‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായ പുരസ്കാരനേട്ടം

കൽക്കത്തയിൽ മൂന്ന് പുരസ്കാരങ്ങൾ; സെന്റ് പീറ്റേഴ്സ്ബർഗിൽ മികച്ച സംവിധായകനുള്ള പുരസ്കാരം
കൊൽക്കത്ത: റിമ കല്ലിങ്കൽ നായികയായും സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ നേട്ടം തുടരുന്നു. ഇന്ത്യയിലും വിദേശത്തുമായി അടുത്തടുത്ത ദിവസങ്ങളിൽ നടന്ന രണ്ട് പ്രധാന ചലച്ചിത്രമേളകളിൽ നിന്ന് ചിത്രത്തിന് നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്.
കൽക്കത്തയിൽ മൂന്ന് പുരസ്കാരങ്ങൾ
അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ്ണ ഘോഷിന്റെ സ്മരണാർത്ഥം ആഗസ്ത് 27 മുതൽ 30 വരെ കൽക്കത്തയിൽ നടന്ന ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഛായാഗ്രഹണത്തിന് ശ്യാമപ്രകാശ് എംഎസ് മികച്ച ക്യാമറമാനുള്ള പുരസ്കാരവും സ്വന്തമാക്കി.
സെന്റ് പീറ്റേഴ്സ്ബർഗിൽ മികച്ച സംവിധായകനുള്ള പുരസ്കാരം
അതേസമയം, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ മിനിസ്ട്രി ഓഫ് കൾച്ചർ ഓഫ് ദി റഷ്യൻ ഫെഡറേഷൻ, സെന്റ് പീറ്റേഴ്‌സ്ബർഗ് ഗവർമെന്റ്, ലെൻഫിലിം ഫിലിം സ്റ്റുഡിയോ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽആഗസ്ത് 27 മുതൽ 31 വരെ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മത്സരിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബു സ്വന്തമാക്കി.
റഷ്യൻ ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനും എഴുത്തുകാരനുമായ ആൻഡ്രെയ് ക്രവ്ചുക് ആയിരുന്നു ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ജൂറി ചെയർമാൻ. ‘ദി ഇറ്റാലിയൻ ’ (2005), ‘അഡ്മിറൽ ’ (2008), ‘യൂണിയൻ ഓഫ് സാൽവേഷൻ’ (2019) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനാണ്.
റഷ്യൻ ഛായാഗ്രഹകൻ ഇല്യാ ഡ്യൂമിൻ, ജനപ്രിയ നടൻ യൂറിയ ഗൽത്സേവ് , ഗായകനും സെന്റ് പീറ്റേഴ്സ്ബർഗ് ചൈനീസ് കൾച്ചറൽ സെന്റർ ഹെഡുമായ പാൻ യിൻലൈ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
കഴിഞ്ഞ മാസം റഷ്യയിലെ പാക്‌സൊസിൽ നടന്ന വെസ്റ്റേൺ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ പുരസ്കാരം നേടിയിരുന്നു.
കൽക്കത്തയിലെ ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായിരുന്നു ‘തിയേറ്റർ’. സെന്റ് പീറ്റേഴ്സ്ബർഗിലെ ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യയിൽ നിന്ന് മത്സരിച്ച ഏക ചിത്രമെന്ന നേട്ടം ചിത്രത്തിനുണ്ടായിരുന്നു.
ഋതുരംഗം ഫിലിം ഫെസ്റ്റിവലിലെ പുരസ്കാര നിർണയ ജൂറിയുടെ ചെയർപേഴ്സൺ മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവും ഓസ്കർ അവാർഡ് കമ്മിറ്റിയിലെ അംഗവുമായ ശ്രീലേഖ മുഖർജിയായിരുന്നു.
രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ ഫിലിം മേക്കർ ശർമിഷ്ഠ മൈതി, രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ രാജ്ദീപ് പോൾ, പ്രശസ്ത ബംഗാളി സംവിധായിക ജയശ്രീ ഭട്ടാചാര്യ, സൗണ്ട് ഡിസൈനർ ഒലീവിയ ദാസ്, ഇൻഡിപെൻഡന്റ് ഡയറക്ടറും സ്കോളറുമായ സമൃത് റോ ചക്രബർത്തി എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ.
റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ചിത്രം, അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്. ഇന്ത്യയിലും വിദേശത്തുമായി തുടർച്ചയായി ലഭിക്കുന്ന അംഗീകാരങ്ങളിലൂടെ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ മലയാള സിനിമയുടെ അന്താരാഷ്ട്ര സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ്.










0 comments