ad
Deshabhimani

Articles

ഇറാനെതിരായ യുദ്ധത്തിൽനിന്ന്‌ "വിജയപരിവേഷ'ത്തോടെ തലയൂരാൻ കഴിയാതെ വിഷമിക്കുന്ന ട്രംപിനെയാണ് നമുക്ക് കാണാനാകുന്നത്.

ട്രംപിനും ഉറ്റതോഴനും ലക്ഷ്യം സ്വന്തം നിലനിൽപ്പ്‌

benjamin netanyahu donald trump Image Credit: Reuters
avatar
വി ബി പരമേശ്വരൻ

Published on Aug 13, 2026, 01:30 AM | 3 min read

പശ്ചിമേഷ്യയിൽ അമേരിക്കൻതന്ത്രം പാളുകയാണോ? ഇറാനെതിരായ യുദ്ധത്തിൽനിന്ന്‌ "വിജയപരിവേഷ'ത്തോടെ തലയൂരാൻ കഴിയാതെ വിഷമിക്കുന്ന ട്രംപിനെയാണ് നമുക്ക് കാണാനാകുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിക്കുമ്പോൾ നാല്‌ ലക്ഷ്യങ്ങളാണ് ട്രംപ് പ്രധാനമായും മുന്നോട്ടുവച്ചിരുന്നത്. അമേരിക്കയ്ക്ക് അനുകൂലമായ ഭരണമാറ്റം, ഇറാന്റെ ആണവപദ്ധതി തകർക്കൽ, മിസൈൽശേഷിയും സൈനിക അടിത്തറയും പൂർണമായും ഇല്ലാതാക്കൽ, ഹമാസ്– ഹൂതി– ഹിസ്‌ബുള്ള എന്നിവർക്ക് ഇറാൻ നൽകുന്ന സഹായം നിർത്തലാക്കൽ എന്നിവയായിരുന്നു ആ ലക്ഷ്യങ്ങൾ. അഞ്ചുമാസമായി നീളുന്ന യുദ്ധത്തിൽ ഇതിൽ ഒന്നുപോലും നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം ട്രംപ് പറഞ്ഞത്, ആണവശേഷി നശിപ്പിക്കാതെതന്നെ ഇറാനെ തോൽപ്പിക്കാൻ കഴിഞ്ഞുവെന്നാണ്. 2025 ജൂണിൽ ഇറാനെതിരെ നടത്തിയ ആക്രമണവേളയിൽ ട്രംപ് പറഞ്ഞത്, ഇറാന്റെ ആണവശേഷി തുടച്ചുനീക്കിയെന്നാണ്. അതിന് തീർത്തും കടകവിരുദ്ധമായ പ്രസ്താവനയാണ് കഴിഞ്ഞദിവസം ട്രംപ് നടത്തിയത്. ഇപ്പോൾ ട്രംപ് ഉയർത്തുന്ന പ്രധാന ആവശ്യം ലോക എണ്ണ, -പ്രകൃതിവാതക വാണിജ്യത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാന്റെ പ്രഖ്യാപിതനിയന്ത്രണമില്ലാതെ തുറന്നുകൊടുക്കണമെന്നുമാത്രമാണ്. അമേരിക്ക അവർ അട്ടിമറിക്കാൻ ലക്ഷ്യമിട്ട ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തോട് സന്ധിക്കായി കേഴുന്നതാണ്‌ നാം ഇപ്പോൾ കാണുന്നത്. വാണിജ്യ കപ്പലുകൾ സ്വതന്ത്രമായി സഞ്ചരിച്ചിരുന്ന ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാക്കി എന്നതുമാത്രമാണ് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന്റെ ഫലം. അമേരിക്കയ്ക്കുമേൽ ഇറാന് വിജയിക്കാൻ കഴിഞ്ഞത് പ്രധാനമായും, ഹോർമുസിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കാൻ അവർക്ക്‌ സാധിച്ചതും യുദ്ധത്തെ പ്രാദേശികസംഘർഷമായി വളർത്താൻ കഴിഞ്ഞതുമാണ്. കഴിഞ്ഞദിവസങ്ങളിൽ ജോർദാൻ, ഇറാഖ്‌, സിറിയ എന്നിവിടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചതും ഹൂതികൾ സൗദി അറേബ്യയെ ലക്ഷ്യമാക്കിയതും ഇറാന്റെ ആക്രമണശേഷി തളർന്നിട്ടില്ലെന്നതിന്റെ വിളംബരമാണ്. അമേരിക്ക ഇറാനുമായി വെടിനിർത്തലിന് ആഗ്രഹിക്കുമ്പോൾ അവർ യുദ്ധം പുതിയ മേഖലകളിലേക്ക് പടർത്തി അമേരിക്കയെ ഉലയ്ക്കുകയാണ്. വെടിനിർത്തൽ കരാറിലെത്തണമെങ്കിൽ മേഖലയിൽനിന്ന്‌ അമേരിക്കൻ സൈന്യം പിന്മാറണം, അമേരിക്കൻ ആക്രമണത്തിൽ ഇറാനുണ്ടായ നഷ്ടം പരിഹരിക്കാൻ വാഷിങ്‌ടൺ തയ്യാറാകണം, മരവിപ്പിച്ച ഇറാന്റെ പണം തിരിച്ചുനൽകണം, നാലരപ്പതിറ്റാണ്ടായി തുടരുന്ന ഉപരോധം പിൻവലിക്കണം എന്നിങ്ങനെ ഇറാൻ ആവശ്യപ്പെട്ടത് അമേരിക്കയെ വല്ലാത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.


ഏറ്റവും അവസാനമായി പുറത്തുവന്ന വാർത്ത ട്രംപിന്റെ മാനംകെടുത്തുന്നതാണ്. അടുത്തയിടെ നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തശേഷം തുർക്കിയയിൽനിന്ന്‌ ട്രംപ് മടങ്ങിയത് പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിലല്ല; മറിച്ച് മറ്റൊരു സൈനിക വിമാനത്തിലായിരുന്നത്രേ. ഇറാന്റെ ഭീഷണിയെ തുടർന്നാണ് എയർഫോഴ്സ് വൺ ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ അമേരിക്കയിലേക്ക് മടങ്ങിയത്. ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതിനാലാണ് ഈ രഹസ്യപ്പറക്കൽ എന്നാണ് "വാഷിങ്‌ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തത്. വിമാനങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും കയറ്റാൻ ഉപയോഗിക്കുന്ന കാറ്ററിങ് ട്രക്ക് വഴിയാണ് എയർഫോഴ്സ് -സി- 32 എന്ന ചെറിയ വിമാനത്തിലേക്ക് ട്രംപിനെ മാറ്റിയത്. ഇറാനെ ഭസ്മീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് അവസാനം ഇറാനെ പേടിച്ച് ഭീരുവിനെപ്പോലെ ഒളിച്ചോടേണ്ട ഗതികേടിലായി ട്രംപ്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന വസ്തുത ഗൾഫ് രാഷ്ട്രങ്ങൾക്കും ബോധ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു.


​ഒരുവശത്ത് ഇറാനുമായുള്ള യുദ്ധത്തിൽനിന്ന്‌ തലയൂരാൻ കഴിയാത്ത ട്രംപിന് മറുവശത്ത് ഗാസയിൽ സമാധാനം സ്ഥാപിക്കാനും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനുമുള്ള പദ്ധതിയും പാളുകയാണ്. ഗാസയെമാത്രമല്ല, പശ്ചിമേഷ്യയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കില്ലെന്ന് ഒരിക്കൽക്കൂടി ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നു. അമേരിക്ക, തങ്ങളുടെ ശിങ്കിടി രാഷ്ട്രങ്ങളെ ഉൾപ്പെടുത്തി രൂപംനൽകിയ ബോർഡ് ഓഫ് പീസാണ് ഗാസ സമാധാനപദ്ധതി നടപ്പാക്കാൻ ബാധ്യതയുള്ള സംഘടന. 2025 ഒക്ടോബറിലാണ് അമേരിക്ക ഗാസ സമാധാനപദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും ഇസ്രയേൽ തടവിലാക്കിയ പലസ്തീനികളെയും പരസ്പരം വിട്ടയച്ചു. രണ്ടാംഘട്ടത്തിലാണ് ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽസേനാ പിന്മാറ്റം തുടങ്ങിയ പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടേണ്ടതെന്നും നിശ്ചയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 30ന് ഗാസ സമാധാനപദ്ധതിയുടെ രണ്ടാംഘട്ട പദ്ധതികൾ മുന്നോട്ടുവയ്ക്കപ്പെട്ടത്. ഇതനുസരിച്ച് രണ്ടാഴ്ചയ്‌ക്കകം ഹമാസ് നിരായുധീകരിക്കപ്പെടണം. അതോടൊപ്പം ഈ കാലപരിധിക്കുള്ളിൽ ഇസ്രയേൽസേന ഗാസയിൽനിന്ന്‌ പിന്മാറുകയും വേണം. ഈ രണ്ടാംഘട്ട സമാധാനപദ്ധതി ഹമാസും ഇസ്രയേലും അംഗീകരിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഹമാസ് ഇത്‌ സ്ഥിരീകരിച്ചെങ്കിലും ഇസ്രയേൽ അതിന് തയ്യാറായിട്ടില്ല. പ്രതീക്ഷിച്ചതുപോലെ ഹമാസിന്റെ നിരായുധീകരണം പൂർണമാണെന്ന് ബോധ്യപ്പെടാതെ ഇസ്രയേൽസേന പിന്മാറില്ലെന്ന് ട്രംപിന്റെ ‘ബെസ്റ്റ് ഫ്രണ്ട്’ ബെന്യമിൻ നെതന്യാഹു വ്യക്തമാക്കി. അതായത് ട്രംപിന്റെ ഗാസ സമാധാനപദ്ധതി നടപ്പാക്കാനാകില്ലെന്ന് വ്യക്തമായി. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെട്ടോ ഇല്ലയോ എന്നത് ആരാണ് നിശ്ചയിക്കുക. അങ്ങനെ നിശ്ചയിച്ചാലും അത് ഇസ്രയേൽ അംഗീകരിക്കുമോ എന്നീ ചോദ്യങ്ങൾ ഉയരുന്നുമുണ്ട്. ഒരുവർഷംമുമ്പ് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടശേഷവും 1300 പേരെയാണ് ഇസ്രയേൽസേന വധിച്ചത്. മാത്രമല്ല, ഗാസയുടെ 65 ശതമാനം ഭൂപ്രദേശങ്ങളും ഇസ്രയേൽസേന കൈവശപ്പെടുത്തിയിരിക്കുന്നു. വെസ്റ്റ് ബാങ്കിലും ഇസ്രയേൽ അധിനിവേശം തുടരുകയാണ്.


​ഈ ഘട്ടത്തിലാണ് അമേരിക്കയും ഹമാസും ധാരണയായ ഗാസ സമാധാനപദ്ധതിയെപ്പോലും ഇസ്രയേൽ തള്ളിക്കളഞ്ഞിരിക്കുന്നത്. 15 ഇന സമാധാനപദ്ധതി തള്ളുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുതന്നെയാണ് വ്യക്തമാക്കിയത്. ഹമാസ് അവരുടെ ആയുധങ്ങൾ മുഴുവൻ അധികാരമേൽക്കുന്ന പലസ്തീനിയൻ ഭരണസമിതിക്ക് കൈമാറാമെന്നും ഇതനുസരിച്ച് ഇസ്രയേൽസേന ഗാസയിൽനിന്ന്‌ പിന്മാറുകയും വേണമെന്നാണ് 15 ഇന സമാധാനപദ്ധതി പറയുന്നത്. എന്നാൽ, ഹമാസിനെ പൂർണമായും നിരായുധീകരിച്ചാൽമാത്രമേ ഇസ്രയേൽസേന പിന്മാറൂ എന്നാണ് നെതന്യാഹു ഇപ്പോൾ പറയുന്നത്. ഇതിനർഥം അമേരിക്കൻ പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്നാണ്. വൈറ്റ് ഹൗസിൽ ഇസ്രയേലിന്റെ ‘ഗ്രേറ്റസ്റ്റ് ഫ്രണ്ട്’ ട്രംപാണെന്നു പറഞ്ഞ നെതന്യാഹു, അവരുടെ ചില ആശയങ്ങൾ അംഗീകരിക്കാമെങ്കിലും എല്ലാം സ്വീകാര്യമല്ലെന്നും വ്യക്തമാക്കി. ഈ വിഷയങ്ങളിൽ സ്വന്തം കാലിൽ നിൽക്കാൻ അറിയാമെന്നും നെതന്യാഹു വ്യക്തമാക്കുകയുണ്ടായി. ഗാസയിൽ ഇനി ഹമാസ് ഉണ്ടാകരുത് എന്നതാണ് യഥാർഥ ലക്ഷ്യമെന്ന് ഇസ്രയേൽ ധനമന്ത്രി ബിസാലിൽ സ്മോട്രിച്ച് വ്യക്തമാക്കി. താൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം പലസ്തീൻ രാഷ്ട്രം രൂപീകരിക്കപ്പെടില്ലെന്നും നെതന്യാഹു ആവർത്തിക്കുകയാണ്.


ട്രംപിനെയും നെതന്യാഹുവിനെയും ഒരുപോലെ അലട്ടുന്ന പ്രശ്നം ഈ വർഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പാണ്. ഇറാനെ തോൽപ്പിച്ചുവെന്ന്‌ വരുത്താതെ നവംബറിൽ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ പരാജയം ഉറപ്പാണ്. പാർലമെന്റിൽ ഭൂരിപക്ഷം ഇല്ലെങ്കിൽ ഇംപീച്ച്മെന്റ്‌ അടക്കം ട്രംപിന് നേരിടേണ്ടിവരും. ഇസ്രയേലിലാകട്ടെ ഒക്ടോബർ 27നാണ് പാർലമെന്റ് തെരഞ്ഞെടുപ്പ്. ഹമാസിന് ആനുകൂല്യം നൽകുന്ന എന്തെങ്കിലും നടപടിക്ക് കൂട്ടുനിന്നാൽ തീവ്ര ജൂതലോബി നെതന്യാഹുവിനെ തോൽപ്പിക്കും. തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഭൂരിപക്ഷം കിട്ടാനിടയില്ലെന്ന നിരീക്ഷണങ്ങൾ വരുന്നുമുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റാൽ അഴിമതിക്കേസിൽ ഉൾപ്പെടെ ജയിലിൽ കിടക്കേണ്ടിയും വരും. അതായത് പശ്ചിമേഷ്യയിൽ സമാധാനമല്ല ഇവരുടെ അജൻഡ. സ്വന്തം നിലനിൽപ്പാണ്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യൻ സമാധാനം ദിവാസ്വപ്‌നമായി തുടരും.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home