വിദ്യാവാഹിനി പദ്ധതി ഇഴയുന്നു
വിദൂര സ്‌കൂളുകളിൽ എത്താനാകാതെ ആദിവാസിക്കുഞ്ഞുങ്ങള്‍

സ്വന്തം ലേഖകൻ
Published on Jul 22, 2026, 02:09 AM | 2 min read
കൊല്ലം
സ്‌കൂൾ തുറന്ന് ഒന്നരമാസമായിട്ടും ഉന്നതികളിലെ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി പൂർണമായും നടപ്പാക്കുന്നില്ല. ചെറുകര, വില്ലുമല, കടമാൻകോട് തുടങ്ങിയ ഉന്നതികളിലെ കുട്ടികളാണ് ദൂരെയുള്ള സ്‌കൂളുകളിൽ പോകാനാകാതെ വലയുന്നത്. ഉന്നതികളിലെ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി ജില്ലയിൽ താളംതെറ്റിയിട്ടും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് നടപടിയെടുക്കുന്നില്ല. ഉന്നതികളിൽനിന്ന് അടുത്തുള്ള സ്‌കൂളുകളിലേക്കു പോകാൻ കുട്ടികൾക്ക് വാഹനം ലഭിക്കുന്നുണ്ട്. എന്നാൽ, ദൂരെയുള്ള സ്‌കൂളുകളിലേക്ക് വാഹനം വിട്ടുകൊടുക്കുന്നില്ല. ചെറുകര, വില്ലുമല ഉന്നതികളുടെ അനുഭവമാണ് മറ്റിടങ്ങളിലുമുള്ളത്. ചെറുകര, വില്ലുമല, കടമാൻകോട് ഉന്നതികളിലെ കുട്ടികൾ യുപി, ഹൈസ്‌കൂൾ പഠനത്തിനു പോകുന്നത് ചന്ദനക്കാവ് സെന്റ് മേരീസ് യുപി സ്‌കൂളിലും ബിഎംജി ഹൈസ്‌കൂളിലുമാണ്. എന്നാൽ, ഇൗ സ്‌കൂളുകളിലേക്ക് വാഹനസൗകര്യമില്ല. കടമാൻകോട് എൽപി സ്‌കൂളിലേക്ക് മാത്രമാണ് വാഹനം വിട്ടുകൊടുത്തിട്ടുള്ളത്. വിദ്യാവാഹിനി പദ്ധതിയിൽപ്പെടുത്തി പുതിയ അധ്യയന വർഷത്തിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ ആണ് നേരത്തെ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, യുഡിഎഫ് സർക്കാർ വന്നിട്ട് ഒന്നരമാസം പിന്നിട്ടിട്ടും അതിനുള്ള നടപടിയില്ല. ഫണ്ട് അനുവദിക്കാൻ എസ്‌ടി ഡയറക്ടറേറ്റും മറന്നു. പരാതി ഉയർന്നിട്ടും പട്ടികജാതി പട്ടികവർഗ വികസന മന്ത്രിയും നടപടിക്ക് മുതിർന്നില്ല. ഉന്നതികളിലെ പഠനമുറികളിൽ കുട്ടികളെ എത്തിക്കാനും വാഹനസൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ട്യൂട്ടർ അഭിമുഖം നടന്നില്ല, ട്യൂഷനും മുടങ്ങുമോ? പുതിയ അധ്യയന വർഷം തുടങ്ങിയിട്ടും ഉന്നതികളിലെ ട്യൂഷൻ സെന്ററുകളിലേക്കുള്ള പാർട്ട് ടൈം ട്യൂട്ടർമാരുടെ അഭിമുഖവും ഇതുവരെ നടന്നിട്ടില്ല. വൈകിട്ട് സ്‌കൂൾ വിട്ടുവരുന്ന കുട്ടികൾക്കു ലഭിച്ചിരുന്ന ട്യൂഷൻ പലയിടത്തും നിലച്ചു. മിക്ക ഉന്നതികളിലും പഠനമുറിക്കൊപ്പം ട്യൂഷൻ സെന്ററുകളുമുണ്ട്. പഠനമുറിയിൽ എത്താത്ത കുട്ടികൾ അധികവും വീടിന് സമീപത്തെ ഉന്നതി ട്യൂഷൻ സെന്ററുകളിലാണ് ട്യൂഷന് എത്തിയിരുന്നത്. വീട് നിർമാണം തുലാസിൽ ഉന്നതികളിൽ അനുവദിച്ചിട്ടുള്ള പുതിയ വീടിന്റെ നിർമാണവും പഴയ വീടുകളുടെ അറ്റകുറ്റപ്പണിയും നിലച്ചു. പുതിയ വീടിനും പഴയ വീടിന്റെ അറ്റകുറ്റപ്പണിക്കും ബോണ്ട് വച്ചിട്ടുണ്ടെങ്കിലും ആദ്യഗഡു നൽകിയിട്ടില്ല. ഇതുമൂലം ഉണ്ടായിരുന്ന കൂരകൾ പൊളിച്ചിട്ട ആദിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അതുപോലെ മിശ്രവിവാഹിതരായി ജീവിതക്ലേശം അനുഭവിക്കുന്നവർക്ക് നൽകിയിരുന്ന സഹായവും നിന്നു. മിശ്രവിവാഹത്തിൽ ഏർപ്പെടുന്ന പുരുഷനോ സ്‌ത്രീയോ ആരെങ്കിലും ഒരാൾ ആദിവാസി വിഭാഗത്തിൽപ്പെട്ടതാണെങ്കിൽ ഇൗ സഹായം ലഭിക്കും. സ്വയം തൊഴിൽ ഉൾപ്പെടെ കണ്ടെത്തുന്നതിനുള്ള സഹായമായി 75,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകാൻ എല്‍ഡിഎഫ് സർക്കാർ ആണ് തീരുമാനിച്ചത്. ഉന്നതികളിലെ ഗർഭിണികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനുള്ള നടപടിയും എങ്ങുമെത്തിയില്ല. മഴക്കാല കിറ്റ് വിതരണം ഏറെ വൈകി ആരംഭിച്ചിട്ടുണ്ട്.










0 comments