പാഠപുസ്തകമാകുന്ന വിലാപയാത്ര


പുത്തലത്ത് ദിനേശൻ
Published on Jul 25, 2025, 11:18 PM | 4 min read
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ പുതിയ അധ്യായം രചിച്ചാണ് സഖാവ് വി എസ് അച്യുതാനന്ദന്റെ മൃതശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കെത്തിയത്. എന്തുകൊണ്ടാണ് ഒരു ജനതയാകമാനം ഇങ്ങനെ ഒഴുകിയെത്തിയതെന്ന് തിരിച്ചറിയണമെങ്കിൽ വി എസിന്റെ ജീവിതവും അത് ജനങ്ങൾക്കിടയിൽ ചെലുത്തിയ സ്വാധീനവും തിരിച്ചറിയേണ്ടതുണ്ട്.
പി കൃഷ്ണപിള്ള അഞ്ച് രൂപ നൽകി വി എസിനെ അയച്ചത് കുട്ടനാട്ടിലെ കറുത്ത മണ്ണിലേക്കായിരുന്നു. അധ്വാനിച്ച് എല്ല് മുറിയുമ്പോഴും ജീവിതത്തിന്റെ സൗഭാഗ്യങ്ങളിലേക്കൊന്നും എത്തിനോക്കാൻ പറ്റാത്ത കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനായിരുന്നു. അങ്ങനെ നിസ്വരായ ജനതയുടെ കണ്ണീരൊപ്പുന്നതായി വി എസിന്റെ ജീവിതം മാറി. കർഷകത്തൊഴിലാളികൾ മാത്രമല്ല, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കിടയിലും വി എസിന്റെ ഇടപെടൽ വ്യാപിച്ചു. ഈ വിലാപയാത്രയിൽ കണ്ണീർവാർത്തും വികാരനിർഭരമായും അണിനിരന്ന ഒരു വിഭാഗം ഈ മേഖലയിലെ തൊഴിലാളികളായിരുന്നു. അവരുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും വേദനയറിഞ്ഞ് അവ പരിഹരിക്കാൻ ഇടപെട്ട വി എസിനെ കാണാതിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വി എസിൽ ദേശീയപ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വവിരുദ്ധവും അഴിമതിവിരുദ്ധവും ആത്മസമർപ്പണത്തിന്റേതുമായ മൂല്യങ്ങൾ ഇഴുകിച്ചേർന്നിരുന്നു. ഇത്തരം മൂല്യങ്ങളെ സ്നേഹിച്ച കേരള ജനതയ്‌ക്ക് വി എസ് ആദർശാത്മകമായ വ്യക്തിത്വമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം വിഭാഗങ്ങളും വിലാപയാത്രയിലെ സജീവ സാന്നിധ്യമായി ഉയർന്നുനിന്നു.

ഓടിവന്ന് കുരിശു വരയ്‌ക്കുന്ന കന്യാസ്ത്രീകളെ പലയിടങ്ങളിലും കാണാനായി. കൈകൾ കൂപ്പിയും നിവർത്തിയും പ്രാർഥിക്കുന്ന വിശ്വാസികളും ഏറെ ഉണ്ടായിരുന്നു. വ്യത്യസ്ത മതവിശ്വാസികൾ അവരുടെ വിശ്വാസത്തിനനുസരിച്ച് വി എസിന് അന്തിമ അഭിവാദ്യം നൽകി. ബഹുസ്വരതയുടെ സമൂഹത്തിനായി പൊരുതിയ വി എസിനുള്ള അംഗീകാരംകൂടിയായിരുന്നു ഇത്. എല്ലാ മതവിശ്വാസികൾക്കും ഒന്നായി ജീവിക്കാൻ പറ്റുന്ന മതനിരപേക്ഷ സമൂഹത്തെക്കുറിച്ചുള്ള വി എസിന്റെ കാഴ്ചപ്പാടുകൾ എല്ലാ വിശ്വാസികളെയും ചേർത്തുനിർത്തുന്ന ഒന്നായിരുന്നു. രക്താഭിവാദ്യങ്ങൾക്കൊപ്പം, വിശ്വാസിയുടെ ഹൃദയത്തിൽനിന്ന് പൊട്ടിവിടർന്ന ആത്മബന്ധത്തിന്റെ അടയാളങ്ങൾ നിറയുന്ന വീഥികളിലൂടെയാണ് വിലാപയാത്ര കടന്നുപോയത്. രാത്രി മുഴുവൻ പകലായി മാറിയ അനുഭവമായിരുന്നു ഉണ്ടായത്.
ഐക്യകേരളത്തിനുവേണ്ടി പോരാടിയ വി എസ് ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായി എന്നും നിലകൊള്ളുകയും ചെയ്തു. ഭാഷാ സംരക്ഷണത്തിനായി വലിയ പ്രസ്ഥാനം രൂപപ്പെടുത്തണമെന്ന ഇ എം എസിന്റെ കാഴ്ചകളെ ഹൃദയത്തിലേറ്റു വാങ്ങുകയും അതിനായുള്ള സമരങ്ങളുമായി ഐക്യപ്പെടുകയും ചെയ്തു. ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഈ ഇടപെടൽ മണ്ണിൽ കാലുറപ്പിച്ച ഒരു വിപ്ലവകാരിയുടെ ജൈവികമായ പ്രതിരോധത്തിന്റെ ഭാഗമായി മാറുകയായിരുന്നു. മലയാള ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്നവരും വിലാപയാത്രയിൽ ഉണ്ടായിരുന്നു.
മുതലാളിത്തം പ്രകൃതിയെയും മനുഷ്യനെയും ചൂഷണം ചെയ്തുകൊണ്ടാണ് വളരുന്നതെന്ന് മാർക്സ് മൂലധനത്തിൽ പറയുന്നുണ്ട്. പരിസ്ഥിതിയുടെ ഈ രാഷ്ട്രീയത്തെ തന്റെ പ്രവർത്തനത്തിന്റെ അഭേദ്യ ഭാഗമായി വി എസ് മാറ്റി. പരിസ്ഥിതി പ്രശ്നം ജനകീയ അജൻഡയാക്കി മാറ്റുന്നതിന് പ്രായത്തെ അവഗണിച്ചും വി എസ് കടന്നുചെന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആശയതലങ്ങളിൽനിന്ന് പ്രായോഗികതലങ്ങളിലേക്ക് എത്തിച്ചത് വി എസിന്റെ ഇടപെടലായിരുന്നു. ഇതുമായി ബന്ധപ്പെട്ട എത്രയോ ഉദാഹരണങ്ങൾ വി എസിന്റെ ജീവിതത്തിൽനിന്ന് നമുക്ക് കണ്ടെത്താനാകും. പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിപക്ഷത്തുനിന്നുകൊണ്ട് പൊരുതാനുള്ള ആയുധം മാത്രമായിരുന്നുന്നില്ല വി എസിന്. ഭരണത്തിലെത്തിയപ്പോൾ നെൽവയൽ– -നീർത്തട സംരക്ഷണ നിയമം അവതരിപ്പിച്ചതിലൂടെ അതിനോടുള്ള ആത്മബന്ധം വി എസ് വ്യക്തമാക്കി. പരിസ്ഥിതി സ്നേഹികളുടെ വലിയ സാന്നിധ്യം ഈ യാത്രയിലുണ്ടായിരുന്നു.

മുതലാളിത്തം വളരുന്നത് ശാസ്ത്ര സാങ്കേതിക രംഗത്തെ ഉൽപ്പാദനരംഗത്ത് പ്രയോഗിച്ചും അതിന്റെ കുത്തകവൽക്കരണം ഉറപ്പുവരുത്തിയുമാണ്. ഇതിനെതിരെയുള്ള പ്രസ്ഥാനങ്ങളിലും വി എസ് സജീവമായി. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രതിരോധസാധ്യതകളെ തിരിച്ചറിഞ്ഞ് ഇടപെട്ട വ്യക്തിയായിരുന്നു വി എസ്. ഐടി മേഖലകളിലെ വർഗസമരത്തിന്റെ മുഖങ്ങളെ മനസ്സിലാക്കാനും ഇടപെടാനും വി എസ് ഏറെ ശ്രമിച്ചിരുന്നു.
അർധരാത്രി കഴിഞ്ഞിട്ടും വഴിയോരങ്ങളിൽ വെളിച്ചം തെളിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ കാത്തുനിൽക്കുന്നതുപോലെ ഓരോ വീടും ഉണർന്നിരിക്കുകയായിരുന്നു. അതിലേറെയും സ്‌ത്രീകളായിരുന്നു. സ്‌ത്രീകളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കുവേണ്ടി പൊരുതിയ വി എസ് അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വ്യഥകൾ തിരിച്ചറിഞ്ഞ നേതാവായിരുന്നു. നിറഞ്ഞ സ്‌ത്രീസാന്നിധ്യത്തിന്റെ അടിസ്ഥാനം ഇത്തരത്തിലുള്ള ഇടപെടൽകൂടിയായിരുന്നു.
നവസാമൂഹ്യ പ്രസ്ഥാനങ്ങൾ കൊണ്ടുനടക്കുന്ന പരിസ്ഥിതി, സ്‌ത്രീ, ഭാഷ തുടങ്ങിയവയിലെല്ലാം ജനകീയ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകളുമായി വി എസ് ഇടപെട്ടു. പുതിയ തലമുറയെ വി എസിനോട് ചേർത്തുനിർത്തിയതിന് ഇത്തരം ഘടകങ്ങളും ഇടയാക്കിയിട്ടുണ്ട്. വിലാപയാത്രയിലുടനീളം നിറഞ്ഞുനിന്ന പുതിയ തലമുറയുടെ സാന്നിധ്യം കേരളം അരാഷ്ട്രീയത്തിന്റെ വഴികളിലല്ല നീങ്ങുന്നതെന്ന ഓർമപ്പെടുത്തൽകൂടിയായി. എല്ലാത്തിനുമുപരിയായി വി എസ് പടുത്തുയർത്തിയ പാർടിയുടെ പ്രവർത്തകരും അനുഭാവികളും വിലാപയാത്രയിലുടനീളം മഹാസമുദ്രമായി നിറഞ്ഞ് തങ്ങളുടെ നേതാവിന് അഭിവാദ്യമർപ്പിച്ചു. കൂടുതൽ കരുത്ത് നേടി മുന്നോട്ടുപോകുന്നതിനുള്ള ഊർജമായി അത് മാറി.

കൈക്കുഞ്ഞുമായി എത്തിയ അമ്മമാരുടെയും ഒരു കണ്ണ് ശസ്‌ത്രക്രിയക്ക് വിധേയമായി മൂടിക്കെട്ടിയിട്ടും ആശുപത്രിയിൽനിന്ന് ഓടിയെത്തി ഒരു നോട്ടം വി എസിനെ കണ്ട് തൃപ്തിയടഞ്ഞ് പോയ അമ്മയുടെയും മുഖം മായാതെ മനസ്സിലുണ്ട്. കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞിനെയും പിടിച്ചിരിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഞങ്ങൾക്കുവേണ്ടി എത്രയോ രക്തം ചൊരിഞ്ഞ വി എസിന്റെ ത്യാഗത്തിനു മുന്നിൽ ഇതൊന്നുമല്ലെന്ന് ഓർമിപ്പിച്ചവരും വിലാപയാത്രയിലുണ്ടായിരുന്നു. വി എസിനെ കാണാൻ ഓടിയെത്തിയ കുട്ടികളെ വളന്റിയർമാരും പൊലീസും പൊക്കിയെടുത്ത് കാണിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുഖത്ത് തെളിയുന്ന വികാരം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കാലം കഴിയുമ്പോൾ അവർ പുതിയ തലമുറയ്‌ക്ക് ഈ അനുഭവങ്ങൾ കൈമാറാതിരിക്കില്ല. പൊട്ടിക്കരഞ്ഞവർ, അഭിവാദ്യമർപ്പിച്ചവർ, ദൃഢതയോടെ കൈകളുയർത്തിപ്പോയവർ വൈവിധ്യങ്ങളുടെ മഹാസാഗരമായിരുന്നു അഭിവാദ്യങ്ങൾ. പാതിരാനേരമായപ്പോൾ കൊല്ലം ജില്ലയിലൂടെ യാത്ര കടന്നുപോകുമ്പോൾ ആയിരങ്ങളാണ് ഓരോയിടത്തും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കാത്തുനിന്നത്. വി എസിന്റെ പലവിധ ചിത്രങ്ങൾ വിലാപയാത്രയിൽ ഞങ്ങൾക്ക് കിട്ടി. യാത്രയിൽ ഒപ്പമുണ്ടായിരുന്ന പാർടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നിർദേശപ്രകാരം അവയെല്ലാം പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്.
ജനതയുടെ രാഷ്ട്രീയമെന്നത് ജീവിതത്തിന്റെ സമസ്ത മേഖലയുടെയും സമന്വയമാണെന്ന് തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റായിരുന്നു വി എസ്. അതുകൊണ്ടുതന്നെ മാർക്സ് പറഞ്ഞതുപോലെ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതൊന്നും വി എസിന് അന്യമായിരുന്നില്ല. തങ്ങളുടെ ജീവിതത്തിന്റെ സാമീപ്യവും അനുഭവവുമായിത്തീർന്ന വി എസിനെ കാണുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന ബോധത്തിലേക്ക് കേരള ജനത എത്തിയത് അതുകൊണ്ടാണ്. വി എസിന്റെ വിലാപയാത്ര സമൂഹത്തിന്റെ എല്ലാ അടരുകളുടെയും സംയോജനമായി മാറുകയായിരുന്നു. എല്ലാ മേഖലയിലും നിറഞ്ഞുനിന്ന് ഇടപെട്ട വി എസിനുള്ള അംഗീകാരമായിരുന്നു അത്.
വലതുപക്ഷമാധ്യമങ്ങൾ എന്തുകൊണ്ടാണ് സിപിഐ എമ്മിനെതിരെ ഇല്ലാത്ത കഥകൾ മെനയുന്നത്. അതിന്റെ വേരുകൾ കിടക്കുന്നത് വർഗ രാഷ്ട്രീയത്തിന്റെ സമീപനങ്ങളിലാണ്.
കമ്യൂണിസ്റ്റ് പാർടി മുന്നോട്ടുവച്ച രാഷ്ട്രീയ സമീപനങ്ങളാണ് സമൂഹത്തെ മാറ്റിമറിക്കാനുള്ള കാഴ്ചപ്പാടും ഊർജവും വി എസിന് നൽകിയത്. താൻ രൂപീകരിച്ച പ്രസ്ഥാനത്തെ അന്ത്യംവരെ ഹൃദയത്തോട് ചേർത്തുപിടിച്ച വി എസിനെയാണ് പാർടിയിൽനിന്ന് അകറ്റിനിർത്തിക്കൊണ്ടുള്ള ചർച്ചകൾ രൂപപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത്. വലതുപക്ഷമാധ്യമങ്ങൾ എന്തുകൊണ്ടാണ് സിപിഐ എമ്മിനെതിരെ ഇല്ലാത്ത കഥകൾ മെനയുന്നത്. അതിന്റെ വേരുകൾ കിടക്കുന്നത് വർഗ രാഷ്ട്രീയത്തിന്റെ സമീപനങ്ങളിലാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ഏത് വഴിയാണ് ഉപയോഗിക്കാൻ പറ്റുകയെന്ന് നിശ്ചയിച്ച് അതനുസരിച്ച് വ്യാഖ്യാനങ്ങൾ ചമയ്‌ക്കുന്നതാണ് ഇവരുടെ രീതി. പാർടിയുടെ സമുന്നത നേതാക്കന്മാർ ജീവിച്ചിരിക്കുന്ന കാലത്ത് അവർക്കെതിരെ ഇല്ലാക്കഥകൾ മെനഞ്ഞെങ്കിൽ മാത്രമേ പാർടിയെ ദുർബലപ്പെടുത്താനാകൂ. അതിനായി അത്തരം കഥകൾ അക്കാലങ്ങളിൽ അവർ പ്രചരിപ്പിക്കും.
നേതാക്കൾ മരിച്ചു കഴിഞ്ഞാൽ അവർ ഉത്തമൻമാരായിരുന്നെന്നും അവരുടെ മരണത്തോടെ പാർടിതന്നെ തകർന്നെന്നും വാദങ്ങൾ നിരത്തും. ആ ഘട്ടത്തിൽ പാർടിയെ ദുർബലപ്പെടുത്താൻ അതാണ് വഴിയെന്ന നിഗമനമാണ് ഇതിന്റെ പിന്നിൽ. പുകഴ്‌ത്തലിനും ഇകഴ്‌ത്തലിനും ഒരേ ലക്ഷ്യമാണ്, കമ്യൂണിസ്റ്റ് പാർടിയെ ദുർബലപ്പെടുത്തുക എന്നതാണത്. മാർക്സ് ‘മൂലധന’ത്തിൽ മുതലാളിത്തത്തെ വിശകലനം ചെയ്യുമ്പോൾ, ലാഭം കിട്ടുമെങ്കിൽ മുതലാളിയെത്തന്നെ കെട്ടിത്തൂക്കുന്ന അതിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നുണ്ട്. ഇവിടെ കമ്യൂണിസ്റ്റ് പാർടിയെ ദുർബലപ്പെടുത്താൻ പറ്റുന്ന വഴി എന്താണോ അത് സ്വീകരിക്കുകയെന്നതാണ് ഇവരുടെ രീതി. ഇത്തരം പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നർഥം.
വി എസിന്റെ പേര് പറഞ്ഞ് വലതുപക്ഷ മാധ്യമങ്ങളിലിരുന്നുകൊണ്ട് പാർടിയെ അധിക്ഷേപിക്കുന്ന ഒരു വിഭാഗമുണ്ട്. വി എസിനെതിരെ ഈ മാധ്യമങ്ങൾ ചൊരിഞ്ഞ കള്ളക്കഥകളെക്കുറിച്ച് ഇക്കൂട്ടർ മിണ്ടാറില്ല. ഇവർ ശ്രമിക്കുന്നത് വി എസിനോടുള്ള സ്നേഹം നടിച്ച് വി എസ് കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ്. മറക്കാനാകാത്ത ഒരുപാട് അധ്യായങ്ങൾ രചിച്ചുകൊണ്ടാണ് വി എസിന്റെ വിലാപയാത്ര കടന്നുപോയത്. ആ അനുഭവങ്ങൾ ഭാവി പ്രവർത്തനങ്ങൾക്കുള്ള ഊർജംകൂടിയാണ്.














