കെസിഎൽ ആവേശ ക്രിക്കറ്റ്: ഗോവിന്ദ് ദേവിന് സെഞ്ചുറി; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ്

ടീം ട്രിവാൻഡ്രം റോയൽസ്| Photo: Social Media
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ എട്ട് വിക്കറ്റിന് തകർത്ത് ട്രിവാൻഡ്രം റോയൽസ്. കൊച്ചി ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം ഗോവിന്ദ് ദേവ് പൈയുടെ അതിവേഗ സെഞ്ചുറിയുടെ കരുത്തിൽ 18.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ട്രിവാൻഡ്രം മറികടന്നു. 62 പന്തുകളിൽ നിന്ന് 11 ഫോറുകളും 4 സിക്സറുമടക്കം 108 റൺസോടെ ഗോവിന്ദ് ദേവ് പൈ പുറത്താകാതെ നിന്നു.
46 പന്തിൽ 68 റൺസ് നേടിയ കൃഷ്ണ പ്രസാദ് ഗോവിന്ദിന് മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത കൂട്ടുകെട്ടാണ് ട്രിവാൻഡ്രത്തിന്റെ വിജയം എളുപ്പമാക്കിയത്. കൊച്ചിക്കായി സാലി സാംസൺ, ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. 22 പന്തിൽ 47 റൺസ് നേടിയ ഉണ്ണികൃഷ്ണൻ മനുകൃഷ്ണനും, 29 പന്തിൽ 43 റൺസ് നേടിയ വിപുൽ ശക്തിയുമാണ് കൊച്ചിയുടെ ടോപ് സ്കോറർമാർ. സുരേഷ് സച്ചിൻ (33), എം മുഹമ്മദ് ആഷിക് (21), സാലി സാംസൺ (18), ആനന്ദ് സുനിൽ (18 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
ട്രിവാൻഡ്രത്തിനായി നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വിനോദ് കുമാർ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ബേസിൽ, നിഖിൽ മാലിക്, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.










0 comments