ യൂണിറ്റിലെ യുടിയുസി യൂണിയൻ പ്രസിഡന്റാണ്‌. ടിപി യൂണിറ്റ്‌ യുടിയുസി യൂണിയൻ പ്രസിഡന്റാണ്‌ എൻ കെ പ്രേമചന്ദ്രൻ എംപി. വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടിയും വിഷയത്തിൽ ഇടപെടുന്നില്ല.


ധാതുമണൽ വേർതിരിക്കുന്ന എംഎസ്‌ (മിനറൽ സെപ്പറേഷൻ) യൂണിറ്റിന്റെ പ്രവർത്തനത്തിന്‌ വർഷം അഞ്ചുലക്ഷം ടൺ ധാതുമണൽ ആവശ്യമാണ്‌. നിലവിൽ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന്‌ സമീപത്തുനിന്ന്‌ വർഷം 97000 ടണ്ണും അഞ്ചുമനയ്‌ക്കലിൽനിന്ന്‌ 37000 ടണ്ണും മണലാണ്‌ ഖനനംചെയ്യുന്നത്‌.


കോവിൽതോട്ടത്തെ ഖനനവും നിലച്ചു. ഇ‍ൗ സാഹചര്യത്തിൽ തോട്ടപ്പള്ളി സ്‌പിൽവേയിലെ ധാതുമണലിനെ ആശ്രയിച്ചാണ്‌ കെഎംഎംഎൽ പ്രവർത്തിക്കുന്നത്‌. പൊഴിയിൽ അടിഞ്ഞ ടൺ കണക്കിന്‌ ധാതുമണൽ ഉപയോഗപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത്‌ പ്രതിസന്ധി വർധിപ്പിച്ചു.


കരിമണൽ ഇറിഗേഷൻ വകുപ്പ്‌ കടലിലേക്ക്‌ ഒഴുക്കിവിട്ടു. കുട്ടനാട്ടിലെ വേലിയേറ്റത്തിനുമുന്പ്‌ തോട്ടപ്പള്ളിയിലെ ധാതുമണൽ കെഎംഎംഎല്ലിന്‌ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ നടപടിയുണ്ടായില്ല.


2020–25 കാലത്ത്‌ എൽഡിഎഫ്‌ സർക്കാർ ഏകദേശം 15ലക്ഷം ടൺ മണ്ണാണ്‌ തോട്ടപ്പള്ളിയിൽനിന്ന്‌ കെഎംഎംഎല്ലിനും ഐആർഇക്കും ലഭ്യമാക്കിയത്‌. കോവിൽതോട്ടത്തും പൊന്മനയിലും പുലിമുട്ടുകൾ സ്ഥാപിച്ച്‌ ബീച്ച്‌ വാഷിങ്ങിന്‌ സർക്കാർ അനുവാദം നൽകണമെന്നാണ്‌ ആവശ്യം. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത്‌ പദ്ധതി വ്യവസായ വകുപ്പ്‌ പരിഗണിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home