ad
Deshabhimani

അഗസ്ത്യമല സംരക്ഷിത വനമേഖലയിൽ നിന്ന് പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്നു; തമിഴ്നാട് സർക്കാരിനെതിരെ അഖിലേന്ത്യ കിസാൻ സഭ

aiks
വെബ് ഡെസ്ക്

Published on Sep 02, 2026, 05:17 PM | 1 min read

ന്യൂഡൽഹി : അഗസ്ത്യമല ബയോസ്ഫിയർ റിസർവിൽ നിന്ന് വനവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി അഖിലേന്ത്യ കിസാൻ സഭ. വനപരിപാലനത്തിൽ രാജ്യത്തിന്റെ കൊളോണിയൽ, ജനാധിപത്യവിരുദ്ധ പൈതൃകം മറനീക്കി പുറത്തുവരികയാണെന്ന് എഐകെഎസ് ആരോപിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ (എബിആർ) ഭാഗമായ മേഘമല-വരുസനാട് പ്രദേശങ്ങളിലെ വനഭൂമിയിൽ നിന്ന് പരമ്പരാഗത വനവാസികളെ ഒഴിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ ഇതിന്റെ തുടർച്ചയാണ്.


തേനി ജില്ലയിലെ 9 ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂരിഭാ​ഗവും കർഷകരായ 25,000ത്തോളം ആളുകളെയാണ് കുടിയിറക്കാനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥാപിതമായി നിയമലംഘനം നടത്തുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് അഖിലേന്ത്യാ കിസാൻ സഭ ആരോപിച്ചു. കാലങ്ങളായി വസിക്കുന്ന കർഷകരെ കൈയേറ്റക്കാർ എന്ന് മുദ്രകുത്തി,ഈ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാൻ തമിഴ്‌നാട് വനം വകുപ്പ് എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്.


ഈ വനമേഖലയിൽ വസിക്കുന്നവർ വനാവകാശ നിയമം (FRA) നിർവചിക്കുന്ന ‘പരമ്പരാഗത വനവാസികൾ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഈ മേഖല വനപ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇവർ ഇവിടെ താമസിക്കുകയും കൃഷി നടത്തുകയും ചെയ്തിരുന്നതായി ചരിത്രരേഖകൾ തെളിയിക്കുന്നുണ്ട്.


വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരസ്യമായ നിയമലംഘനവും നിയമനടപടികളോടുള്ള അവഗണനയും വനാവകാശ നിയമത്തെ അക്ഷരത്തിലും ആത്മാവിലും അട്ടിമറിക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഈ മേഖലയിൽ വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് തമിഴ്നാട് സർക്കാർ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. വനാവകാശ നിയമം യഥാർഥത്തിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് സുപ്രീം കോടതി ഉറപ്പാക്കണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.


നിയമത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ ചങ്ങാത്ത മുതലാളിത്തത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. വനാവകാശ നിയമം ശക്തിപ്പെടുത്തുന്നതിനും വനവാസികളുടെ നിയമവിരുദ്ധ കുടിയൊഴിപ്പിക്കലിനെ ചെറുക്കുന്നതിനും എല്ലാ ജനാധിപത്യ വിഭാഗങ്ങളും മുന്നോട്ടുവരണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home