പാബ്സ്റ്റ് ബ്ലൂ ബിയർ ട്രക്ക് കാണാതായി; വൈറലായി കമ്പനിയുടെ 'സ്റ്റോളൻ' പോസ്റ്റ്

ലോസ് ആഞ്ചൽസ് : കാലിഫോർണിയയിൽ പാബ്സ്റ്റ് ബ്ലൂ റിബൺ ബിയറുമായി പോവുകയായിരുന്ന ഒരു ട്രക്ക് അപ്രത്യക്ഷമായതായി റിപ്പോർട്ട്. ആയിരക്കണക്കിന് ബിയർ ക്യാനുകളാണ് ട്രക്കിലുണ്ടായിരുന്നത്. അപ്രത്യക്ഷമായ ട്രക്ക് കണ്ടെത്താൻ ഇന്റർനെറ്റിന്റെ സഹായം തേടിയിരിക്കുകയാണ് പാബ്സ്റ്റ് ബ്രൂയിംഗ് കമ്പനി. ഏകദേശം18,144 കിലോഗ്രാം ബിയർ അടങ്ങിയ കണ്ടെയ്നർ മോഷ്ടാക്കൾ തെറ്റായ രേഖകൾ ഉപയോഗിച്ച് പിടിച്ചെടുത്തതായി ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള കമ്പനി സമൂഹമാധ്യമത്തിൽ ആരോപിച്ചു.
ആഗസ്റ്റ് 17ന് മോണ്ട്ക്ലെയറിലെ അൻഹ്യൂസർ-ബുഷ് വിതരണ കേന്ദ്രത്തിൽ നിന്നാണ് വ്യാജ രേഖകൾ നൽകി കണ്ടെയ്നറുമായി മോഷ്ടാക്കൾ കടന്നതെന്ന് പൊലീസ് പറഞ്ഞു. 25,000 ഡോളർ വിലമതിക്കുന്ന ബിയർ സാൻ ഡീഗോയിലേക്കുള്ളതായിരുന്നു.
“STOLEN - 40,000 lbs of beer” എന്ന ക്യാപ്ഷനോടെയാണ് പാബ്സ്റ്റ് ഇൻസ്റ്റാഗ്രാമിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് മോഷ്ടാവിനായി ഒരു കുറിപ്പും കമ്പനി പുറത്തിറക്കി. "മോഷ്ടാവിന്, നിങ്ങളുടെ സുഹൃത്തുക്കളോട് എത്ര പിബിആർ കൈയിലുണ്ടെന്ന് വീമ്പിളക്കാൻ ആഗ്രഹിക്കുന്നതിൽ ഞങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. മാന്യമായ രീതിയിൽ നിങ്ങൾക്കത് നേടിയെടുക്കാമായിരുന്നു." എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
അഭ്യർഥിക്കുന്നതിനുപകരം മോഷ്ടാവിന് കണ്ടെയ്നർ തിരികെ ഏൽപ്പിക്കാനുള്ള സമയപരിധിയും പാബ്സ്റ്റ് നൽകിയിട്ടുണ്ട്. ട്രക്ക് തിരികെ നൽകാൻ 18 ദിവസവും 44 മിനിറ്റുമാണ് മോഷ്ടാവിന് നൽകിയിരിക്കുന്നത്. അതുവരെ ട്രക്ക് കണ്ടെത്താൻ സഹായിക്കുന്നവർക്ക് കൃത്യമായി പാരിതോഷികം നൽകുമെന്നും കമ്പനി വ്യക്തമാക്കി. ഇതോടെ ബിയർ കണ്ടെയ്നർ കാണാതായതും, കമ്പനിയുടെ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആയിരക്കണക്കിന് ഉപയോക്താക്കൾ പാബ്സ്റ്റിന്റെ പോസ്റ്റിനോട് പ്രതികരിച്ചു. കാണാതായ കണ്ടെയ്നറിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പലരും തമാശ രൂപത്തിൽ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. “മോഷ്ടിച്ചത് ഞാനല്ല (നാളെ രാത്രി 10:00 മണിക്ക് എന്റെ വീട്ടിൽ പാർട്ടി).” എന്നതായിരുന്നു രസകരമായ ഒരു കമന്റ്. പാബ്സ്റ്റിന്റെ കണ്ടെയ്നർ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും രസകരമായ രീതിയിലാണ് പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.










0 comments