ad
Deshabhimani

Articles

US Venezuela conflict

സാമ്പത്തിക യുദ്ധം മറച്ചുവച്ച്‌ മാധ്യമങ്ങൾ

venezuela
avatar
എ ശ്യാം

Published on Jan 05, 2026, 11:30 PM | 2 min read


കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നതിന്റെ നൂറിരട്ടി തീവ്രതയിലാണ്‌ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിവരുന്ന സാമ്പത്തികയുദ്ധം. ഐക്യരാഷ്‌ട്ര സംഘടന വെനസ്വേലയ്‌ക്കെതിരെ ഒരു ഉപരോധം പോലും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും അമേരിക്കയും പാശ്ചാത്യ ശിങ്കിടിരാഷ്‌ട്രങ്ങളും ഏകപക്ഷീയമായി ആയിരത്തിലധികം ഉപരോധങ്ങളാണ്‌ അടിച്ചേൽപിച്ചത്‌. ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ ഡോണൾഡ്‌ ട്രംപ്‌ താരിഫ്‌ ചുമത്തിയപ്പോൾ ഇവിടെയുണ്ടായ പ്രതിസന്ധി ഓർക്കുമ്പോൾ ഊഹിക്കാവുന്നതേയുള്ളൂ എത്ര ഭീകരമായ സാമ്പത്തിക യുദ്ധമാണ്‌ അമേരിക്ക ആ തെക്കനമേരിക്കൻ രാജ്യത്തിനെതിരെ നടത്തുന്നതെന്ന്‌. ​


യുഎൻ അനുമതിയില്ലാതെ ഏകപക്ഷീയമായി പാശ്ചാത്യ രാഷ്‌ട്രങ്ങൾ അടിച്ചേൽപിച്ച ഉപരോധങ്ങൾ മൂലം വെനസ്വേലയുടെ ജിഡിപിയിൽ 70,000 കോടി ഡോളറിന്റെ (63 ലക്ഷം കോടിയിലധികം രൂപ) നഷ്‌ടം ഉണ്ടായതായാണ്‌ 2024 മാർച്ചിൽ വൈസ്‌ പ്രസിഡന്റ്‌ (ഇപ്പോൾ ഇടക്കാല പ്രസിഡന്റ്‌) ഡെൽസി റോഡ്രിഗസ്‌ പറഞ്ഞത്‌. കൂടാതെ അതുവരെ അന്താരാഷ്‌ട്ര ബാങ്കുകളിൽ വെനസ്വേലയ്‌ക്കുള്ള 2200 കോടി ഡോളറിന്റെ ആസ്‌തി മരവിപ്പിക്കുകയും ചെയ്‌തു. 2017ൽ ട്രംപ്‌ അധികാരമേറ്റശേഷം 2024 ഡിസംബർവരെ യുഎസ്‌ ഉപരോധംമൂലം വെനസ്വേലൻ എണ്ണവ്യവസായ മേഖലയ്‌ക്ക്‌ മാത്രം 22600 കോടി ഡോളറിന്റെ നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ്‌ കഴിഞ്ഞവർഷം ഗ്ലോബൽ സൗത്ത്‌ ഇൻസൈറ്റ്‌സ്‌ ആൻഡ്‌ ട്രൈകോണ്ടിനെന്റൽ കണക്കാക്കിയത്‌.​


venezuela


2002ൽ ഹ്യൂഗോ ഷാവേസിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസായ എണ്ണക്കമ്പനികളെ സ്‌തംഭിപ്പിച്ച്‌ ജനങ്ങളെ ദുരിതത്തിലാക്കാനാണ്‌ അമേരിക്കൻ പിന്തുണയോടെ വലതുപക്ഷം ശ്രമിച്ചത്‌. എണ്ണശുദ്ധീകരണശാലകൾ നശിപ്പിച്ച്‌ ഊർജപ്രതിസന്ധിയുണ്ടാക്കാൻ ശ്രമിച്ചതിന്‌ പുറമേ കന്നുകാലികളെ കൂട്ടക്കശാപ്പ്‌ നടത്തിയും കോടിക്കണക്കിന്‌ ലിറ്റർ പാൽ നിലത്തൊഴുക്കി നശിപ്പിച്ചും ഭക്ഷ്യക്ഷാമവുമുണ്ടാക്കി. ‘എണ്ണഭീകരത’ എന്ന്‌ ഷാവേസ്‌ വിശേഷിപ്പിച്ച പണിമുടക്ക്‌ മൂലം 1000 കോടി ഡോളറിന്റെ നഷ്‌ടമാണ്‌ വെനസ്വേലയ്‌ക്കുണ്ടായത്‌.​


2005ലാണ്‌ അമേരിക്ക ആദ്യമായി വെനസ്വേലയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്‌. ജോർജ്‌ ബുഷിന്റെ ‘മയക്കുമരുന്നുവിരുദ്ധ– ഭീകരവിരുദ്ധ’ നടപടികളോട്‌ സഹകരിക്കുന്നില്ല എന്നാരോപിച്ചായിരുന്നു നടപടി. ബുഷിന്‌ ശേഷം യുഎസ്‌ പ്രസിഡന്റായ ബറാക്‌ ഒബാമയും ഭരണത്തിന്റെ അവസാനകാലത്ത്‌ ഉപരോധം കടുപ്പിച്ചു. ഷാവേസിന്റെ അകാലമരണത്തെ തുടർന്നുണ്ടായ സാഹചര്യം മുതലാക്കി ഭരണമാറ്റത്തിനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു അത്‌. 2017ൽ ആദ്യമായി അധികാരമേറ്റ ട്രംപ്‌ ഉപരോധം കടുപ്പിച്ചപ്പോൾ മരുന്നുകൾ കിട്ടാതെയും മറ്റും 40000 പേരെങ്കിലും രണ്ട്‌ വർഷത്തിനകം മരിച്ചതായാണ്‌ അമേരിക്കൻ സാമ്പത്തിക ശാസ്‌ത്രജ്ഞരായ മാർക്‌ വെയ്‌സ്‌ബ്രാട്ടും ജെഫ്രി സാക്‌സും കണക്കാക്കിയത്‌. അറ്റ്‌ലാന്റിക്‌ കൗൺസിൽ 10 മാസം മുമ്പ്‌ പുറത്തുവിട്ട പട്ടികയനുസരിച്ച്‌ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കാനഡയും ചേർന്ന്‌ നാന്നൂറിലധികം വ്യക്തികൾക്ക്‌ വെനസ്വേലയുമായി ബന്ധപ്പെട്ട്‌ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ നൂറുകണക്കിന്‌ സ്ഥാപനങ്ങളെയും ആസ്‌തികളെയും ഉപരോധക്കുരുക്കിലാക്കിയിട്ടുണ്ട്‌. ​


trump


എന്നാൽ രണ്ട്‌ പതിറ്റാണ്ടിലധികമായി വെനസ്വേലയ്‌ക്കെതി‍രെ അമേരിക്ക നടത്തിവരുന്ന ഇ‍ൗ സാമ്പത്തികയുദ്ധം കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ അറിഞ്ഞമട്ടില്ല. വെനസ്വേലയിലെ അമേരിക്കൻ തെമ്മാടിത്തത്തെക്കുറിച്ച്‌ ചില മലയാള പത്രങ്ങൾ മുഖപ്രസംഗത്തിലൂടെ പ്രതികരിച്ചെങ്കിലും മലയാള മനോരമ അതിനുപോലും തയ്യാറായില്ല.


അമേരിക്കൻ പണംപറ്റി കേരളത്തിലെ വലതുപക്ഷം നടത്തിയ കുപ്രസിദ്ധമായ ‘വിമോചനസമര’ത്തിന്റെ വേളയിൽ പ്രധാനമന്ത്രി ജവഹർലാൻ നെഹ്‌റു കേരളം സന്ദർശിച്ചപ്പോൾ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതുന്നിടത്തോളം പരിഹാസ്യമായിരുന്നു മനോരമയുടെ നിലപാട്‌ എന്നോർക്കണം. ഇ എം എസ്‌ സർക്കാരിനെ അട്ടിമറിക്കേണ്ടതിന്റെ ആവശ്യം നെഹ്‌റുവിനെ ബോധ്യപ്പെടുത്താനായിരുന്നു ആ അധഃപതനം. ആഗോളമായി കമ്യൂണിസ്റ്റ്‌ വിരുദ്ധ ‘കുരിശുയുദ്ധ’ത്തിന്‌ സിഐഎ രൂപീകരിച്ച മോറൽ റീ ആർമമെന്റ്‌ മൂവ്‌മെന്റ്‌ (എംആർഎ) അന്ന്‌ കേരളത്തിലും സജീവമായിരുന്നു. ഇ എം എസ്‌ സർക്കാരിനെ അട്ടിമറിച്ചശേഷം അമേരിക്കയിൽ എംആർഎ ആസ്ഥാനം സന്ദർശിച്ച മനോരമ പത്രാധിപർ കെ എം ചെറിയാൻ ആ സിഐഎ സംഘടനയുടെ ഏഷ്യയിലെ പ്രധാനകേന്ദ്രം കേരളത്തിലാക്കാൻ ക്ഷണിക്കുകപോലുമുണ്ടായി.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home