ദേശീയപതാകക്കെതിരായ ആർഎസ്‌എസിന്റെ തോറ്റ ‘പോരാട്ടം’


ശ്രീകുമാർ ശേഖർ
Published on Aug 11, 2026, 01:30 AM | 4 min read
ഹിന്ദുവിന്റെ രാജ്യം ഹിന്ദുസ്ഥാൻ; അവരുടെ ഭാഷ ഹിന്ദി; അവർക്കുവേണ്ട പതാക ഭഗവധ്വജം (കാവിക്കൊടി). ഇവ നേടിയെടുക്കാനായിരുന്നു 1947ൽ സംഘപരിവാറിന്റെ ‘യുദ്ധം’. ഇന്ന് ദേശീയചിഹ്നങ്ങളുടെ കലവറ സൂക്ഷിപ്പുകാരും ദേശസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാരുമായി വേഷമിടുന്ന ഇക്കൂട്ടർ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കടുത്ത നാളുകളിൽ രാഷ്‌ട്രത്തിന്റെ സർവ്വപ്രതീകങ്ങൾക്കും എതിരുനിന്നു. ഹിന്ദുത്വ എന്ന ആശയത്തിലൂന്നി സമൂഹത്തിൽ വിഭജനത്തിന്റെ വിത്തുവിതയ്‌ക്കാൻ അവർ അന്നും ആവതൊക്കെ ചെയ്‌തു. രാജ്യത്തിന്റെ പേരും കൊടിയും ഭാഷയും ന്യൂനപക്ഷങ്ങളെ അന്യവൽക്കരിക്കാൻ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്ന പരീക്ഷണത്തിലായിരുന്നു അവർ.
ആർഎസ്‌എസ് മുഖപത്രമായ ഓർഗനൈസറിന്റെ 1947 ജൂലൈ‐ആഗസ്‌ത് പേജുകൾ സംഘപരിവാറിന്റെ ഈ ‘പരാജയപ്പെട്ട പോരാട്ട’ത്തിന്റെ ലിഖിതരേഖകളായി നമ്മുടെ മുന്നിലുണ്ട്.
1947 ജൂലൈയിലായിരുന്നു ഇന്ത്യൻ ഭരണഘടനാഅസംബ്ലിയിൽ ദേശീയപതാകയെപ്പറ്റി ചർച്ച നടന്നത്. ത്രിവർണ്ണപതാക അംഗീകരിക്കപ്പെടും എന്ന ഘട്ടം വന്നതോടെ മുഖപ്രസംഗം മുതൽ കത്തുകളിൽ വരെ പതാകക്കെതിരെ ആർഎസ്‌എസ് തീ ചീറ്റി.
ഭഗവധ്വജം ആർഎസ്‌എസ് ശാഖകളിൽ ഗുരുവായി കണ്ട് നമിക്കുന്ന കാവിക്കൊടിയാണ്. ക്ഷേത്രമുറ്റത്ത് ശാഖ നടക്കുമ്പോൾ നടുവിൽ ഈ കൊടിയുണ്ടാകും. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഇവ പാറും. ചില സന്നാസിമാർ കൊണ്ടുനടക്കും. ആർഎസ്‌എസ് അതിന് വലിയ പവിത്രത കൽപ്പിക്കുന്നു. ജൂലൈ 17 ന്റെ മുഖപ്രസംഗത്തിൽ ഈ കൊടിയുടെ മഹത്വത്തെപ്പറ്റി ഓർഗനൈസർ വാചാലരായി. ത്രിവർണ്ണപതാക എന്ന തീരുമാനത്തിലേക്ക് ഭരണഘടനാ അസംബ്ലി എത്തുന്നു എന്നുവന്നപ്പോൾ കോൺഗ്രസ് കൊടി എന്നാണ് ആ പതാകയെ മുഖപ്രസംഗം വിവരിച്ചത്. ‘എല്ലാവർക്കും സ്വീകാര്യമായ’ പതാക അംഗീകരിക്കുന്നു എന്ന അസംബ്ലിയുടെ വാദത്തോട് ഓർഗനൈസർ രൂക്ഷമായി പ്രതികരിക്കുന്നു.
1947 ജൂലൈ 17ലെ ഓർഗനൈസറിന്റെ മുഖപ്രസംഗത്തിൽനിന്ന്
‘അസംബന്ധമാണിത്. പതാക രാഷ്‌ട്രത്തെ പ്രതിനിധീകരിക്കുന്നു.. ഹിന്ദുസ്ഥാനിൽ ഒരേയൊരു രാഷ്ട്രമേയുള്ളൂ‐5,000 വർഷത്തിലേറെ നീണ്ട അഭേദ്യമായ ചരിത്രമുള്ള ഹിന്ദു രാഷ്ട്രം. അതാണ് രാഷ്ട്രം; പതാക ആ രാഷ്ട്രത്തെയും ആ രാഷ്ട്രത്തെ മാത്രവും പ്രതീകമാക്കണം. എല്ലാ സമുദായങ്ങളുടെയും ആഗ്രഹങ്ങളും അഭിലാഷങ്ങളും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പതാക തിരഞ്ഞെടുക്കാനാവില്ല.’’ മുൻഗാമികൾ കൈമാറിത്തന്ന കൊടിയുടെ മഹത്വം ഏറെ വിവരിച്ച ശേഷം മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെ:
‘‘പതാക (ഭഗവധ്വജം)യിലെ ഈ സവിശേഷമായ ചാരുതയും മഹത്വവും ഗാംഭീര്യവും കണ്ടെത്താനോ വിലമതിക്കാനോ കഴിയാത്തവർ അജ്ഞരോ ദുരുദ്ദേശ്യമുള്ളവരോ മാത്രമാണ്. ഈ പതാകയ്ക്കു മാത്രമേ ഹിന്ദുസ്ഥാന്റെ യഥാർഥ ദേശീയപതാകയാകാൻ കഴിയൂ. അതു മാത്രവുമായിരിക്കും രാഷ്ട്രത്തിന് സ്വീകാര്യമായ പതാക. ജനങ്ങളുടെ ഈ ആഗ്രഹം നടപ്പാക്കുന്നതാണ് ഭരണഘടനാ നിർമാണസഭയ്ക്ക് ഉചിതം.’’
എന്തായാലും ഈ മുന്നറിയിപ്പൊന്നും ഏശിയില്ല. ജൂലൈ 22 ന് ത്രിവർണ്ണ പതാക എന്ന നിർദേശം ജവഹർലാൽ നെഹ്‌റു മുന്നോട്ടുവെക്കുകയും അസംബ്ലി അത് അംഗീകരിക്കുകയും ചെയതു.
തുടർന്നുള്ള ലക്കങ്ങളിലും മറ്റാവശ്യങ്ങൾ ഉന്നയിക്കുന്നതിനൊപ്പം പതാകക്കെതിരായ ‘ആക്രമണം’ ഓർഗനൈസർ തുടർന്നു. ജൂലൈ 31ന്റെ ലക്കത്തിൽ ഒന്നാംപേജിൽ തന്നെ ഭഗവധ്വജം ഉപേക്ഷിക്കുന്നതോടെ രാഷ്‌ട്രത്തിന്റെ ആത്മാവ് തന്നെ നശിക്കുമെന്ന ‘മുന്നറിയിപ്പ്’ കാണാം.
ആഗസ്‌ത് ഏഴിന്റെ ലക്കത്തിൽ പതാകക്കെതിരെ സവർക്കർ നൽകിയ പ്രസ്‌താവന പൂർണ്ണരൂപത്തിലുണ്ട്. ‘‘രാജ്യത്തിന്റെ യാതൊരു അംഗീകാരവുമില്ലാത്ത ഒരു പാർട്ടി (കോൺഗ്രസ്) ദേശീയപതാകയായി സ്വീകരിച്ച അത്തരമൊരു പതാകയെ ഒരു യഥാർഥ ദേശീയവാദിക്ക് എങ്ങനെ അഭിവാദ്യം ചെയ്യാനാകും? ഇല്ല! നമ്മുടെ മാതൃഭൂമിയും പുണ്യഭൂമിയുമായ, സിന്ധു മുതൽ സമുദ്രങ്ങൾ വരെ അവിഭക്തവും അഖണ്ഡവുമായ ഹിന്ദുസ്ഥാന്റെ ആധികാരിക പതാക ഭഗവധ്വജമല്ലാതെ മറ്റൊന്നുമാകാൻ കഴിയില്ല.’‐’ സവർക്കർ ദേശീയപതാകയെ പൂർണ്ണമായും തള്ളിക്കളയുന്നു. ജൂലൈ മൂന്നിന്റെ പത്രത്തിൽ രണ്ടാം സർസംഘചാലക് എം എസ് ഗോൾവാൾക്കറുടെ പ്രസംഗമായും ഇക്കാര്യമുണ്ട്. ഭഗവധ്വജം ഉപേക്ഷിച്ച് ത്രിവർണ്ണപതാക സ്വീകരിക്കുന്നത് ‘കാലുവെട്ടി മരക്കാലുവെക്കുംപോലെയാണെന്ന് അദ്ദേഹം പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിക്കണമെന്ന് ഹിന്ദു മഹാസഭ ആഹ്വാനം ചെയ്ത വാർത്ത
തുടർന്നുള്ള ലക്കങ്ങളിലും ഈ ‘പോരാട്ടം’ തുടർന്നു. ആഗസത് 14 ന്റെ ലക്കത്തിൽ സംശയത്തിനതീതമായി ആർഎസ്‌എസ് നിലപാട് പത്രം വ്യക്തമാക്കി. ആ ലക്കത്തിൽ വന്ന Mystery Behind the Bhagwa-Dwaj എന്ന ലേഖനത്തിൽ പറയുന്നത് ഇങ്ങനെ:
‘‘അതിനാൽ, ഭഗവ(കാവി) നിറമുള്ള പതാക മാത്രമാണ് ഹിന്ദുസ്ഥാന്റെ ദേശീയപതാകയായി ഉയർത്തേണ്ടതും ഉയർത്താൻ കഴിയുന്നതുമായ ഏക പതാക. വിധിയുടെ കളിയാൽ മാത്രം അധികാരത്തിലെത്തിയ ആളുകൾ നമ്മുടെ കൈകളിൽ ത്രിവർണപതാക ഏൽപ്പിച്ചേക്കാം; എന്നാൽ അത് ഒരിക്കലും ഹിന്ദുക്കൾ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. മൂന്ന്’ എന്ന വാക്കുതന്നെ ദോഷകരമാണ്; മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും വളരെ മോശമായ മാനസികപ്രഭാവം സൃഷ്ടിക്കുന്നതും രാജ്യത്തിന് ഹാനിവരുത്തുന്നതുമാണ്.’’‐പത്രം എഴുതി.
ഇത്തരത്തിൽ ആർഎസ്‌എസ് ‘വീർ’മാരും ‘ഗുരുജി’മാരും തൊട്ടുപോകരുതെന്ന് നിർദേശിച്ച ദേശീയപതാകയുടെ വക്താക്കളായാണ് ഇന്ന് സംഘപരിവാർ നടിക്കുന്നത്.
രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നാക്കാനുള്ള ആർഎസ്‌എസിന്റെ ‘യുദ്ധ’വും ഈലക്കങ്ങളിൽ ഓർഗനൈസർ തുടർന്നു. പേര് അപ്പോഴും ഭരണഘടനാ അസംബ്ലി നിശ്‌ചയിച്ചു കഴിഞ്ഞിരുന്നില്ല. ‘‘ഒരു രാജ്യത്തിന് അതിന്റെ പേര് ലഭിക്കുന്നത് ആ രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളിൽനിന്നാണ്. അതിനാൽ ഹിന്ദുക്കൾ അധിവസിക്കുന്ന രാജ്യം ‘ഹിന്ദുസ്ഥാൻ’ എന്ന പേരിലാണ് അറിയപ്പെടേണ്ടത്; മറ്റേതെങ്കിലും പേരിലല്ല. ചരിത്രത്തിന്റെ ഉദയം മുതൽ തന്നെ അത് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.’’ പത്രം ജൂലൈ 31ന്റെ മുഖപ്രസംഗത്തിൽ പറഞ്ഞു.
ജൂലൈ 24 ന്റെ മുഖപ്രസംഗത്തിൽ ഹിന്ദിക്കുവേണ്ടിയും ആർഎസ്‌എസ് തീവ്രവാദം ഉയർത്തി. ഹിന്ദി രാഷ്‌ട്രഭാഷയാകണം. അതാണ് ഹിന്ദുക്കളുടെ ഭാഷ. ‘‘ഹിന്ദുസ്ഥാന്റെയും ഹിന്ദുക്കളുടെയും സംസ്‌ക്കാരവും പാരമ്പര്യവും അവരുടെ ദേശീയഭാഷയിലൂടെയേ പ്രകടിപ്പിക്കാനാകൂ.’’ തെക്കൻ സംസ്ഥാനങ്ളിലെ ജനങ്ങൾ ഹിന്ദി പഠിക്കണം. ഹിന്ദി പ്രചാരസഭ അതിനായി പ്രവർത്തിക്കുന്നുണ്ടെന്നും പത്രം പറഞ്ഞു.. ഉപയോഗിക്കുന്നത് കലർപ്പില്ലാത്ത (Undiluited) ഹിന്ദി യാകണമെന്നും പത്രം ശഠിക്കുന്നു. ഹിന്ദിപഠിക്കാത്തവരെ എന്തുചെയ്യണം എന്നൊരു സൂചനയായി ഒരു വാർത്ത ആഗസ്‌ത് ഏഴിന്റെ ഓർഗനൈസർ പതിനാലാം പേജിൽ പ്രത്യേക പരിഗണന നൽകി കൊടുത്തിട്ടുണ്ട്. അതിങ്ങനെ:
‘‘ഹിന്ദി പഠിക്കുക, അല്ലെങ്കിൽ വിരമിക്കുക
അലഹബാദ് മുനിസിപ്പൽ ബോർഡിന്റെ എല്ലാ ജീവനക്കാരോടും ഉടൻ ഹിന്ദി പഠിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. ഹിന്ദി പഠിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരെ നിർബന്ധിതമായി വിരമിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹിന്ദി പഠിച്ചെടുക്കാൻ രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജീവനക്കാരിൽ ഭൂരിഭാഗത്തിനും അറിയാവുന്നത് ഉറുദു മാത്രമാണ്. അവരിൽ ചിലർക്ക് 55 വയസ്സോളം പ്രായമുണ്ട്.
1947 ജൂലൈ 24ന്റെ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ഹിന്ദി നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വാര്‍ത്ത
മുസ്ലീങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഉറുദുവിനെതിരായ കണക്കുതീർക്കൽ കൂടിയായിരുന്നു ഹിന്ദിസ്‌നേഹത്തിന്റെ മറവിൽ ആർഎസ്‌എസ് നടത്തിയിരുന്നതെന്ന് ഈ വാർത്തയ്‌ക്കു നൽകിയ പരിചരണം വ്യക്തമാക്കുന്നു.
രാജ്യം സ്വാതന്ത്യദിനാഘോഷത്തിലേക്ക് നീങ്ങിയതോടെ ആർഎസ്‌എസിനുവേണ്ടി ഹിന്ദുമഹാസഭയുടെ പ്രസ്‌താവനകൾ വന്നു. ആഗസ്‌ത് ഏഴിന്റെ പത്രത്തിൽ സഭാ പ്രസിഡണ്ട് എൽ ബി ഭോപാട്‌കറുടെ പ്രസ്‌താവനയുമുണ്ട്. ഹിന്ദുക്കളും സിഖുകാരും ആഗസ്‌ത് 15 ന്റെ ആഘോഷങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് അത് ആഹ്വാനം ചെയ്യുന്നു. ഇന്ത്യാ വിഭജനത്തോടുള്ള എതിർപ്പെന്ന മറവിലാണാഹ്വാനം. സവർക്കറുടെ അധ്യക്ഷതയിൽ ചേർന്ന ഹിന്ദുമഹാസഭാ അഖിലേന്ത്യാ സമിതി സ്വാതന്ത്ര്യദിനത്തിൽ പ്രതിഷേധയോഗങ്ങൾ നടത്താനും ആഹ്വാനം ചെയ്‌തു.
ഗാന്ധിവധത്തെ തുടർന്ന് നിരോധനം നീക്കാൻ ആർഎസ്‌എസിന് ഭരണഘടന എഴുതി ഉണ്ടാക്കേണ്ടിവന്നത് ഏറെ അറിയപ്പെടുന്ന ചരിത്രം. ഗോൾവാൾക്കർ അന്നു ജയിലിലാണ്. ഭരണഘടന ഉണ്ടാക്കിയാൽമാത്രം പോരാ അതിൽ ദേശീയപതാകയെ അംഗീകരിക്കുമെന്നു കൂടി എഴുതിച്ചേർക്കണമെന്ന് സർദാർ വ്ല്ലഭായ് പട്ടേൽ നിർബ്ബന്ധം പിടിച്ചു. . ‘ദേശീയപതാക എല്ലാവരും അംഗീകരിക്കുമല്ലോ’ എന്നൊക്കെ ഗോൾവാൾക്കർ വാദം ഉയർത്തി. പക്ഷേ ഒടുവിൽ വഴങ്ങേണ്ടിവന്നു. അങ്ങനെ ആർഎസ്‌എസ് ഭരണഘടനയുടെ അഞ്ചാം വകുപ്പിൽ ദേശീയപതാകയെ അംഗീകരിക്കും എന്ന് ചേർത്തു. ഇന്ത്യയിൽ ഇങ്ങനെ ഒന്ന് എഴുതിച്ചേർക്കേണ്ടി വന്ന ഏകസംഘടനയായി ആർഎസ്‌എസ് മാറി.
ആർഎസ്‌എസിന്റെ ദേശീയപതാക വിരോധം 1947ൽ തീർന്നില്ല. 1966ൽ വിചാരധാരയിലും ഗോൾവാൾക്കർ ദേശീയപതാകയുടെ ആപത്ത് ഓർമ്മിപ്പിച്ചു (പേജ് 237–238). 2015 സപ്‌തംബറിൽ ചെന്നൈയിൽ എഴുത്തുകാരുടെ യോഗം വിളിച്ചപ്പോൾ പോലും അന്നത്തെ പ്രചാർ പ്രമുഖ് ഡോ മൻമോഹൻ വൈദ്യ ഈ നിലപാട് ആവർത്തിച്ചു. ദേശീയ പതാക വർഗീയ ചേരിതിരിവിനും കലാപത്തിനും ഉപകരണമായി ഉപയോഗിക്കാൻ ആർഎസ്‌എസ് ഒരിക്കലും മടിച്ചതുമില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി 1994ൽ കർണാടകത്തിലെ ഹുബ്ലിയിൽ കലാപശ്രമവുമായി എത്തിയപ്പോൾ ദേശീയപതാകയാണ് കയ്യിൽ കരുതിയത്. ഈദ്ഗാഹ് മൈതാനത്ത് ദേശീയ പതാക ഉയർത്തി സംഘർഷത്തിനായിരുന്നു നീക്കം. അവിടെ പൊലീസ് വെടിവെപ്പിൽ ആറുപേരാണ് മരിച്ചത്. 1992ൽ ശ്രീനഗറിലെ ലാൽ ചൗക്കിലും പതാക അവർ കുഴപ്പത്തിന് ഉപകരണമാക്കി.
ഇന്നിപ്പോൾ നാൽപ്പതുകളിൽ തോറ്റ പോരാട്ടങ്ങളെല്ലാം വിജയമാക്കാനുള്ള പുറപ്പാടിലാണ് ആർഎസ്‌എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ. ഭാരതമാതാവ് എന്ന പേരിൽ ഒരു കലണ്ടർ ചിത്രവും അതിനൊപ്പം ആ മൂലകീറിയ കാവിക്കൊടിയും വന്ദേമാതരവും തലനീട്ടുന്നത് യാദൃച്‌ഛികമല്ല. ഇന്ത്യ എന്ന പേരുമാറ്റണമെന്ന ആവശ്യവും ഹിന്ദിക്കുവേണ്ടിയുള്ള ഫയൽ നീക്കങ്ങളും ഇതിന്റെ ഭാഗമാണ്. 1947ൽ മതേതര ഇന്ത്യ പിന്നോട്ടടിപ്പിച്ച ചുവടുകളൊക്കെ മുന്നോട്ടുവെക്കാനാണ് ആർഎസ്‌എസ് നീക്കമെന്ന് വ്യക്തം.















