അരക്ഷിതമായി തുടരുന്ന അഫ്‌ഗാനിസ്ഥാൻ


വി ബി പരമേശ്വരൻ
Published on Aug 22, 2026, 01:43 AM | 3 min read
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയിട്ട് അഞ്ചുവർഷമായി. 2021 ആഗസ്‌തിലാണ് 20 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങിയത്. ഭീകരവാദത്തിനെതിരെയെന്നു പ്രഖ്യാപിച്ച് ആർക്കെതിരെയാണോ യുദ്ധം ചെയ്തത് അതേ ഭീകരവാദികളെ കാബൂളിൽ അധികാരത്തിലേറ്റിയായിരുന്നു അമേരിക്കയുടെ പിൻമടക്കം. അഫ്ഗാനിസ്ഥാനിൽ അധികാരത്തിലിരുന്ന ഡോ. നജീബുള്ളയുടെ ഇടതുപക്ഷ സർക്കാരിനെ താഴെയിറക്കാൻ അമേരിക്ക പണവും ആയുധവും നൽകി, പാകിസ്ഥാൻ പിന്തുണയോടെ വളർത്തിയെടുത്ത ഭീകരവാദപ്രസ്ഥാനമാണ് താലിബാൻ. അമേരിക്കയിൽ 2001 സെപ്‌തംബർ 11നുണ്ടായ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളാണെന്നു പറഞ്ഞാണ് അമേരിക്ക താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
എന്നാൽ, ലക്ഷ്യം കാണാനാകാതെ, താലിബാൻ സ്വേച്ഛാധിപത്യത്തിന് പച്ചക്കൊടി വീശിയാണ് അമേരിക്ക നാണംകെട്ട് പിന്മാറിയത്. പാശ്ചാത്യരുടെ സഹായമില്ലാതെ ഭരിക്കാൻ കഴിയുമെന്ന് താലിബാൻ തെളിയിച്ചെങ്കിലും അഫ്‌ഗാനിസ്ഥാനിലെ ആഭ്യന്തരരംഗം അത്യന്തം കലുഷമാണ്. സ്‌ത്രീകളും ന്യൂനപക്ഷങ്ങളും കടുത്ത ഭീതിയിലാണ് ഇന്നും കഴിയുന്നത്. ജനസംഖ്യയിൽ 15 ശതമാനംവരുന്ന ഷിയ, ഹസ്ര വിഭാഗങ്ങൾക്കുനേരെയും വിദേശപൗരന്മാർക്കെതിരെയും സിഖ്, ഹിന്ദു ജനവിഭാഗങ്ങൾക്കുനേരെയും പലയിടത്തും ആക്രമണങ്ങൾ നടക്കുകയാണ്.
ഐഎസ്‌ഐഎസുകാരും ഈ വിഭാഗങ്ങൾക്കുനേരെ ആക്രമണം നടത്തുന്നു.
പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, സെൻട്രൽ ബാങ്ക് തുടങ്ങി ഭരണസംവിധാനത്തിന്റെ ചേരുവകളെല്ലാം അഫ്ഗാനിസ്ഥാനിൽ ദൃശ്യമാണെങ്കിലും കാന്ദഹർ കേന്ദ്രമായി പ്രവർത്തിക്കുന്ന പരമോന്നത മതനേതാവ് ഹിബത്തുല്ല അഖുണ്ഡ്‌സാദയുടെ കൈവശമാണ് ഭരണത്തിന്റെ കടിഞ്ഞാൺ. കാബൂളിൽ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷാ ഭരണകാര്യങ്ങളും വിദേശനയവും നിയന്ത്രിക്കുന്നത് പ്രധാനമായും അഞ്ചുപേരാണ്. പ്രധാനമന്ത്രി ഹസ്സൻ അഖുണ്ഡ്, ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബറാദർ, ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനി, പ്രതിരോധമന്ത്രി മൗലവി മുഹമ്മദ് യാക്കൂബ്, വിദേശമന്ത്രി അമീർ ഖാൻ മുത്താഖി എന്നിവരാണവർ.
റഷ്യയുടെ അംഗീകാരം നേടിയെടുക്കാൻ താലിബാന് കഴിഞ്ഞിട്ടുണ്ട്. ചൈന, പാകിസ്ഥാൻ, ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങൾ വിവിധതലത്തിൽ നയതന്ത്രബന്ധം ആരംഭിച്ചിട്ടുണ്ട്.
ഭരണസ്ഥിരത നേടാൻ കഴിഞ്ഞെങ്കിലും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് അഫ്ഗാനിസ്ഥാൻ. പാശ്ചാത്യപിന്തുണയോടെ ഹമീദ് കർസായി ഭരണകാലത്ത് പാശ്ചാത്യശക്തികൾ നൽകിവന്ന വാർഷിക ധനസഹായം താലിബാൻ അധികാരമേറിയതോടെ ഇല്ലാതായി. കഴിഞ്ഞവർഷത്തോടെ അമേരിക്കയിൽനിന്നുള്ള ജീവകാരുണ്യപരമായ സഹായവും നിലച്ചു. കസ്റ്റംസ് ഡ്യൂട്ടി പിരിച്ചും ഖനനത്തിന് നികുതി ഈടാക്കിയും വരുമാനം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പകുതിയിലധികം ജനങ്ങളും ദാരിദ്ര്യരേഖയ്‌ക്കുതാഴെയാണ്. ഇറാനിൽനിന്നും പാകിസ്ഥാനിൽനിന്നും പുറത്താക്കപ്പെട്ട അരക്കോടിയോളം അഫ്ഗാനികളുടെ വരവും സാമ്പത്തികസ്ഥിതി കൂടുതൽ വഷളാക്കി.
സാമൂഹ്യജീവിതവും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇതിൽ പ്രധാനം താലിബാൻ ഭരണാധികാരികളുടെ സ്ത്രീവിരുദ്ധതയാണ്.
ശരിഅത്ത് നിയമമനുസരിച്ച് ഇസ്ലാമികഭരണം അടിച്ചേൽപ്പിക്കാനുള്ള അഖുണ്ഡ്‌സാദയുടെ തീരുമാനമാണ് ഇതിന് കാരണം. അഫ്ഗാനിസ്ഥാനിൽ "ജെൻഡർ അപ്പാർത്തീഡാ’ണെന്നാണ് ഹ്യൂമൺറൈറ്റ്സ് വാച്ച് പറയുന്നത്. 12 വയസ്സുവരെമാത്രമേ പെൺകുട്ടികൾക്ക് പഠിക്കാൻ അവകാശമുള്ളൂ. സെക്കൻഡറി, സർവകലാശാല വിദ്യാഭ്യാസം അവർക്ക് നിഷിദ്ധമാണ്. അതായത് കാൽക്കോടി പെൺകുട്ടികൾ ഔപചാരികവിദ്യാഭ്യാസത്തിന് പുറത്താണ്. പുരുഷന്മാരുടെ അകമ്പടിയില്ലാതെ സ്‌ത്രീകൾ പുറത്തിറങ്ങരുത്. സ്ത്രീകൾ ബുർഖ ധരിക്കണമെന്നത് അലംഘനീയ നിയമമാണ്. വീടിനു പുറത്ത് ജോലി ചെയ്യാനും അവകാശമില്ല. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷയാണ് സദാചാര പൊലീസ് നടപ്പാക്കിവരുന്നത്. ഇതിനെതിരെ ജൂണിൽ ഹെറാത്ത് നഗരത്തിൽ ജനങ്ങളുടെ പ്രതിഷേധം ഉയർന്നപ്പോൾ താലിബാൻ സേന വെടിവയ്‌പ് നടത്തുകയും രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സർക്കാർ നിർദേശം ലംഘിച്ച 30 സ്ത്രീകളെ അറസ്റ്റ് ചെയ്ത് തടവിലിട്ടു. ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ശരിഅത്ത് നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയ്ക്കും താലിബാൻ ഭരണകൂടം തയ്യാറല്ല. ഈ "ജെൻഡർ അപ്പാർത്തീഡ്’ മുൻനിർത്തി പരമോന്നതനേതാവ് അഖുണ്ഡ്‌സാദയ്ക്കും ചീഫ് ജസ്റ്റിസ് അബ്ദുൾ ഹക്കീം ഹഖാനിക്കും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. യുഎൻ കണക്കനുസരിച്ച്, സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാത്തതുകൊണ്ടുമാത്രം 100 കോടി ഡോളറാണ് അഫ്ഗാനിസ്ഥാന് ഒരുവർഷം നഷ്ടമാകുന്നത്. ഇത് ജിഡിപിയുടെ ആറുശതമാനം വരും. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാത്തത് വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
താലിബാന്റെ സ്‌പോൺസറായ പാകിസ്ഥാനുമായി അവർ അകന്നുവെന്നുമാത്രമല്ല തുറന്ന ഏറ്റുമുട്ടൽ നടന്നുവെന്നതാണ് അഞ്ചുവർഷത്തിലുണ്ടായ മറ്റൊരു പ്രത്യേകത. താലിബാൻ 2021ൽ അധികാരത്തിൽ തിരിച്ചുവന്നപ്പോൾ അത് പാകിസ്ഥാന്റെ തന്ത്രപ്രധാന വിജയമാണെന്ന് ഇസ്ലാമാബാദ് ഉദ്ഘോഷിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞുവെന്ന് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. എന്നാൽ, പാകിസ്ഥാനി താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീഖി താലിബാൻ പാകിസ്ഥാനെ (ടിടിപി) അടിച്ചമർത്താൻ താലിബാൻ വിസമ്മതിച്ചതോടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മിൽ സംഘർഷത്തിലായത്. അമേരിക്ക ഉപേക്ഷിച്ചുപോയ ആയുധങ്ങൾ നൽകി ടിടിപിയെ പ്രോത്സാഹിപ്പിക്കുന്നത് താലിബാനാണെന്ന് പാകിസ്ഥാൻ ആക്ഷേപിക്കുന്നു. താലിബാൻ–-പാകിസ്ഥാൻ സംഘർഷത്തിന്റെ യഥാർഥ കാരണം ഇസ്ലാമികരാഷ്ട്രമായ പാകിസ്ഥാൻ ശരിഅത്ത് നിയമം നടപ്പാക്കാൻ തയ്യാറാകാത്തതാണ്. താലിബാൻ സ്ഥാപകനേതാവ് മുല്ല ഒമർ 2001ൽ അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് എഴുതിയ കത്തിൽ ഈ ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയായ ഡുറാന്റ് ലൈൻ താലിബാൻ ഒരിക്കലും അംഗീകരിച്ചിരു ന്നില്ല.
പാകിസ്ഥാനുമായുള്ള ഈ സംഘർഷമാണ് താലിബാനുമായി അടുക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. താലിബാൻ വിദേശമന്ത്രി മുത്താഖി ഇന്ത്യ സന്ദർശനവേളയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിനോട് ഇന്ത്യ കാര്യമായി പ്രതികരിക്കുകയുണ്ടായില്ല. താലിബാൻ ഭരണത്തിന്റെ അഞ്ചാംവാർഷികത്തോടനുബന്ധിച്ച് ആഗസ്ത് 17ന് ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ നടന്ന പ്രത്യേക ചടങ്ങിൽ വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തു. ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് മോദിസർക്കാരിന്റെ നയം. ആഭ്യന്തരരംഗത്ത് ഇസ്ലാമികഭീകരത പടർത്തി ധ്രുവീകരണത്തിന് ശ്രമിക്കുന്ന മോദിസർക്കാരാണ് ഭീകരവാദപ്രസ്ഥാനങ്ങളുമായി ഇപ്പോഴും അടുത്തബന്ധം പുലർത്തുന്ന താലിബാനുമായി കൈകോർക്കുന്നത്. അൽ ഖായ്ദ, ടിടിപി എന്നീ ഭീകരവാദസംഘടനകൾക്ക് സുരക്ഷിത താവളം ഒരുക്കുന്ന താലിബാനുമായി കൈകോർക്കുന്നത് ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് ഭീഷണിയാകുമെന്നതിൽ സംശയമില്ല. മറ്റു ഭീകരവാദസംഘടനകൾക്ക് പ്രവർത്തിക്കാൻ അനുകൂലസാഹചര്യമാണ് അഫ്ഗാനിലുള്ളതെന്ന് യുഎൻ മോണിറ്ററിങ് ടീം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതുകൊണ്ടുതന്നെ താലിബാനെ പ്രോത്സാഹിപ്പിച്ച പാകിസ്ഥാന് ഇന്നുണ്ടായ അനുഭവം നാളെ ഇന്ത്യക്കും ഉണ്ടായിക്കൂടാ എന്നില്ല. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ സ്വാധീനം തടയുക എന്ന ലക്ഷ്യമാണ് പാകിസ്ഥാനെ താലിബാനുമായി അടുക്കാൻ പ്രേരിപ്പിച്ചിരുന്നത്. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ സ്വാധീനം വളരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ താലിബാനുമായി അടുക്കുന്നു. മതവർഗീയത ഒരുപോലെ രാഷ്ട്രീയ ആയുധമാക്കുകയാണ് താലിബാനും മോദിസർക്കാരും എന്ന സാമ്യവുമുണ്ട്.















