ഇടതുപക്ഷത്തെ ലക്ഷ്യമിടുന്ന യുഎസ് തന്ത്രം


വി ബി പരമേശ്വരൻ
Published on Jul 07, 2026, 11:51 PM | 4 min read
അറ്റ്‌ലാന്റിക് സമുദ്രത്തിനു പടിഞ്ഞാറുള്ള അമേരിക്ക വൻകരകൾ അമേരിക്കൻ ഐക്യനാടിന്റെ സ്വന്തമാണെന്ന് ആവർത്തിച്ച 2025ലെ "ഡോൺറോ സിദ്ധാന്ത’ത്തിനുശേഷം (1823ലെ മൺറോ സിദ്ധാന്തത്തിന്റെ പുതിയ പതിപ്പ്) തെക്കേ അമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകളെ ഒന്നൊന്നായി അധികാരത്തിൽനിന്ന് പുറത്താക്കാൻ യുഎസ് ശ്രമിക്കുകയാണ്. യുഎസ് പ്രസിഡന്റ് ട്രംപും അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലേയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ചേർന്ന് കോടികൾ ഒഴുക്കിയാണ് ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കുന്നത്. "ഹോണ്ടുറാസ് ഗേറ്റ്’ എന്നറിയപ്പെടുന്ന ഈ അട്ടിമറിപദ്ധതി ആദ്യം നടപ്പാക്കിയത് ഹോണ്ടുറാസിലാണെങ്കിൽ അതിനുശേഷം പെറുവിലും അവസാനമായി കൊളംബിയയിലും നടപ്പാക്കി. ഈ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ എതിർക്കുന്ന തീവ്രവലതുപക്ഷ സ്ഥാനാർഥിക്ക് പരസ്യപിന്തുണ നൽകി വോട്ടർമാരെ സ്വാധീനിച്ചും ഇടതുപക്ഷ സ്ഥാനാർഥികൾക്കെതിരെ പ്രചണ്ഡമായ, ചെലവേറിയ പ്രചാരണം നടത്തിയുമാണ് അവർ ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പാക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊളംബിയ.
മെയ് 31നും ജൂൺ 21നും രണ്ടുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യമായ "പാക്റ്റോ ഹിസ്റ്റോറിക്ക’യുടെ സ്ഥാനാർഥി ഇവാൻ സെപെഡ ഒരുശതമാനം വോട്ടിനാണ് തീവ്രവലതുപക്ഷ സ്ഥാനാർഥി അബെലാർഡോ ഡിലാ എസ്‌പ്രിയേലയോട് പരാജയപ്പെട്ടത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ എസ്‌പ്രിയേലയ്‌ക്ക് 49.66 ശതമാനം വോട്ട് ലഭിച്ചപ്പോൾ സെപെഡയ്‌ക്ക് 48.7 ശതമാനം ലഭിച്ചു. രണ്ടരലക്ഷം വോട്ടിന്റെ വ്യത്യാസം. ആദ്യഘട്ടത്തിൽ സെപെഡയേക്കാൾ ആറുലക്ഷം വോട്ട് ലഭിച്ച എസ്‌പ്രിയേലയ്‌ക്ക് വൻ വോട്ടുചോർച്ചയുണ്ടായെങ്കിലും വിജയിച്ചു. ഇവിടെയാണ് യുഎസ് ഇടപെടൽ പ്രസക്തമാകുന്നത്.
കൊളംബിയയിൽ ആദ്യമായി അധികാരമേറിയ ഇടതുപക്ഷ സർക്കാരാണ് നിലവിലുള്ള ഗുസ്താവോ പെട്രൊയുടേത്. ട്രംപിന്റെയും നെതന്യാഹുവിന്റെയും കണ്ണിലെ കരടാണ് ഈ സർക്കാർ. ഈ നേതാക്കളെയും അവരുടെ നയങ്ങളെയും രൂക്ഷമായി വിമർശിക്കുന്ന നേതാവാണ് പെട്രൊ. 2024ൽ അധികാരത്തിൽ വന്ന പെട്രൊ, ആദ്യം ചെയ്തത് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഗാസയിലെ വംശഹത്യയെ രൂക്ഷമായി വിമർശിച്ച പെട്രൊ, അമേരിക്കയുടെ കുടിയേറ്റനയത്തെയും വെനസ്വേലൻ, ഇറാൻ അധിനിവേശങ്ങളെയും വിമർശിച്ചു. പെട്രൊ അധികാരമേറുന്നതിനുമുമ്പ് "ലാറ്റിനമേരിക്കയിലെ ഇസ്രയേൽ’ എന്നറിയപ്പെട്ട രാജ്യമായിരുന്നു കൊളംബിയ. ഇസ്രയേൽ കഴിഞ്ഞാൽ അമേരിക്കയുടെ സൈനികസഹായം ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യം. അതായത് പെട്രൊ അധികാരത്തിൽ വരുന്നതുവരെയും അമേരിക്കയുടെ വിശ്വസ്തനായ സൈനിക സാമ്പത്തിക പങ്കാളിയായിരുന്നു കൊളംബിയ. ഈ സഖ്യകക്ഷിയെയാണ് 2024ൽ അമേരിക്കയ്‌ക്ക് നഷ്ടമായത്.
യുഎസിന് ഹാനികരമായ നയങ്ങളാണ് പെട്രൊ നടപ്പാക്കിയത്. യുഎസ് വാഴ്‌ത്തുപാട്ടുകാരായ കോർപറേറ്റുകളുടെയും വൻകിട ഭൂസ്വാമിമാരുടെയും താൽപ്പര്യങ്ങൾക്ക് വഴങ്ങിനിൽക്കാൻ അദ്ദേഹം തയ്യാറായില്ല. 20 ലക്ഷംപേരെ പട്ടിണിയിൽനിന്ന് കരകയറ്റി. ഭൂപരിഷ്‌കരണം നടപ്പാക്കി ലക്ഷക്കണക്കിന് ഏക്കർ ഭൂരഹിതർക്ക് വിതരണംചെയ്‌തു. തൊഴിലാളികളുടെ മിനിമം കൂലിയും ഓവർ ടൈം വേതനവും വർധിപ്പിച്ചു. സർവകലാശാലാ വിദ്യാഭ്യാസത്തിനുള്ള ട്യൂഷൻ ഫീസ് സൗജന്യമാക്കി. പെൻഷൻ പരിഷ്‌കരണം നടപ്പാക്കി. സാധാരണ ജനങ്ങൾക്ക് ആശ്വാസമേകുംവിധം നികുതി പരിഷ്‌കരിച്ചു. ആരോഗ്യരംഗത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തം കുറച്ച് സർക്കാർ സബ്സിഡി വർധിപ്പിച്ചു. മേഖലയിലെ ഇടതുപക്ഷ സർക്കാരുകളുമായി അടുത്തബന്ധം സ്ഥാപിച്ചു. അതോടൊപ്പം പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നതിനായി എണ്ണ-വാതക പര്യവേക്ഷണവും ഖനനവും വേണ്ടെന്നുവച്ചു. നിലവിലുള്ള പദ്ധതികൾക്ക് പ്രവർത്തിക്കാം. എന്നാൽ, പുതിയ ഖനികൾ തുറക്കില്ലെന്ന നയം പെട്രൊ സ്വീകരിച്ചു. ജലവൈദ്യുതപദ്ധതികളിൽനിന്ന് 70 ശതമാനം വൈദ്യുതി എന്ന ലക്ഷ്യത്തിനായി പ്രവർത്തിച്ചു. കാറ്റിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും വൈദ്യുതോൽപ്പാദനം വർധിപ്പിക്കുകയും ചെയ്തു. എക്സൺ മോബിൽ ഉൾപ്പെടെയുള്ള അമേരിക്കൻ കോർപറേറ്റ് ഭീമന്മാർക്ക് കൊളംബിയ വിടേണ്ടിവന്നു. സമ്പൂർണ സമാധാനം എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തെ ഇടതുപക്ഷ ഗറില്ലകളുമായും അർധസൈനിക സംഘങ്ങളുമായും ചർച്ച ആരംഭിക്കുകയും ചെയ്തു. ഇതിൽ പൂർണമായും വിജയിക്കാനാകാത്തത് ചില സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും വഴിവയ്‌ക്കുകയും ചെയ്തു.
പെട്രൊയുടെ ഈ നയങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന വാഗ്ദാനത്തോടെയാണ് സെപെഡ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ കമ്യൂണിസ്റ്റ് പാർടി നേതാവും "യൂണിയൻ പാട്രിയോട്ടിക്ക’ എന്ന ഇടതുപക്ഷപ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായ മാനുവൽ സെപെഡയുടെ മകനാണ് ഇവാൻ. സെനറ്റ് അംഗമായ മാനുവൽ സെപെഡയെ പാർലമെന്റ് യോഗത്തിൽ പങ്കെടുക്കാൻ പോകവെ വെടിവച്ചുകൊല്ലുകയായിരുന്നു. പെട്രൊയ്ക്കൊപ്പം എം- 19 എന്ന ഗറില്ലാ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഇവാൻ മനുഷ്യാവകാശസംരക്ഷണം ഉയർത്തിപ്പിടിച്ച അഭിഭാഷകനായിരുന്നു. കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ലാ പ്രസ്ഥാനമായ റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയ (ഫാർക്)യെ ആയുധം താഴെവയ്‌പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന സമാധാനസംഭാഷണങ്ങളിൽ പ്രധാന പങ്കുവഹിച്ച നേതാവ്. ഗറില്ലാ പ്രസ്ഥാനത്തെ കണ്ണിൽ ചോരയില്ലാതെ നേരിട്ട അൽവാരോ ഉറിബെ (2002–-10) സർക്കാരിനെതിരെ നിയമയുദ്ധം നടത്തുകയും അദ്ദേഹത്തിന് ശിക്ഷ വാങ്ങി നൽകുകയും ചെയ്ത മനുഷ്യാവകാശപ്രവർത്തകൻകൂടിയാണ് ഇവാൻ. "ഉറിബ്‌സ്മോ’ എന്ന പേരിലറിയപ്പെടുന്ന കിരാതവാഴ്ചയിൽ ആറായിരത്തിലധികം മനുഷ്യരാണ് വധിക്കപ്പെട്ടത്.
ഈ "ഉറിബ്സ്മോ’ ഇരട്ടി ശക്തിയിൽ തിരിച്ചുവരുമെന്ന ഭയത്തിലാണ് കൊളംബിയ ഇപ്പോൾ. ഉറിബെയെപ്പോലുള്ള മർദകവീരന്മാരുടെയും അഴിമതിക്കാരുടെയും വക്കാലത്ത് ഏറ്റെടുത്ത് കുപ്രസിദ്ധി നേടിയ അഭിഭാഷകനാണ് എസ്‌പ്രിയേല. മദ്യം, റിയൽ എസ്റ്റേറ്റ്, വസ്ത്രനിർമാണം തുടങ്ങിയ ബിസിനസുകളുള്ള കോടീശ്വരൻ. എതിരാളികളെ ശത്രുക്കളായി കാണുകയും അവരെ ഉന്മൂലനം ചെയ്യാൻ ഏതു നീചമാർഗവും കൈക്കൊള്ളുമെന്നും പരസ്യമായി പറയുന്ന "ഉരുക്കുമുഷ്ടി’ നയത്തിന്റെ വക്താവ്. സെപെഡയെ "ക്രിമിനൽ’ എന്നാണ് എസ്‌പ്രിയേല വിശേഷിപ്പിച്ചത്. ജയിച്ചാൽ പെട്രൊയെ അമേരിക്കയ്‌ക്ക് കൈമാറുമെന്നും ഭീഷണി മുഴക്കി. അർജന്റീനയിൽ മിലേ നടപ്പാക്കുന്ന "ചെയിൻസോ’ പദ്ധതി കൊളംബിയയിലും നടപ്പാക്കുമെന്നാണ് വാഗ്ദാനം. മന്ത്രിമാരും വകുപ്പുകളും പൊതുമേഖലയും വെട്ടിച്ചുരുക്കി സർക്കാർ ചെലവ് കുറയ്ക്കുകയാണ് "ചെയിൻസോ’കൊണ്ട് ഉദ്ദേശിക്കുന്നത്. അധികാരത്തിൽ വന്നാൽ സർക്കാർ ചെലവ് 40 ശതമാനം വെട്ടിച്ചുരുക്കുമെന്നാണ് എസ്‌പ്രിയേലയുടെ വാഗ്ദാനം. അതായത് പെട്രൊ സർക്കാർ നടപ്പാക്കിയ ജനപക്ഷനടപടികൾ മുഴുവൻ ഉപേക്ഷിക്കുമെന്ന്. യുഎന്നിൽനിന്ന് പിന്മാറുമെന്നും ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്നും എസ്‌പ്രിയേല പറയുന്നു. കുറ്റവാളികളെ പാർപ്പിക്കാൻ എൽസാൽവദോറിലെ നയാബ് ബുക്കാലെ സർക്കാരിനെപ്പോലെ പത്തു പുതിയ ജയിലുകൾ തുറക്കുമെന്നും സിവിലിയന്മാർക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് നൽകുമെന്നും പെട്രൊ ഉപേക്ഷിച്ച എണ്ണവാതക പര്യവേക്ഷണവും ഖനനവും പുനരാരംഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഇടതുപക്ഷത്തെ പിഴുതെറിയുമെന്നാണ് ഏറ്റവും പ്രധാന പ്രഖ്യാപനം.
അതുകൊണ്ടുതന്നെ അമേരിക്ക എസ്‌പ്രിയേലയെ ജയിപ്പിക്കാൻ ഇറങ്ങിക്കളിച്ചു. ആദ്യഘട്ടത്തിൽ എസ്‌പ്രിയേല മുന്നിലെത്തിയപ്പോൾ ട്രംപ് പ്രഖ്യാപിച്ചു "എന്റെ പൂർണ പിന്തുണ അബെലാർഡോ’യ്‌ക്കാണെന്ന്. സെപെഡ "റാഡിക്കൽ ലെഫ്റ്റ് മാർക്സിസ്റ്റാ’ണെന്നും ട്രംപ് പറഞ്ഞു. ദീർഘകാലം മിയാമിയിൽ ജീവിച്ച അമേരിക്കൻ പൗരത്വമുള്ള എസ്‌പ്രിയേലയ്‌ക്ക് പിന്തുണയുമായി യുഎസ് കോൺഗ്രസ് അംഗങ്ങളായ മരിയ എൽ വിര സലാസറും കാർലോസ് ഗിമെനസും രംഗത്തെത്തി. റിപ്പബ്ലിക്കൻ പാർടിയുടെ ഒഹിയോ സെനറ്റർ ബെർണി മൊറീനോ, പെട്രൊയെ മഡുറോയെപ്പോലെ അമേരിക്കൻ ജയിലിൽ ഇടണമെന്ന് ആക്രോശിച്ചു. എസ്‌പ്രിയേലയെ നേരിട്ട് സന്ദർശിച്ച് പിന്തുണയും പ്രഖ്യാപിച്ചു.
രണ്ടാംഘട്ടത്തിൽ എസ്‌പ്രിയേല മുന്നിലെത്തിയപ്പോൾത്തന്നെ "വൻ വിജയം’ എന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. കൊളംബിയയുടെ നല്ല നാളുകൾ വരവായി എന്ന് മാർക്കോ റൂബിയോയും പറഞ്ഞു. പെട്രൊയുടെ കക്ഷിയെ തോൽപ്പിക്കാൻ കഴിഞ്ഞതിലുള്ള ആഹ്ലാദം അവർക്ക് മറച്ചുവയ്‌ക്കാനായില്ല. ഇനി മെക്സിക്കോ, ബ്രസീൽ, നിക്കരാഗ്വ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽമാത്രമാണ് ഇടതുപക്ഷസ്വഭാവമുള്ള സർക്കാരുകളുള്ളത്.















