കൊലയാളിയുടെ മുതലാളി


എ ശ്യാം
Published on Oct 06, 2025, 11:10 PM | 3 min read
ഇസ്രയേലിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനും ജൂതവംശീയരാഷ്‌ട്രത്തെ സംരക്ഷിക്കാനും അമേരിക്ക എത്രമാത്രം അധഃപതിച്ചെന്ന് യുഎൻ രക്ഷാസമിതിയിലെ വോട്ടിങ് ചരിത്രം വ്യക്തമാക്കും. 89 തവണ വീറ്റോ അധികാരം പ്രയോഗിച്ചതിൽ 51 തവണയും ഇസ്രയേലിനു വേണ്ടിയായിരുന്നു. യുഎൻ പ്രമേയങ്ങളും അന്താരാഷ്‌ട്ര കോടതി ഉത്തരവുകളും ലംഘിച്ച് ഇസ്രയേൽ നടത്തുന്ന എല്ലാ അതിക്രമങ്ങൾക്കും അമേരിക്കയുടെ പിന്തുണയുണ്ട്
രണ്ടാംലോക യുദ്ധാവസാനത്തോടെയാണ് പടിഞ്ഞാറൻ സാമ്രാജ്യത്വത്തിന്റെ നായകപദവി ബ്രിട്ടന് നഷ്‌ടമായത്. അന്നുതൊട്ടിന്നുവരെ അമേരിക്കയ്‌ക്കാണ് ആ പദവി. അതുവരെ സാമ്രാജ്യത്വലോകം അടക്കിവാണിരുന്ന പഴയ കൊളോണിയൽ ശക്തികളായ ബ്രിട്ടനും ഫ്രാൻസും മറ്റും അമേരിക്കയുടെ വിശ്വസ്‌ത സാമന്തരായി മാറി. മുതലാളിത്തതിന് ബദലായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്‌റ്റ് വ്യവസ്ഥ വളർന്നുവരികയും ചൈനയടക്കം കൂടുതൽ രാജ്യങ്ങൾ സോഷ്യലിസ്‌റ്റ് പാത സ്വീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ അമേരിക്കൻ നേതൃത്വം അംഗീകരിച്ച് ഒന്നിച്ച് നിൽക്കാൻ പടിഞ്ഞാറൻ മുതലാളിത്തരാജ്യങ്ങൾ നിർബന്ധിതമാവുകയായിരുന്നു. എങ്കിലും യൂറോപ്പിലെ ജൂതപ്രശ്‌നം പരിഹരിക്കാൻ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഉപജാപത്തിലൂടെ 1948ൽ ഏഷ്യയിൽ സൃഷ്‌ടിക്കപ്പെട്ട ഇസ്രയേലിന്റെ രക്ഷകർതൃത്വം ആദ്യ രണ്ട് പതിറ്റാണ്ടുകളിൽ ബ്രിട്ടനും ഫ്രാൻസിനും തന്നെയായിരുന്നു.

1991ലെ മാഡ്രിഡ് സമാധാന ചർച്ചയിൽ പലസ്‌തീൻ സംഘത്തെ നയിച്ച ഇടതുപക്ഷ നേതാവ് ഹൈദർ അബ്‌ദിൽ ഷാഫി ഓസ്‌ലോ പ്രഖ്യാപനത്തിൽനിന്ന് വിട്ടുനിന്നു. ബൗദ്ധികലോകത്ത് പലസ്‌തീൻ മുഖമായിരുന്ന എഡ്‌വേഡ് സെയ്‌ദ് പലസ്‌തീൻ വിമോചന പ്രസ്ഥാനത്തിൽനിന്ന് അകന്നു. ആ സാഹചര്യം സൃഷ്ടിച്ച ഇടത്തിലാണ് ഹമാസ് വളർന്നത്
1956ൽ ഈജിപ്‌തിലെ മതനിരപേക്ഷ ദേശീയവാദിയായ പ്രസിഡന്റ് ഗമാൽ അബ്‌ദുൽ നാസർ സൂയസ് കനാൽ ദേശസാൽകരിച്ചതിനെ തുടർന്ന് ഫ്രാൻസിനെയും ബ്രിട്ടനെയും കൂട്ടുപിടിച്ച് ഇസ്രയേൽ ഈജ്‌പിതിലേക്ക് കടന്നുകയറിയപ്പോൾ അമേരിക്ക ഈജിപ്തിനൊപ്പമായിരുന്നു. 1960കളിൽ ഫ്രാൻസാണ് അണുവായുധമുണ്ടാക്കാൻ ഇസ്രയേലിന് രഹസ്യസഹായം നൽകിയത്. 1967ൽ ആറുദിനയുദ്ധത്തിൽ ഇസ്രയേൽ അറബ് രാജ്യങ്ങളെ പരാജയപ്പെടുത്തിയതോടെയാണ് ജൂതരാഷ്‌ട്രത്തെ മേഖലയിലെ പ്രധാന കയ്യാളായി ഉപയോഗിക്കാം എന്ന് അമേരിക്ക തീരുമാനിച്ചത്. തുടർന്ന് അമേരിക്കൻ വിദേശനയം ഇസ്രയേൽ തീരുമാനിക്കുന്നതാണ് ലോകം കണ്ടിട്ടുള്ളത്. ശക്തരായ കൂട്ടാളികളുടെ പോലും വിദേശബന്ധങ്ങളും കച്ചവടങ്ങളും നയവും മാറ്റിമറിക്കാൻ ഭീഷണികളിലൂടെയും മറ്റും ഇടപെടാറുള്ള ‘ലോക പൊലീസി’നാണ് ഇൗ ഗതികേട്. തരിമ്പും മനുഷ്യത്വമില്ലാതെ, ലോകാഭിപ്രായം തെല്ലും മാനിക്കാതെ ഇസ്രയേൽ നടത്തുന്ന ഏത് കൊടിയ അതിക്രമങ്ങളെയും ന്യായീകരിക്കാനും ജൂതവംശീയരാഷ്‌ട്രത്തെ വിമർശനങ്ങളിൽനിന്ന് സംരക്ഷിക്കാനും അമേരിക്ക എത്രമാത്രം അധപ്പതിച്ചുവെന്ന് ഐ്യരാഷ്‌ട്ര രക്ഷാസമിതിയിലെ വോട്ടിങ് ചരിത്രം വ്യക്തമാക്കും.
അമേരിക്ക യുഎന്നിൽ 89 തവണ വീറ്റോ അധികാരം പ്രയോഗിച്ചതിൽ 51 തവണയും ലോകത്തിന്റെ പൊതുവികാരത്തിനെതിരെ, ഇസ്രയേലിന് വേണ്ടിയായിരുന്നു. ഗാസയിൽ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തെ വീറ്റോ ചെയ്‌ത് രണ്ടാഴ്‌ച മുന്പാണ്. പലസ്‌തീൻ പ്രദേശങ്ങളിലെ യുഎൻ പ്രതിനിധിയായ ഇറ്റാലിയൻ നിയമജ്ഞ ഫ്രാൻസിസ്‌കാ ആൽബനീസ് ഇസ്രയേലി അതിക്രമങ്ങൾ വിവരിച്ച് റിപ്പോർട്ട് നൽകിയതിന്റെ പേരിൽ അവർക്കതിരെ ഉപരോധം ഏർപ്പെടുത്തുന്ന അസാധാരണ നടപടി പോലും അമേരിക്കയിൽ നിന്നുണ്ടായി. യുഎൻ പ്രമേയങ്ങളും അന്താരാഷ്‌ട്ര കോടതി ഉത്തരവുകളും ലംഘിച്ച് നിയമവിരുദ്ധമായി ഇസ്രയേൽ നടത്തിവരുന്ന എല്ലാ അതിക്രമങ്ങൾക്കും അമേരിക്കയുടെ പിന്തുണയുണ്ട്. ഇതിനിടെ പലതവണ സമാധാനശ്രമങ്ങൾ എന്നപേരിൽ അമേരിക്ക പല നാടകങ്ങൾക്കും അരങ്ങൊരുക്കിയിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട, 1993ലെ ഓസ്ലോ കരാറിന്റെ ഗതിയെന്തായി എന്ന് ലോകം കണ്ടു. പലസ്‌തീൻ രാഷ്‌ട്രം യാഥാർത്ഥ്യമാക്കാൻ അടിത്തറയായി വിഭാവനചെയ്‌ത ആ കരാർ ഒപ്പിട്ടതിന് ശേഷം കൂടുതൽ പലസ്‌തീൻ പ്രദേശങ്ങളിലേക്ക് അനധികൃത ജൂത കുടിയേറ്റം വ്യാപിപ്പിക്കുകയാണ് ഇസ്രയേൽ ചെയ്‌തത്. ആ കരാറിലൂടെ പലസ്‌തീൻ പോരാളികളുടെ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനത്തിൽ വിള്ളലുണ്ടാക്കാൻ അമേരിക്കയ്‌ക്ക് സാധിച്ചു. 1991ലെ മാഡ്രിഡ് സമാധാന ചർച്ചയിൽ പലസ്‌തീൻ സംഘത്തെ നയിച്ച ഇടതുപക്ഷ നേതാവ് ഹൈദർ അബ്‌ദിൽ ഷാഫി ഓസ്ലോ പ്രഖ്യാപനത്തിൽ നിന്ന് വിട്ടുനിന്നു. ബൗദ്ധികലോകത്ത് പലസ്‌തീൻ മുഖമായിരുന്ന എഡ്‌വേഡ് സെയ്‌ദ് പലസ്‌തീൻ വിമോചന പ്രസ്‌താനത്തിൽനിന്ന് അകന്നു. ആ സാഹചര്യം സൃഷ്ടിച്ച ഇടത്തിലാണ് ഹമാസ് വളർന്നത്. പലസ്‌തീൻ പാർലമെന്റിലേക്ക് 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ് ജയിച്ചതോടെ ജനവിധി അംഗീകരിക്കില്ല എന്ന നിലപാടാണ് ഇസ്രയേലും കൂട്ടാളികളും എടുത്തത്.

അറബ്‌മേഖലയിൽ ജനാധിപത്യം അനുവദിക്കാതെ രാജവാഴ്‌ചകളെയും പട്ടാള സ്വേഛാധിപതികളെയും അമേരിക്ക അനുകൂലിക്കുന്നതും ഇൗ നിലപാടിന്റെ ഭാഗമാണ്. എണ്ണ–പ്രകൃതിവാതക സന്പന്നമായ അവിടെ ജനാധിപത്യഭരണം വന്നാൽ ഇൗ വിഭവങ്ങളിൽ തങ്ങൾക്കുള്ള അധികാരം നഷ്‌ടപ്പെടുമെന്ന് അമേരിക്കയ്‌ക്ക് അറിയാം. അമേരിക്കൻ ജനാധിപത്യത്തെക്കാൾ മോശമല്ലാത്ത മാതൃക സൃഷ്‌ടിച്ച ഇറാനിൽ അട്ടിമറിക്ക് നടത്തിവരുന്ന ശ്രമങ്ങളും അറബ് വസന്തത്തെ തുടർന്ന് ഇൗജിപ്‌തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചതുമെല്ലാം അമേരിക്കൻ അജണ്ട വ്യക്തമാക്കുന്നുണ്ട്. മേഖലയിലെ ഭരണാധികാരികൾ അമേരിക്കയോട് കൂറ് പുലർത്തുന്പോഴും ജനങ്ങൾ യാങ്കിവിരുദ്ധ നിലപാട് എടുക്കുന്നതും ഇസ്രയേലിനെ എതിർക്കുന്നതും പ്രകടമാണ്. പാശ്ചാത്യ രാജ്യങ്ങളിലും ജനങ്ങളിൽ പലസ്‌തീൻ ജനതയോട് അനുഭാവം വളരുന്നത് അവിടങ്ങളിലെ തെരുവുകളിൽ കാണാം. പലസ്‌തീൻ രാഷ്‌ട്രത്തെ അംഗീകരിക്കാൻ കൂടുതൽ ഭരണാധികാരികളെ നിർബന്ധിതമാക്കിയത് ഇൗ ജനവികാരമാണ്.
ഇൗ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ‘സമാധാന’ നീക്കം ശ്രദ്ദേയമാവുന്നത്. വെറുക്കപ്പെടുന്ന ഇസ്രയേലിനെ വെള്ളപൂശുന്നതിനും പലസ്‌തീൻകാർ സമാധാനത്തിന് വഴങ്ങുന്നില്ല എന്ന് വരുത്താനുമാണ് ട്രംപിന്റെ ശ്രമം. പലസ്‌തീന് കൂടി അവകാശപ്പെട്ട ജെറുസലെം ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത് 2017ൽ ട്രംപിന്റെ തീരുമാനമനുസരിച്ചാണ്. ട്രംപിന്റെ പുതിയ നീക്കത്തോട് കരുതലോടെയാണ് ഹമാസിന്റെ പ്രതികരണം. നിർദേശങ്ങളെ ഭാഗികമായി അവർ സ്വാഗതം ചെയ്‌തിട്ടുണ്ട്. പലസ്‌തീൻ ജനതയുടെ ഭാവിയും നിയമപ്രകാരമുള്ള അവകാശങ്ങളും ഏകകണ്ഠമായ ഒരു ദേശീയ നിലപാടുമായി ബന്ധപ്പെട്ടും പ്രസക്തമായ അന്താരാഷ്‌ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലും ആയിരിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ജെറുസലെ തലസ്ഥാനമായ സ്വതന്ത്ര പരമാധികാര പലസ്‌തീൻ രാഷ്‌ട്രം യാഥാർത്ഥ്യമാവണം എന്നുതന്നെയാണ് ഇതിനർത്ഥം. അത് ഇസ്രയേൽ അംഗീകരിക്കില്ല എന്ന് വ്യക്തമാണ്. അൽപം പോലും വിശ്വാസ്യതയില്ലാത്ത രാജ്യമാണ് അമേരിക്കയെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പലസ്‌തീൻ മാത്രമല്ല, ഇറാഖും ഇറാനുമെല്ലാം അമേരിക്കൻ ചതികളുടെ ഇരകളാണ്.

ദക്ഷിണാഫ്രിക്കയിലെ പഴയ വർണവെറിയൻ ഭരണത്തെ പിന്തുണച്ചുവന്ന പാശ്ചാത്യ രാഷ്‌ട്രങ്ങൾ 1980കളിൽ നിലപാട് മാറ്റാൻ നിർബന്ധിതമായപ്പോൾ അവിടെ ജനാധിപത്യം സ്ഥാപിക്കപ്പെട്ടത്. അന്ന് ദക്ഷിണാഫ്രിക്കയോട് ചെയ്‌തതുപോലെ കടുത്ത ഉപരോധങ്ങളിലൂടെ മാത്രമേ ഇസ്രയേലിനെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാവൂ. അത് ചെയ്യാതെ ട്രംപിന് നൊബേൽ സമ്മാനം ലഭിക്കാൻ ഒരു പ്രഹസനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് മേഖലയേയും ലോകത്തെയും കൂടുതൽ അസ്വസ്ഥമാക്കും.















