ദുരിതബാധിതരോട് യുഡിഎഫ് അവഗണന; അടിയന്തര ധനസഹായമായ 10,000 രൂപ ഒരു മാസമായിട്ടും നൽകിയില്ല

തിരുവനന്തപുരം: ആഗസ്തിലുണ്ടായ പ്രളയത്തിൽ വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം ഒരു മാസം പിന്നിട്ടിട്ടും നൽകാതെ യുഡിഎഫ് സർക്കാർ. ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ വെള്ളം കയറിയ എല്ലാ വീടുകൾക്കും തുക നൽകുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം. എന്നാൽ സെപ്തംബർ രണ്ടായിട്ടും ദുരിതബാധിതർ സഹായത്തിനായി കാത്തിരിക്കുകയാണ്.
ആഗസ്ത് അഞ്ചിന് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രഖ്യാപനത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ അടിയന്തരസഹായം നൽകുമെന്നായിരുന്നു ഉറപ്പ്. വീടുകളിൽ വെള്ളം കയറി മാറിത്താമസിക്കേണ്ടിവന്ന കുടുംബങ്ങൾക്ക് വാടകയും റേഷൻ കാർഡിലെ രണ്ടുപേർക്ക് പ്രതിദിനം 300 രൂപ വീതവും നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഓണം കഴിഞ്ഞിട്ടും സഹായം കൈയിലെത്തിയില്ല.
ആഗസ്ത് 24 വരെയും ദുരിതബാധിതർക്കുള്ള 10,000 രൂപ വിതരണം ആരംഭിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ പ്രതിദിന 300 രൂപയും, വെള്ളം കയറി നശിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച 10,000 രൂപയും ലഭിച്ചിരുന്നില്ല. പ്രഖ്യാപനങ്ങൾക്ക് ആഴ്ചകൾ പിന്നിട്ടിട്ടും ദുരിതബാധിതർ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയിലായി.
മഴക്കെടുതിയിൽ സംസ്ഥാനത്താകെ 9,332 ഹെക്ടറിലെ കൃഷി നശിക്കുകയും 45,904 കർഷകരെ ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ കൃഷിനാശത്തിനുള്ള ധനസഹായം ലഭിക്കാതെ കർഷകരും പ്രതിസന്ധിയിലായി. പഴയ വിള ഇൻഷുറൻസ് കുടിശ്ശികയും നിലനിൽക്കുന്നതിനിടെയാണ് പുതിയ നഷ്ടം കൂടി വന്നത്. അപേക്ഷ നൽകാനുള്ള സമയപരിധി സെപ്തംബർ അഞ്ചുവരെ നീട്ടേണ്ടിവന്നതും നഷ്ടപരിഹാര നടപടികളുടെ മെല്ലെപ്പോക്ക് വ്യക്തമാക്കുന്നു.
2018ൽ കേരളം നേരിട്ടത് ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യാനാകാത്തത്ര വ്യാപകമായ മഹാപ്രളയമായിരുന്നു. സംസ്ഥാനത്തെ 54 ലക്ഷത്തിലധികം പേരെ ദുരന്തം നേരിട്ട് ബാധിച്ചു. എന്നിട്ടും എൽഡിഎഫ് സർക്കാർ 6.87 ലക്ഷം കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നൽകി.
പ്രളയത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിന് പിന്നാലെ ആഗസ്ത് 24 ആയപ്പോഴേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 242.47 കോടി രൂപ കുടുംബങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ആഗസ്ത് 26ന് 10,000 രൂപ സഹായത്തിന് അർഹരായവരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകുകയും പരാതി പരിഹാര സംവിധാനം ഒരുക്കുകയും ചെയ്തു.
മഴക്കെടുതിയുടെ ആദ്യ ദിവസങ്ങളിൽ തന്നെ സർക്കാരിന്റെ ഏകോപനക്കുറവും വിമർശനത്തിന് ഇടയാക്കിയിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ ദുരിതത്തിലായിരിക്കെ മുഖ്യമന്ത്രി നാലാം ദിവസമാണ് വിശദമായ വാർത്താസമ്മേളനവുമായി രംഗത്തെത്തിയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ആവശ്യമായ ഏകോപനവും അടിയന്തര ഇടപെടലും ഉണ്ടായില്ലെന്ന വിമർശനവും ഉയർന്നു.
പത്തനംതിട്ടയിൽ മൂഴിയാർ അണക്കെട്ട് തുറക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നും ഇതാണ് താഴ്ന്ന പ്രദേശങ്ങളിലെ നാശം രൂക്ഷമാക്കിയതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. 2018ൽ അണക്കെട്ട് തുറക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെട്ട മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നുവെന്നും ഇത്തവണ അതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.










0 comments