ad
Deshabhimani

Articles

സ്റ്റാമർ ഒഴിഞ്ഞു; ഇനി ബേൺഹാം

സ്റ്റാമർ ഒഴിഞ്ഞു; ഇനി ബേൺഹാം

starmer
avatar
വി ബി പരമേശ്വരൻ

Published on Jun 23, 2026, 10:28 PM | 3 min read

ബ്രിട്ടനിൽ രണ്ടുവർഷമായി അധികാരത്തിലുള്ള ലേബർ പാർടി പ്രധാനമന്ത്രി കീർ സ്റ്റാമർ പാർടി നേതൃസ്ഥാനവും പ്രധാനമന്ത്രിപദവിയും ഒഴിഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർടിയെ വൻവിജയത്തിലേക്ക് നയിച്ച നേതാവിനാണ് രാജിവയ്‌ക്കേണ്ടി വന്നത്. 650 അംഗ ഹൗസ് ഓഫ് കോമൺസിൽ 411 (നിലവിൽ 403) സീറ്റ് നേടിയാണ് ലേബർ പാർടി വിജയിച്ചത്. എന്നിട്ടും സ്റ്റാമർക്ക് അധികാരം ഒഴിയേണ്ടിവന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറും ഇപ്പോൾ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തയാളുമായ ആൻഡി ബേൺഹാം പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷ.

​ബ്രിട്ടീഷ് രാഷ്ട്രീയം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബ്രെക്സിറ്റും കോവിഡും, മാറിമാറി വന്ന സർക്കാരുകൾ നടപ്പാക്കിയ ചെലവുചുരുക്കൽ നടപടികളുമാണ് കാരണം. പത്തുവർഷത്തിനിടയ്ക്ക് ഏഴാമത്തെ പ്രധാനമന്ത്രിയാണ് ഇനി അധികാരമേൽക്കുന്നത്. നാലുവർഷത്തിനിടയിലെ അഞ്ചാമത്തെ പ്രധാനമന്ത്രിയും. ​


വൻ ഭൂരിപക്ഷത്തിന് ലേബർ പാർടിയെ അധികാരത്തിലെത്തിച്ചിട്ടും സ്റ്റാമർക്ക്‌ അധികാരം ഒഴിയേണ്ടിവന്നത് എന്തുകൊണ്ടാണ്? ഇതിന്‌ പ്രധാന കാരണം, മെയ് ഏഴിന് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർടിക്കുണ്ടായ ദയനീയതോൽവിയാണ്. ഇംഗ്ലണ്ടിലെ 136 കൗൺസിലിലെ 5000 സീറ്റുകളിൽ കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ 1498 സീറ്റാണ്‌ കുറഞ്ഞത്‌. രണ്ട് സീറ്റുമാത്രമുണ്ടായിരുന്ന തീവ്ര വലതുപക്ഷ പാർടിയായ റിഫോം യുകെയാകട്ടെ 1452 സീറ്റ് നേടി. വെയിൽസിൽ ഒരു നൂറ്റാണ്ടായി ഭരണം നടത്തുന്ന ലേബറിന്‌ ആദ്യമായി അധികാരം നഷ്ടപ്പെട്ടു. പല ലേബർ ശക്തികേന്ദ്രങ്ങളിലും ഗ്രീൻ പാർടി വിജയിച്ചു. അതായത് രണ്ടുവർഷത്തെ ഭരണം ലേബർ പാർടിയുടെ ജനപിന്തുണ നഷ്ടപ്പെടുത്തി. സ്റ്റാമറുടെ നേതൃത്വവും നയങ്ങളുമാണ് തിരിച്ചടിക്ക് കാരണമെന്നും അതിനാൽ മാറണമെന്നുമുള്ള ആവശ്യം ശക്തമായി. ലേബർ പാർടിയുടെ മുൻ അധ്യക്ഷൻ ഇയാൻ ലാവ്റി, കീർ സ്റ്റാമർ ലേബറിനെ വധിക്കുകയാണെന്നുപോലും അഭിപ്രായപ്പെട്ടു.


ഈ വിമർശങ്ങളിൽ വസ്തുത ഇല്ലാതില്ല. തൊഴിലാളി പാർടിയെന്ന് അറിയപ്പെടുന്ന ലേബർ പാർടി സ്റ്റാമറുടെ നേതൃത്വത്തിൽ കോർപറേറ്റ് താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകിയത്. മധ്യ ഇടതുപക്ഷനയങ്ങളിൽനിന്ന്‌ മധ്യ വലതുപക്ഷനയങ്ങളിലേക്ക് നയിച്ച സ്റ്റാമറാണ്‌ ലേബർ പാർടിയിലെ ഇടതുപക്ഷക്കാരനായി അറിയപ്പെടുന്ന ജെറമി കോർബിനെയും കൂട്ടരെയും പുറത്താക്കിയത്‌. തീവ്ര വലതുപക്ഷത്തിന്റെ കുടിയേറ്റവിരുദ്ധനയങ്ങൾപോലും സ്റ്റാമർ സ്വീകരിച്ചു. പെർമനന്റ് റസിഡന്റ്‌സ് അസാധ്യമാക്കുന്ന നിയമപരിഷ്‌കാരങ്ങളുണ്ടായി. ക്ഷേമനടപടികളിലും വെള്ളംചേർത്തു. ശീതകാലത്ത് പെൻഷൻകാർക്ക് നൽകിയിരുന്ന സബ്സിഡി വെട്ടിക്കുറച്ചു. ഇത്‌ എട്ടുലക്ഷം കുടുംബങ്ങളെ ബാധിച്ചു. ഇതിൽ 83 ശതമാനവും 80 വയസ്സ് കഴിഞ്ഞവരായിരുന്നു. കീർ സ്റ്റാമറുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക് സ്വീനി ഉൾപ്പെടെ ഈ വിഷയത്തിൽ രാജിവച്ചു. ഭിന്നശേഷിക്കാർക്കുള്ള സഹായം ഉപേക്ഷിക്കാനും നീക്കമുണ്ടായി. ക്യാപിറ്റൽ ഗെയ്ൻ ടാക്സ് പിരിച്ചെടുത്ത് ക്ഷേമപ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ലേബർ പാർടിയിലെ ഇടതുപക്ഷക്കാരുടെ ആവശ്യം പരിഗണിക്കാതെയുള്ള നികുതിപരിഷ്‌കാരമാണ് കൊണ്ടുവന്നത്.


മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകൻ എന്ന നിലയിലാണ് സ്റ്റാമർ അറിയപ്പെട്ടത്. ബ്രിട്ടന്റെ ഡയറക്ടർ ഓഫ് പബ്ലിക്‌ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. എന്നാൽ, പ്രധാനമന്ത്രിയായതോടെ മനുഷ്യാവകാശ സംരക്ഷണത്തിനെതിരായ നിലപാടെടുത്തു. ബ്രിട്ടീഷ് ചാരന്മാർക്ക് പ്രോസിക്യൂഷൻ നടപടി ഒഴിവാക്കുന്ന സ്പൈ കോപ്സ് ബിൽ കൊണ്ടുവന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി. എന്നാൽ, സ്റ്റാമർക്കെതിരെ ഇടതുപക്ഷവിമർശം പ്രധാനമായും ഉയർന്നത് ഗാസ വിഷയത്തിലാണ്. ഗാസയിലേക്കുള്ള ജല–-വൈദ്യുതി ബന്ധം വിച്ഛേദിച്ച ഇസ്രയേലിന്റെ നടപടിയെ സ്റ്റാമർ ന്യായീകരിച്ചു. ഗാസയിലെ സിവിലിയൻമാരെ കൊന്നൊടുക്കുമ്പോഴും ഇന്ത്യയെപ്പോലെ ബ്രിട്ടനും ഇസ്രയേലിന്‌ ആയുധങ്ങൾ നൽകി. പലസ്തീൻ ആക്‌ഷൻ സമിതിയെ ഐഎസ്, അൽ ഖായ്ദ, ബൊക്കൊഹറാം തുടങ്ങിയ ഭീകരവാദിസംഘടനകളെപ്പോലെയാണ് സ്റ്റാമർ സർക്കാർ നേരിട്ടത്.


2025നുശേഷം ഭീകരവാദ കേസുകൾ ബ്രിട്ടനിൽ 660 ശതമാനം വർധിച്ചു. ഇതിൽ 86 ശതമാനവും പലസ്തീൻപ്രസ്ഥാനത്തെ പിന്തുണച്ചവർക്കെതിരെയായിരുന്നു. അതായത് ലേബർ പാർടിയുടെ തലപ്പത്തിരുന്ന് തീവ്ര വലതുപക്ഷ പാർടിയെപ്പോലെയാണ് സ്റ്റാമർ പ്രവർത്തിച്ചത്. അത്‌ തീവ്ര വലതുപക്ഷപ്രസ്ഥാനമായ റിഫോം യുകെയ്‌ക്കും റീസ്റ്റോർ ബ്രിട്ടൻ പാർടിക്കും വളരാൻ സാഹചര്യമൊരുക്കി. പ്രാദേശിക തെരഞ്ഞെടുപ്പുഫലം അതാണ് വ്യക്തമാക്കിയത്.


പൊതു തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തെ തടയാൻ കഴിയുന്ന നേതാവ് വേണമെന്ന അഭിപ്രായം ഇതോടെയാണ് ലേബറിൽ ശക്തിപ്പെട്ടത്. ഇതിന് വഴിയൊരുക്കാൻ പ്രതിരോധമന്ത്രി ജോൺ ഹീലി, ആരോഗ്യ സെക്രട്ടറി വെസ് സ്റ്റീറിങ്‌, സ്കോട്ട്‌ലാൻഡിലെ ലേബർ പാർടി നേതാവ് അനസ് സർവർ തുടങ്ങിയവർ രാജിവച്ചു. സ്റ്റാമർക്കുപകരം ആൻഡി ബേൺഹാമിന്റെയും വെസ് സ്റ്റീറിങ്ങിന്റെയും പേരാണ് ഉയർന്നുവന്നത്. ഇതിൽ വെസ് സ്റ്റീറിങ്‌ പിന്മാറിയതോടെയാണ് ബേൺഹാമിനുള്ള സാധ്യത തെളിഞ്ഞത്. എന്നാൽ, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ബേൺഹാം പാർലമെന്റ്‌ അംഗമല്ലെന്നു പറഞ്ഞ് ആ നീക്കത്തിന് തടയിടാനാണ് സ്റ്റാമർ ശ്രമിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഗോർട്ടൺ ആൻഡ്‌ ഡെന്റൺ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബേൺഹാമിന് സീറ്റ് നൽകണമെന്ന ആവശ്യം ഉയർന്നെങ്കിലും ലേബർ പാർടി വഴങ്ങിയില്ല. ഫലമോ ലേബർ പാർടി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഈ ഘട്ടത്തിലാണ് ബേൺഹാമിന് പാർലമെന്റിലേക്ക് വഴിയൊരുക്കാനായി ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേക്കർഫീൽഡ് മണ്ഡലത്തിലെ ലേബർ എംപി ജോഷ് സൈമൺ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. തെരഞ്ഞെടുപ്പിൽ ബേൺഹാം 55 ശതമാനം വോട്ട് നേടി ജയിച്ചു. റിഫോം യുകെയിലെ റോബർട്ട് കാന്യോണിന് 35 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തീവ്ര വലതുപക്ഷത്തെ തടയാൻ ബേൺഹാമിന് കഴിയുമെന്ന വാദം ഇതോടെ ശക്തിപ്പെട്ടു.


വിദ്യാർഥിയായിരിക്കെ ലേബർ പാർടിയിൽ അംഗമായ ബേൺഹാം 31–-ാംവയസ്സിൽ എംപിയായി. 16 വർഷം പാർലമെന്റ്‌ അംഗമായ ബേൺഹാം, ടോണി ബ്ലെയർ മന്ത്രിസഭയിലും ഗോർഡൻ ബ്രൗൺ മന്ത്രിസഭയിലും അംഗമായിരുന്നു. 2010ലും 2015ലും ലേബർ നേതൃസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോറ്റു. ഒമ്പതുവർഷമായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറാണ്. കോവിഡ് കാലത്ത്‌ ടോറി ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനാൽ "കിങ്‌ ഓഫ് ദ നോർത്ത്’ എന്ന വിളിപ്പേരും ലഭിച്ചു. പ്രതീക്ഷയോടെയാണ് ജനങ്ങൾ ബേൺഹാമിനെ കാത്തിരിക്കുന്നത്.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home