ad
Deshabhimani

പരിസ്ഥിതിലോല കരട്‌ വിജ്ഞാപനം; ആശങ്കയിൽ 2.5 ലക്ഷം തോട്ടം താഴിലാളികൾ

plantation workers
avatar
സ്വന്തം ലേഖകൻ

Published on Sep 02, 2026, 07:38 PM | 1 min read

കൊല്ലം : പരിസ്ഥിതിലോല കരട്‌ വിജ്ഞാപനത്തിൽനിന്നു തോട്ടങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കരുതൽ നിർദേശങ്ങൾ നടപ്പാക്കുന്പോൾ തോട്ടം മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന രണ്ടരലക്ഷത്തോളം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാകും.


പഴകിയ തോട്ടവിളകൾ വെട്ടിമാറ്റുന്പോൾ പുതിയവ വയ്ക്കാൻ പാടില്ല, രാസവളത്തിന്റെയും കീടനാശിനിയുടെയും പ്രയോഗം അനുവദിക്കില്ല, ഫാക്ടറികൾ പ്രവർത്തിക്കരുത്‌, വന്യമൃഗ ഭീഷണിയിൽനിന്നു രക്ഷനേടാൻ ഫെൻസിങ് ഇടാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ നടപ്പാക്കിയാൽ തോട്ടം മേഖലതന്നെ ഇല്ലാതാകും. സ്വകാര്യ മാനേജ്മെന്റുകൾക്ക്‌ തോട്ടങ്ങൾ അടച്ചിടാൻ വഴിയൊരുക്കും.


റബർ, കാപ്പി, തേയില, ഏലം, കുരുമുളക്, കശുവണ്ടി എന്നിവയുടെ ഉൽപ്പാദനം കുത്തനെ കുറയും. ഏലം, തേയില, കുരുമുളക്, കാപ്പി എന്നിവ വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന തോട്ടവിളകളാണ്‌. ഇന്ത്യക്കാവശ്യമായ റബറിന്റെ 85 ശതമാനവും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. റെയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നതും തോട്ടം മേഖലയാണ്.

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽനിന്ന്‌ തോട്ടം മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്‌ തൊഴിലാളികൾ സമരത്തിനൊരുങ്ങുകയാണ്‌.

തോട്ടങ്ങളിൽ 9ന്‌ പ്രതിഷേധം


കൊല്ലം : പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കരുതൽ നിർദേശങ്ങളുടെ പട്ടികയിൽനിന്നു തോട്ടം മേഖലയെ ഒഴിവാക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര,- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച്‌ ഒന്പതിന്‌ സംസ്ഥാനത്തെ തോട്ടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിൽ എല്ലാ തോട്ടം തൊഴിലാളികളും അണിനിരക്കണമെന്ന്‌ പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ എസ് ജയമോഹൻ, ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home