ട്രംപ് - മസ്ക് തർക്കവും യുഎസിന്റെ ഭാവിയും


വി ബി പരമേശ്വരൻ
Published on Jun 09, 2025, 10:01 PM | 4 min read
കാൾ മാർക്സും ഫ്രെഡറിക് എംഗൽസും ചേർന്നെഴുതി, 1848 ൽ പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ "ബൂർഷ്വകളും തൊഴിലാളികളും’എന്ന ആദ്യ അധ്യായത്തിന്റെ 12–--ാമത്തെ ഖണ്ഡിക അവസാനിക്കുന്നത് ഇങ്ങനെയാണ്. "മൊത്തത്തിൽ ബൂർഷ്വാസിയുടെ പൊതുകാര്യങ്ങൾ നടത്തുന്ന ഒരു കമ്മിറ്റി മാത്രമാണ് ആധുനിക ഭരണകൂടം’. അമേരിക്കയിൽ ട്രംപിന്റെയും ഇന്ത്യയിൽ മോദിയുടെയും നേതൃത്വത്തിലുള്ള ഭരണം മാർക്സും എംഗൽസും ചൂണ്ടിക്കാട്ടിയ അതേരീതിയിൽ തന്നെയാണെന്ന് തെളിയിക്കാൻ നിരവധി ഉദാഹരണങ്ങൾ നിരത്താൻ കഴിയും. അതിൽ ഏറ്റവും പ്രധാനം ട്രംപ് ഭരണത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിനും മോദി ഭരണത്തിൽ ഗൗതം അദാനിക്കും ലഭിക്കുന്ന പ്രാധാന്യം തന്നെയാണ്.
മസ്കിനെയും അദാനിയെയുംപോലുള്ള കോർപറേറ്റ് ഭീമന്മാരുടെ പൊതുകാര്യങ്ങൾ നടത്തുന്ന ഒരു കമ്മിറ്റി മാത്രമാണ് ഇരു രാജ്യങ്ങളിലെയും ഭരണകൂടം. കഴിഞ്ഞ ദിവസം ട്രംപും ഇലോൺ മസ്‌കും തെറ്റിപ്പിരിയുകയും പരസ്പരം പഴിചാരുകയും ചെയ്തപ്പോൾ പുറത്തുവന്നതും ബുർഷ്വാസിയും ജനാധിപത്യ മുഖം മാത്രമുള്ള ഭരണാധികാരികളും തമ്മിലുള്ള ഈ വഴിവിട്ട ബന്ധമാണ്.
ലോകത്തിലെ ഏറ്റവും പ്രധാന സാമ്പത്തിക, സൈനികശക്തിയായ അമേരിക്കയുടെ പ്രസിഡന്റും ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കും തമ്മിലുള്ള സൗഹൃദവും വഴിപിരിയലും ഏതെങ്കിലും പ്രത്യയശാസ്ത്ര പിൻബലത്തിന്റെയോ മൂല്യബോധത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല; മറിച്ച് ജനകീയ സമ്പത്ത് എങ്ങനെ കൊള്ളയടിച്ച് കീശവീർപ്പിക്കാം എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് ട്രംപ് എങ്കിൽ സ്പേസ് എക്സ്, ടെസ്‌ല എന്നീ ലോകോത്തര കമ്പനികളുടെ ഉടമയാണ് ഇലോൺ മസ്ക്.
"പ്രതിഭാശാലിയായ രാജ്യസ്നേഹി’ എന്നാണ് മസ്കിനെ ട്രംപ് വിശേഷിപ്പിച്ചതെങ്കിൽ "തന്റെ അടുത്ത സുഹൃത്തായാണ്’ ട്രംപിനെ മസ്ക് വിശേഷിപ്പിച്ചത്. ട്രംപിന് രണ്ടാമതും പ്രസിഡന്റ് പദവിയിലെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 30 കോടി ഡോളർ മസ്ക് റിപ്പബ്ലിക്കൻ പാർടിക്ക് സംഭാവന ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായത്.
ട്രംപുമായുള്ള ബന്ധം സ്വാഭാവികമായും തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാൻ ഇലോൺ മസ്ക് ഉപയോഗിച്ചു. അമേരിക്കൻ ബഹിരാകാശ പദ്ധതിയുടെ പ്രഥമ ഗുണഭോക്താവ് സ്പേസ് എക്സ് കമ്പനി ഉടമയായ മസ്കാണ്. നാസ അടുത്തിടെ നൽകിയ എല്ലാ പര്യവേക്ഷണ സംബന്ധമായ കരാറുകളും ഈ കമ്പനിക്കാണ്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പര്യവേക്ഷകരെ അയക്കുന്നതും സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകങ്ങൾ ഉപയോഗിച്ചാണ്. 2006നുശേഷം മാത്രം 1500 കോടി ഡോളറിന്റെ കരാറാണ് ഈ കമ്പനിക്ക് നൽകിയിട്ടുള്ളത്. ബഹിരാകാശ രംഗത്ത് മാത്രമല്ല അമേരിക്കൻ പ്രതിരോധ സംവിധാനം ഒരുക്കുന്നതിലും ഇലോൺ മസ്കിന് പ്രധാന പങ്കാണുള്ളത്. ചാര ഉപഗ്രഹങ്ങൾ നിർമിക്കുന്നതിലും വിക്ഷേപിക്കുന്നതിലും ഗോൾഡൻ ഡോം എന്ന മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കുന്നതിലും അമേരിക്ക ആശ്രയിക്കുന്നത് സ്പേസ് എക്സ് എന്ന കമ്പനിയെയാണ്. ഉപഗ്രഹ വാർത്താ വിനിമയ സംവിധാനമായ സ്‌റ്റാർ ലിങ്കാണ് വൈറ്റ് ഹൗസിൽപോലും സർവീസ് നടത്തുന്നത്. അതായത് അമേരിക്കയുടെ പ്രതിരോധ ബഹിരാകാശ മേഖല ഇലോൺ മസ്കിന്റെ കൈപ്പിടിയിലാണ്.
എല്ലാ സർക്കാർ നിയന്ത്രണങ്ങൾക്കും ബ്യൂറോക്രസിക്കും കോടതികൾക്കും നിയന്ത്രണ സംവിധാനങ്ങൾക്കും എതിരെ ശക്തമായ പ്രചാരണം തന്നെ മസ്ക് അഴിച്ചുവിടുകയുണ്ടായി.
ഒരു തടസ്സവുമില്ലാത കൊള്ളലാഭം നേടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിനൊപ്പം നിൽക്കാൻ മസ്ക് താൽപ്പര്യം കാട്ടിയതെന്നർഥം. ബ്യൂറോക്രസിയുടെ ഭാരം കുറച്ച് ആ പണംകൂടി സമ്പന്നർക്ക് നികുതി ഇളവായി നൽകുക എന്ന ഉദ്ദേശ്യത്തോടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (D0GE) യുടെ തലവനായി മസ്ക് നിയമിക്കപ്പെട്ടു. വർഷത്തിൽ 6.75 ലക്ഷം കോടി ഡോളർ ചെലവിൽ രണ്ട് ലക്ഷം കോടി ഡോളർ കുറച്ചു തരാമെന്ന വാഗ്ദാനത്തോടെയാണ് മസ്ക് ഈ ചുമതല ഏറ്റെടുത്തത്. മെഡിക്കൽ സഹായത്തിനുള്ള നീക്കിയിരുപ്പ് വെട്ടിക്കുറച്ചും യുഎസ് എയ്‌ഡ് പദ്ധതി ഉൾപ്പെടെ നിർത്തലാക്കിയും ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടും ലക്ഷ്യം നേടാനുള്ള പ്രയാണത്തിലായിരുന്നു മസ്ക്. എന്നാൽ തന്റെ താൽപ്പര്യങ്ങൾക്ക് ചെറിയ പോറൽ ഏറ്റപ്പോൾത്തന്നെ ട്രംപിനെ തള്ളിപ്പറഞ്ഞ് ഈ സ്ഥാനം മസ്ക് രാജിവച്ചു. ട്രംപ് സർക്കാർ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പേരിൽ അവതരിപ്പിച്ച പണ ബില്ലിൽ തട്ടിയാണ് ബിഗ് ബ്യൂട്ടിഫുൾ ബ്രേക്ക് ഉണ്ടായിട്ടുള്ളത്. (ടെസ്‌ലയുടെ) ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിവരുന്ന 7500 ഡോളർ നികുതി സബ്‌സിഡി നിർത്തലാക്കിയതാണ് മസ്കിനെ ചൊടിപ്പിച്ചത്.
ട്രംപിന്റെ താരിഫ് യുദ്ധത്തിനോടും സാങ്കേതിക മികവുള്ള കുടിയേറ്റക്കാർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിക്കുന്നതിനോടും വ്യവസായിയായ മസ്കിന് താൽപ്പര്യമില്ലായിരുന്നു. സർക്കാരിന്റെ ഭാഗമായി കരാറുകളും വർധിച്ച സബ്‌സിഡിയും വായ്പയും നികുതി ഇളവുംനേടി സ്വന്തം ബിസിനസ് സാമ്രാജ്യം തടസ്സമേതുമില്ലാതെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിന് ചെറിയ പോറൽ ഏറ്റപ്പോൾ തന്നെ മസ്ക് പൊട്ടിത്തെറിച്ചു. തന്റെ പണമില്ലായിരുന്നുവെങ്കിൽ ട്രംപ് ജയിക്കില്ലായിരുന്നു എന്ന് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെടുകയും ജയിലിൽ വച്ച് മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധമുള്ളയാളാണ് ട്രംപെന്നും അതിനാൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ പ്രസിഡന്റാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു.
മസ്ക് ഇവിടംകൊണ്ട് നിർത്തിയില്ല. ഒരു പുതിയ രാഷ്ട്രീയ പാർടി രൂപീകരിക്കേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനോട് എക്സിൽ പ്രതികരിച്ച 80.4 ശതമാനം പേരും പുതിയ പാർടി രൂപീകരിക്കുന്നതിനെ അനുകൂലിച്ചു. ഇപ്പോൾ തന്നെ ജനപ്രീതിയിൽ ഏറ്റവും പിറകിലുള്ള ട്രംപിനെ സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർടിയിലെ പിളർപ്പ് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും. റിപ്പബ്ലിക്കൻ പാർടി ദുർബലമായാൽ ഡെമോക്രാറ്റുകൾ വിജയിക്കുകയും മസ്ക് ഉൾപ്പെടെ ജയിലിലാകുകയും ചെയ്യുമെന്ന മുന്നറിയിപ്പ് കമന്റ് ബോക്സിൽ വരാൻ തുടങ്ങിയതോടെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാർഥിയെ സാമ്പത്തികമായി പിന്തുണച്ചാൽ അതിന്റെ പ്രത്യാഘാതം നേരിടാൻ മസ്ക് തയ്യാറാകേണ്ടി വരുമെന്ന് ട്രംപും ഭീഷണിപ്പെടുത്തി. . ട്രംപുമായി ഇടഞ്ഞ ദിവസം തന്നെ ടെസ്‌ലയ്‌ക്ക് ഓഹരിവിപണിയിൽ 14 ശതമാനത്തിന്റെ ഇടിവുണ്ടാകുകയും 15000 കോടി ഡോളർ ആവിയാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ട്രംപിനെ ജെഫ്രി എഫ്സ്റ്റെയിനുമായി ബന്ധിപ്പിക്കുന്ന എല്ലാ കമന്റുകളും വീഡിയോകളും മസ്ക് എക്സിൽനിന്നും പിൻവലിച്ചു. അതോടൊപ്പം കരാറുകൾ റദ്ദാക്കിയാൽ സ്പേസ് എക്സ് ഡ്രാഗൺ പേടകങ്ങൾ സർക്കാരിന്റെ ആവശ്യങ്ങൾക്ക് നൽകില്ലെന്ന പ്രസ്താവനയിൽനിന്നും മസ്ക് പിൻവാങ്ങി. മസ്കുമായി ഇനി ചങ്ങാത്തം സ്ഥാപിക്കാൻ ആഗ്രഹമില്ലെന്ന് ട്രംപ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുകയാണ് എന്നുവേണം കരുതാൻ. എല്ലാം ശരിയാകുമെന്ന വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രസ്താവന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മയക്കുമരുന്ന് ശീലമാക്കിയ മസ്ക് അതിന്റെ സ്വാധീനത്താൽ പറഞ്ഞ കാര്യങ്ങൾ ഗൗരവമാക്കേണ്ടതില്ലെന്ന ആഖ്യാനമാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമാണ് ന്യൂയോർക്ക് ടൈംസ് ദിനപത്രം കിറ്റാമൈൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് മസ്ക് അമിതമായി ഉപയോഗിക്കാറുണ്ടെന്ന വാർത്ത പ്രസിദ്ധീകരിച്ചത്.
ഗാർഡിയൻ പത്രം മുഖപ്രസംഗത്തിൽ പറഞ്ഞതുപോലെ നഗ്നമായ സ്വാർഥ താൽപ്പര്യങ്ങളാണ് ഇരുവരെയും നയിക്കുന്നത്. ജനങ്ങളുടെ വിശാലമായ താൽപ്പര്യങ്ങൾ പൂർണമായും അവഗണിക്കപ്പെടുകയാണ്. അതിനെതിരെയുള്ള പ്രതിഷേധാഗ്നിയാണ് ലൊസ് ആഞ്ചലസിൽനിന്നും ഉയരുന്നത്. ട്രംപിന്റെ തെറ്റായ കുടിയേറ്റ നയത്തിനെതിരെ, താരിഫ് യുദ്ധത്തിനെതിരെ, വിദേശ വിദ്യാർഥികൾക്കെതിരെയുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം പടരുകയാണ്. ഈ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് 2000 വരുന്ന നാഷണൽ ഗാർഡുകളെ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ട്രംപ് വിന്യസിച്ചിട്ടുള്ളത്. ഇതിനെതിരെ കലിഫോർണിയ ഗവർണർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അമേരിക്കയുടെ തകർച്ചയ്‌ക്ക് തുടക്കമായിരിക്കുന്നു എന്നുവേണം കരുതാൻ. തീവ്രവലതുപക്ഷ ക്യാമ്പിലെ ഭിന്നിപ്പും മസ്‌കും ട്രംപും തമ്മിലുള്ള തർക്കവും ലൊസ് ആഞ്ചലസിലെ പ്രതിഷേധാഗ്നിയും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.














