ഹാർവഡിനൊപ്പം അമേരിക്കയും പിന്നോട്ട്


വി ബി പരമേശ്വരൻ
Published on May 30, 2025, 11:19 PM | 4 min read
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യമാണ് ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (MAGA). അമേരിക്കയെ വീണ്ടും മഹത്തരമാക്കൽ. അമേരിക്കയ്ക്ക് ലോകരാഷ്ട്രീയത്തിലുള്ള ഉന്നത പദവി കൈമോശം വരികയാണെന്നും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ, ഇതിനായി ട്രംപ് കൈക്കൊള്ളുന്ന നയങ്ങളും നടപടികളും നേർവിപരീത ഫലങ്ങളാണ് ഉളവാക്കുന്നത്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഹാർവഡ് സർവകലാശാലയോടുള്ള പ്രതികാര നടപടികൾ. അമേരിക്കയ്ക്ക് ലോകരാജ്യങ്ങളിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ സോഫ്റ്റ് പവറായി പ്രവർത്തിച്ചത് ഹാർവഡ് സർവകലാശാലയാണെന്നാണ് വിദഗ്‌ധമതം. 389 വർഷംമുമ്പ്, 1636 ഒക്‌ടോബർ 28ന് ആണ് മസാച്ചുസെറ്റ്സിൽ ഹാർവാർഡ് സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നത്. ഇന്നത് ലോകത്തിലെ പ്രധാന സ്വകാര്യ സർവകലാശാലകളിൽ ഒന്നാണ്. നിലവിൽ ഇരുപത്തിരണ്ടായിരത്തോളം വിദ്യാർഥികളും മൂവായിരത്തോളം അധ്യാപകരും ഇവിടെയുണ്ട്. നൊബേൽ സമ്മാന ജേതാവായ അമർത്യ സെൻ ഇവിടത്തെ അധ്യാപകനായിരുന്നു. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസ് മുതൽ ജോർജ് ഡബ്ല്യു ബുഷും ബറാക് ഒബാമയുംവരെയുള്ള എട്ട് അമേരിക്കൻ പ്രസിഡന്റുമാർ ഈ സർവകലാശാലയിൽ പഠിച്ചവരാണ്. മുപ്പതിലധികം നൊബേൽ സമ്മാന ജേതാക്കളെ ഹാർവഡ് സംഭാവന ചെയ്തിട്ടുണ്ട്. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച ഹെൻറി ഡേവിഡ് തോറോ, ഇംഗ്ലീഷ് കവികളായ റോബർട്ട് ഫ്രോസ്റ്റ്, ടി എസ് എലിയറ്റ്, ആദ്യ അണുബോംബ് നിർമാണ പദ്ധതിയുടെ ഡയറക്ടറായിരുന്ന റോബർട്ട് ഓപ്പൺഹീമർ, പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ എന്നിവരെല്ലാം ഇവിടെ പഠിച്ചവരായിരുന്നു. 24 രാജ്യത്തെ രാഷ്ട്രത്തലവന്മാരും 31 രാജ്യത്തെ പ്രധാനമന്ത്രിമാരും ഈ സർവകലാശാലയിൽനിന്ന് ബിരുദം നേടിയവരാണ്. അതായത്, ലോകത്ത് അമേരിക്കയുടെ പേരുയർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഹാർവഡ്.
ട്രംപ് ഉയർത്തിപ്പിടിക്കുന്ന മുതലാളിത്ത കാഴ്ചപ്പാടിന്റെ ഭാഗമായി രൂപംകൊണ്ട സ്വകാര്യ സർവകലാശാലകൂടിയാണിത്. എന്നിട്ടും അതിനെ തകർക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ട്രംപ്. അതിന് കാരണമായി പറയുന്നത് മരിച്ചെന്ന് എല്ലാ മുതലാളിത്ത വൈതാളികന്മാരും ആണയിടുന്ന "തീവ്ര ഇടതുപക്ഷ (കമ്യൂണിസം, സോഷ്യലിസം) വോക്ക് (സാമൂഹ്യ അസമത്വത്തെയും വിവേചനത്തെയും രാഷ്ട്രീയമായി എതിർക്കുന്നവർ) ആശയങ്ങളാണ് ഇന്നും അമേരിക്കൻ ക്യാമ്പസുകളെ ആവേശിക്കുന്നത്' എന്നാണ്. ‘അമേരിക്കൻ പാരമ്പര്യത്തെയും പാശ്‌ചാത്യ സംസ്‌കാരത്തെയും ആക്രമിക്കുന്ന മാർക്സിസ്റ്റുകളെ വിദ്യാലയങ്ങളിൽനിന്ന് പുറത്താക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് പ്രസംഗിച്ചിരുന്നു. "കമ്യൂണിസ്റ്റ് ആശയ പദ്ധതികൾ ക്യാമ്പസുകളിൽ പ്രചരിപ്പിക്കാൻ ഇനി സബ്‌സിഡി നൽകുന്ന കാലം അവസാനിച്ചു’ എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുമായി ചേർന്ന് കലാപവും സെമിറ്റിക്ക് വിരുദ്ധതയും പടർത്തുകയാണ് ഹാർവഡ് എന്ന ആരോപണവും ട്രംപ് സർക്കാർ ഉയർത്തുന്നുണ്ട്. ഹാർവഡ് ക്രിംസ്ൺ നടത്തിയ പഠനത്തിൽ സർവകലാശാലയിലെ അധ്യാപകരിൽ 80 ശതമാനവും ലിബറലുകളോ ഇടതുപക്ഷ ആഭിമുഖ്യമുള്ള ലിബറലുകളോ ആണെന്ന് കണ്ടെത്തിയിരുന്നു. ഇവരാണ് 2023-–- 24 കാലത്ത് ഹാർവഡ് ഉൾപ്പെടെയുള്ള അമേരിക്കൻ ക്യാമ്പസുകളിൽ ഗാസ വിഷയം ഉയർത്തി പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചതെന്നാണ് ട്രംപിന്റെ ആരോപണം. അതിനാൽ ജൂതർക്ക് സംരക്ഷണം നൽകണമെന്നും ഹമാസ് അനുകൂലികളെ കണ്ടെത്തി പുറത്താക്കണമെന്നുമാണ് നിർദേശം. "ക്യാമ്പസുകൾ ശത്രുക്കളാണെന്നാണ്’ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രഖ്യാപനം. "വിദ്യാഭ്യാസത്തിനുള്ള നല്ല സ്ഥാപനമായി ആരും ഇനി ഹാർവഡിനെ കരുതില്ല. ലോകത്തിലെ മഹത്തായ സർവകലാശാലകളുടെയും കോളേജിന്റെയും പട്ടികയിൽ ഇനി ഹാർവഡിന് സ്ഥാനമുണ്ടാകില്ല. ഹാർവഡ് പ്രഹസനമായി മാറും’ എന്നും ട്രൂത്ത് സോഷ്യൽ എന്ന സ്വന്തം സാമൂഹ്യമാധ്യമ അക്കൗണ്ടിൽ ട്രംപ് കുറിച്ചു.
വിദേശ വിദ്യാർഥികൾ വേണ്ട
ഷാങ്ഹായിലെ ജിയാവോ ടോങ് സർവകലാശാല പ്രസിദ്ധീകരിച്ച വാർഷിക റാങ്കിങ്ങിൽ ലോകത്തിലെ 2000 സർവകലാശാലകളുടെ പട്ടികയിൽ ഒന്നാമതാണ് ഹാർവഡ്. ആദ്യ 20ൽ 16 എണ്ണം അമേരിക്കയിലാണ്. നൂറ്റാണ്ടുകളായി അമേരിക്ക അവരുടെ അഭിമാന ചിഹ്നമായി ഉയർത്തിക്കാണിച്ച സ്ഥാപനങ്ങളെ ഇകഴ്‌ത്തുകയാണ് ട്രംപ്. താൻ പറയുന്നതുപോലെ മാർക്‌സിസ്റ്റുകളെ, ഹമാസിനെ പിന്തുണയ്‌ക്കുന്നവരെ അത് അധ്യാപകരായാലും വിദ്യാർഥികളായാലും സ്‌റ്റാഫ് അംഗങ്ങളായാലും പുറത്താക്കണം. ഇതനുസരിച്ച് അഡ്മിഷൻ നയം മാറ്റണം. ബഹുസ്വരത, തുല്യത തുടങ്ങിയ ആശയങ്ങൾക്കുള്ള പ്രാധാന്യം ഒഴിവാക്കണം. അതോടൊപ്പം വിദേശ വിദ്യാർഥികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളും ആക്രമങ്ങളുടെ വിശദ വിവരവും ഏപ്രിൽ മുപ്പതോടെ നൽകണമെന്ന് ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി സർവകലാശാലയോട് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.

ഇത് അംഗീകരിക്കാനാകില്ലെന്ന് ഹാർവഡ് പ്രസിഡന്റ് അലൻ ഗാർബർ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും കൈവെടിയാനാകില്ലെന്ന ധീരമായ പ്രസ്താവനയാണ് ഗാർബറിൽനിന്നുണ്ടായത്. ട്രംപിനു മുമ്പിൽ വഴങ്ങിനിൽക്കാൻ തയ്യാറല്ലെന്ന് കണ്ടതോടെ വർഷംതോറും നൽകി വരുന്ന 900 കോടി ഡോളറിന്റെ സഹായത്തിൽ 220 കോടി ഡോളർ തടഞ്ഞുവച്ചതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ആറ് കോടി ഡോളറിന്റെ ഗവേഷണ കരാറുകളും ഹാർവഡിന് നിഷേധിച്ചു. മെയ് 22ന് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഉത്തരവിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള അധികാരവും നിഷേധിച്ചു. ഹാർവഡിലെ നാലിലൊന്ന് വിദ്യാർഥികൾ, ഏകദേശം 6800 പേർ വിദേശികളാണ്. എണ്ണൂറോളം പേർ ഇന്ത്യയിൽനിന്നുള്ളവരാണ്. അതിന്റെ ഇരട്ടിയോളം ചൈനയിൽനിന്നാണ്. ട്രംപിന്റെ പുതിയ തീട്ടൂരത്തിനെതിരെ ഹാർവഡ് ഫെഡറൽ കോടതിയെ സമീപിക്കുകയും സ്‌റ്റേ നേടുകയും ചെയ്തെങ്കിലും വിദേശ വിദ്യാർഥികളുടെ പ്രവേശനം പ്രതിസന്ധിയിലാണ്. വിദേശ വിദ്യാർഥികളുടെ വിസ, അഭിമുഖങ്ങൾ നിർത്തിവയ്ക്കാനും വിദ്യാർഥികളുടെ 2019 മുതലുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനും ട്രംപ് ഭരണം തീരുമാനിച്ചു. ചൈനയും ജപ്പാനും ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിക്കുകയും അമേരിക്കയിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന വിദ്യാർഥികൾക്ക് പഠിക്കാൻ അവസരമൊരുക്കാൻ സ്വന്തം രാജ്യത്തെ സർവകലാശാലകളോട് ആവശ്യപ്പെടുകയും ചെയ്തു. മോദി സർക്കാർ ഈ വിഷയത്തിലും മൗനത്തിലാണ്.
മരുന്ന്, വാക്സിൻ ഗവേഷണത്തിന് തടസ്സം
ലോകത്ത് മെഡിക്കൽ സയൻസ് ഗവേഷണത്തിന്റെ പവർഹൗസായി അറിയപ്പെടുന്ന ഹാർവഡിനെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ് ട്രംപ് തുനിയുന്നത്. ക്ഷയം, എച്ച്ഐവി, അർബുദം എന്നിവയ്ക്ക് ഫലപ്രദമായ മരുന്നും വാക്സിനും നിർമിക്കാനുള്ള ഗവേഷണങ്ങൾ ഉൾപ്പെടെ തടയാൻ ട്രംപിന്റെ സാമ്പത്തിക ഉപരോധം കാരണമാകും. ഹാർവഡിന് സംഭാവനയായി നൽകുന്ന വൻതുകയെ നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്ന നടപടി പിൻവലിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. 5200 കോടി ഡോളറാണ് സംഭാവനയായി ഹാർവഡിന് ലഭിച്ചിട്ടുള്ളത്. ഈ തുകയ്ക്ക് നികുതി ഏർപ്പെടുത്തുമെന്നാണ് ഭീഷണി. ഇതെല്ലാമായിട്ടും ട്രംപിന്റെ തീട്ടൂരങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് ഹാർവഡ് തീരുമാനിക്കാൻ കാരണം കൊളംബിയ സർവകലാശാലയുടെ അനുഭവം മുന്നിലുള്ളതുകൊണ്ടാണ്. പലസ്തീൻ അനുകൂല വിദ്യാർഥികളെ പുറത്താക്കാനും അഡ്മിഷൻ നയത്തിൽ മാറ്റംവരുത്താനും തയ്യാറായിട്ടും കൊളംബിയ സർവകലാശാലയ്ക്ക് തടഞ്ഞുവച്ച 40 കോടി ഡോളറിന്റെ ഫെഡറൽ ഫണ്ട് പുനഃസ്ഥാപിക്കാൻ ട്രംപ് തയ്യാറായില്ല. വഴങ്ങിയാൽ കൂടുതൽ കുനിയേണ്ടി വരുമെന്ന ബോധ്യത്തിൽനിന്നാണ് ഹാർവാർഡ് പൊരുതാൻ തീരുമാനിച്ചത്.
യുഎസിന്റെ വരുമാന മേഖല
വ്യാപാരശിഷ്ടം കാണിച്ച് താരിഫ് യുദ്ധം പ്രഖ്യാപിച്ച ട്രംപ് വർഷംതോറും വിദേശ വിദ്യാർഥികളെ സ്വീകരിക്കുക വഴി 500 കോടി ഡോളർ അമേരിക്കയ്ക്ക് വരുമാനം നൽകുന്ന മേഖലയെ തകർക്കാനാണ് ഒരുങ്ങുന്നതെന്നത് മറ്റൊരു വിരോധാഭാസമാണ്. കാർ വിൽപ്പനയേക്കാൾ അമേരിക്കയ്ക്ക് വരുമാനം ലഭിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽനിന്നാണ്. 2023–- -24ൽ മാത്രം 11 ലക്ഷം വിദേശ വിദ്യാർഥികളാണ് അമേരിക്കയിൽ പഠിക്കാനെത്തിയത്. ഇതിൽ നാലുലക്ഷം പേർ ചൈനയിൽനിന്നും രണ്ടുലക്ഷം പേർ ഇന്ത്യയിൽനിന്നും ഉള്ളവരാണ്. ഒരു അമേരിക്കൻ വിദ്യാർഥി പഠനത്തിനായി വിദേശത്ത് പോകുമ്പോൾ 300 വിദേശ വിദ്യാർഥികൾ അമേരിക്കയിൽ എത്തുന്നുവെന്നാണ് കണക്ക്. ഗാസ വിഷയത്തിൽ പ്രകടനം നടത്തിയതിന്റെയും പ്രസംഗിച്ചതിന്റെയും എഴുതിയതിന്റെയും പേരിൽ ജയിലിൽ അടയ്‌ക്കപ്പെടുമെന്ന് വന്നാൽ ഈ വിദ്യാർഥികൾ സ്വാഭാവികമായും യൂറോപ്പിലേക്കോ ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്കോ പോകും.
സ്‌പോർട്സിൽ പുരുഷന്മാർക്കൊപ്പം മത്സരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നെന്ന് പറഞ്ഞാണ് ട്രംപ് പഠിച്ച പെൻസിൽവാനിയ സർവകലാശാലയ്ക്ക് 17.5 കോടി ഫെഡറൽ ഫണ്ട് നിഷേധിച്ചത്. ഫെഡറൽ ഫണ്ടിങ് നൽകാതിരിക്കുക എന്നു പറഞ്ഞാൽ പ്രധാനമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, നാഷണൽ സയൻസ് ഫൗണ്ടേഷൻ എന്നിവ വഴി സർവകലാശാലകൾക്ക് ലഭിക്കുന്ന ഗവേഷണ പദ്ധതികൾക്കുള്ള പണമാണ്. വാക്സിൻ പരീക്ഷണവും മറ്റും ഇതിന്റെ ഭാഗമാണ്. ഫണ്ട് നിലയ്ക്കുന്നതോടെ ഗവേഷണത്തിൽ അമേരിക്ക താഴെ പോകും. അമേരിക്ക വൻ ശക്തിയായതിനു പിന്നിൽ സയൻസ്, പ്രതിരോധ ഗവേഷണത്തിനുള്ള സ്ഥാനം ചെറുതല്ല. സ്വാഭാവികമായും ഗവേഷണം തടയപ്പെടുന്നതോടെ ഗവേഷകർ വൻതോതിൽ ചൈനയിലേക്കും യൂറോപ്പിലേക്കും പോകും. ഗവേഷണ വിഭാഗത്തിന് ചൈന വൻ തുകയാണ് ഇപ്പോൾ നീക്കിവയ്ക്കുന്നത്. മസ്‌തിഷ്‌ക ചോർച്ച സംഭവിക്കുമെന്ന് സാരം. ഹാർവഡിനെതിരായ നടപടി അമേരിക്കയെ മഹത്തരമാകുന്നതിനു പകരം ഒറ്റപ്പെടുത്തുകയും ദുർബലമാക്കുകയും ചെയ്യുകയാണ്. അതിനാൽ അമേരിക്കയുടെ മഹത്വം വീണ്ടെടുക്കാൻ എല്ലാ സ്വകാര്യ സർവകലാശാലകളും ശബ്‌ദമുയർത്തണമെന്നാണ് ബോസ്റ്റൺ ഗ്ലോബ് ദിനപത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്. ഇപ്പോൾ സ്വാതന്ത്ര്യം പണയം വച്ചാൽ പിന്നീടൊരിക്കലും അത് വീണ്ടെടുക്കാനാകില്ലെന്നും ബോസ്റ്റൺ ഗ്ലോബ് ഓർമപ്പെടുത്തുന്നു.














