‘സർ’ന്റെ ‘സാർ’ ആരാണ്


ഡോ. ജോൺ ബ്രിട്ടാസ് എംപി
Published on Jul 09, 2025, 02:25 AM | 4 min read
‘സർ’ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ – SIR) എന്ന പേരിൽ ബിഹാറിൽ ആരംഭിച്ചിരിക്കുന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ യഥാർഥ ‘സാർ’ ആരാണ്. ഉത്തരേന്ത്യയിലെ ശരാശരി മനുഷ്യന്റെ കൈയിലെ ഏക ആയുധം അയാളുടെ വോട്ടാണ്. ഇന്ത്യയുടെ ഭാഗധേയത്തെ നിർണയിക്കുന്നതിൽ എപ്പോഴും ഈ ദരിദ്രരുടെ ഇടവേളകളിലെ സമ്മതിദാനാവകാശമാണ് വഴി വച്ചിട്ടുള്ളത്. അവർക്കിനി ആ ആയുധം വേണ്ടതില്ലെന്ന് ഏതൊക്കെയോ ‘സാറ’ന്മാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ‘സർ’ പ്രക്രിയയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഹിന്ദിഹൃദയഭൂവിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് ബിഹാർ. ബിഹാറിൽ ചുവടുപിഴച്ചാൽ അത് ആ സംസ്ഥാനഭരണത്തെ മാത്രമല്ല, കേന്ദ്രഭരണത്തെക്കൂടി അസ്ഥിരീകരിക്കുമെന്ന് ബിജെപി തിരിച്ചറിയുന്നു. തിരിച്ചടികൾ ഉണ്ടായാൽ കേന്ദ്രത്തിലെ രണ്ട് ഊന്നുവടികളിൽ ഒന്നായ നിധീഷ് കുമാർ കളം മാറ്റി ചവിട്ടാൻ മടിക്കില്ല. ഇന്നത്തെ സ്ഥിതിക്ക് ബിഹാറിൽ ഒരു ഭരണമാറ്റത്തിനുള്ള കളമൊരുങ്ങുന്നെന്ന സൂചനകൾ ലഭ്യമാണ്. ഇതാണ് പൊടുന്നനെ വോട്ടർപട്ടിക ചവിട്ടിമെതിക്കാനുള്ള ‘സർ’ എന്ന തീരുമാനവുമായി കമീഷൻ മുന്നോട്ടുവന്നത്. പ്രതിപക്ഷ നിരയിലെ 10 പാർടികൾ സംയുക്തമായി മൂന്നംഗ കമീഷനെക്കണ്ട് ‘സർ’-ൽ ഒളിച്ചിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ രണ്ടര മണിക്കൂറോളം സമയം ചെലവഴിച്ചു. ആ പ്രതിനിധിസംഘത്തിൽ ഈ ലേഖകനും അംഗമായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നത് ജനങ്ങളുടെ വോട്ടാണ്. അതിനുണ്ടാകുന്ന ഏതു വിഘാതവും ജനാധിപത്യപ്രക്രിയക്ക് തുരങ്കം വയ്ക്കും. പുതിയ തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനമേറ്റതിനുശേഷം പാർടികളുമായി നീണ്ട കൂടിയാലോചനകൾ നടത്തിയിരുന്നു. തങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന 21 കാര്യങ്ങളുടെ പട്ടിക കമീഷൻ പിന്നീട് പുറത്തിറക്കുകയും ചെയ്തു. എന്നാൽ, ഇവിടെയൊന്നും പരാമർശിക്കാതിരുന്ന ‘സർ’ തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുന്ന ബിഹാറിൽ പൊടുന്നനെ പ്രയോഗിക്കാൻ കമീഷൻ തീരുമാനിച്ചതുകൊണ്ടാണ് ഇതിനുമേൽ ഏതോ ഒരു ‘സാർ’ പതുങ്ങിയിരിക്കുന്നതായി പ്രതിപക്ഷം ആകുലപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ആ ‘സാർ’ എന്നത് ബിജെപിയുടെ വെപ്രാളത്തിൽനിന്ന് വ്യക്തമാകുന്നുമുണ്ട്.
ചതിക്കുഴിയുടെ ആഴം
വോട്ടർപട്ടിക പുനഃപരിശോധന എന്ന ലാഘവപൂർണമായ പദപ്രയോഗം പലരെയും തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ട്. എന്താണ് യഥാർഥത്തിൽ ബിഹാറിൽ നടക്കുന്നതെന്ന് മനസ്സിലാക്കുമ്പോൾ മാത്രമേ അതിന്റെ പിന്നിലെ ചതിക്കുഴികൾ വ്യക്തമാകൂ. നിലവിലുള്ള വോട്ടർപട്ടിക പ്രകാരം 7.9 കോടി വോട്ടർമാരാണ് ബിഹാറിലുള്ളത്. സാധാരണഗതിയിൽ പുതിയ കുറച്ചുപേർകൂടി പട്ടികയിൽ സ്ഥാനം പിടിക്കുമെന്നതുകൊണ്ട് ഇത് എട്ടു കോടിയോളം എത്തുമെന്ന് അനുമാനിക്കാം. പുനഃപരിശോധന എന്ന പേരിൽ ദരിദ്രരും പിന്നാക്കക്കാരുമായ ബഹുഭൂരിപക്ഷം വോട്ടർമാരുടെമേൽ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് അധികാരികളെ ബോധ്യപ്പെടുത്താനുള്ള അതിതീക്ഷ്ണമായ കടമ്പകളാണ് കമീഷൻ പടുത്തുയർത്തിയിരിക്കുന്നത്. 2003 വരെ പട്ടികയിൽ ഉണ്ടായിരുന്നവർ, വോട്ടവകാശത്തിനായി പട്ടികയിൽ തങ്ങളുടെ പേരും വിവരങ്ങളുമുള്ള പേജ് ഉൾപ്പെടുത്തി പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകണം. ഇതുതന്നെ ബിഹാറിലെ മഹാഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ കടമ്പയാണ്. 2003-ന് ശേഷം പട്ടികയിൽ സ്ഥാനം പിടിച്ചവർക്ക് ചാടിക്കടക്കാൻ കൂടുതൽ ഉയരമുള്ള ക്രോസ്ബാറുകളാണ് വച്ചിട്ടുള്ളത്. 1987-ന് മുമ്പ് ജനിച്ചവരാണെങ്കിൽ അവരുടെ ജന്മസ്ഥലവും തീയതിയും ഉൾപ്പെടെയുള്ള ജനനരേഖ വ്യക്തിഗത ഫോറത്തോടൊപ്പം ഹാജരാക്കണം. ഇനി 1987-നും 2004-നും ഇടയിൽ ജനിച്ചവരാണെങ്കിൽ ജനനരേഖമാത്രം പോരാ, അച്ഛന്റെയോ അമ്മയുടെയോ ജനനത്തീയതിയും സ്ഥലവുമുള്ള ജനനരേഖകൂടി ഹാജരാക്കണം. 2004-ന് ശേഷം ജനിച്ചവരാണെങ്കിൽ അച്ഛന്റെയും അമ്മയുടെയും ജനനരേഖകൾകൂടി ഹാജരാക്കണം. ബിഹാറിലെ പകുതി ജനങ്ങൾക്കും നല്ല വീടുപോലുമില്ല. ജനനമരണങ്ങൾ പൊതുവേ രജിസ്റ്റർ ചെയ്യപ്പെടാറുമില്ല. വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും വരുമ്പോൾ കൂട്ടത്തോടെ പലായനം ചെയ്യും. ഇവരോടാണ് ജൂൺ 25 മുതൽ ജൂലൈ 25 വരെയുള്ള കാലത്ത് ഈ പ്രക്രിയ പൂർത്തിയാക്കി വോട്ടർ യോഗ്യതയും പൗരത്വവും ആർജിക്കാൻ കമീഷൻ ഉത്തരവിട്ടത്.

കമീഷൻ ഉത്തരവിലെ ചതിക്കുഴിയുടെ ആഴം മനസ്സിലാക്കണമെങ്കിൽ, പുനഃപരിശോധനാ പ്രക്രിയയിൽ ഉപയോഗിക്കാൻ പാടില്ലാത്ത രേഖകൾ ഏതൊക്കെയാണെന്നുകൂടി മനസ്സിലാക്കണം. ആധാർ, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ദേശീയ തൊഴിൽദാന പദ്ധതി കാർഡ് എന്നിങ്ങനെ സാധാരണക്കാരുടെ കൈയിൽ ഉണ്ടാകാനിടയുള്ള രേഖകളിൽ ഒന്നുപോലും കമീഷൻ മുഖവിലയ്ക്കെടുക്കില്ല. അനുവദിച്ച ഒരു മാസത്തിൽ 10 ദിവസത്തോളം തങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിന് കമീഷൻ ചെലവഴിച്ചു. ഇനി അവശേഷിക്കുന്ന ദിനങ്ങളിൽ വേണം ഫോറം പൂരിപ്പിക്കൽ, രേഖകൾ കണ്ടെത്തൽ, കംപ്യൂട്ടറിലേക്ക് അപ്‌ലോഡ് ചെയ്യൽ തുടങ്ങിയ നൂലാമാലകളിലൂടെ വോട്ടർമാർ കടന്നുപോകാൻ.
രേഖ കണ്ടെത്താൻ സമയമെവിടെ
കമീഷനുമായുള്ള കൂടിയാലോചനയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനോട് ഈ ലേഖകൻ ഉന്നയിച്ച ഒരു ചോദ്യമുണ്ട്: “അങ്ങ് കേരള കേഡർ ഉദ്യോഗസ്ഥനായിരുന്നു. ഏറ്റവും സാക്ഷരതയും അവബോധവുമുള്ള കേരളത്തിൽ നിന്ന നിൽപ്പിൽ രണ്ടോ മൂന്നോ ആഴ്ചയ്‌ക്കുള്ളിൽ ഈ പ്രക്രിയയിലൂടെ കടന്നുപോകാൻ വോട്ടർമാരോടു പറഞ്ഞാൽ എത്ര പേർക്ക് ഇത് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. തങ്ങളുടെ അസ്തിത്വം തെളിയിക്കാൻ ഒരു സാധാരണ മലയാളി ആദ്യം പുറത്തെടുക്കുന്ന രേഖ റേഷൻ കാർഡായിരിക്കും; അതുകഴിഞ്ഞ് ആധാറും തെരഞ്ഞെടുപ്പ് ഐഡി കാർഡും ഒക്കെയും. എന്നാൽ, ഇതൊന്നും പറ്റില്ല ജനന സർട്ടിഫിക്കറ്റ്, അതും അച്ഛനമ്മമാരുടെ ജനനരേഖ, അല്ലെങ്കിൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഒക്കെ വേണമെന്ന് നിഷ്കർഷിച്ചാൽ മലയാളികൾപോലും കുഴങ്ങില്ലേ”. ഈ ചോദ്യത്തിനു മുന്നിൽ ഒരു ചിരികൊണ്ട് ഒഴിഞ്ഞുമാറുകയല്ലാതെ യുക്തിഭദ്രമായ ഒരു പ്രതികരണം ഗ്യാനേഷ് കുമാറിൽനിന്നുണ്ടായില്ല. ‘സർ’-ന്റെ യഥാർഥ ‘സാർ’ ഗ്യാനേഷ് കുമാർ അല്ലല്ലോ! അപ്പോൾ, അദ്ദേഹത്തിന് അങ്ങനെയേ പ്രതികരിക്കാൻ കഴിയൂ.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് പത്രം ബിഹാറിലെ 10 ജില്ല കേന്ദ്രീകരിച്ച് ഒരു പഠനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിക്കുന്ന രേഖകളുടെ പത്മവ്യൂഹത്തിലൂടെ കടന്നുപോകാൻ ദളിതരും പിന്നാക്കക്കാരും മുസ്ലിങ്ങളും ഏറെ കഷ്ടപ്പെടുമെന്നാണ് ഈ പത്രത്തിന്റെ വാർത്തകൾ അപഗ്രഥനം ചെയ്യുമ്പോൾ മനസ്സിലാകുന്ന കാര്യം. എക്സ്പ്രസ് ലേഖകരുടെ ചോദ്യത്തിന് പല വോട്ടർമാരും നൽകിയ മറുപടി ശ്രദ്ധേയമാണ്: “അന്നന്നത്തെ ഭക്ഷണത്തിനുവേണ്ടി പോകുമോ, അതോ, ഇവർ പറയുന്ന രേഖകൾ കിട്ടാൻവേണ്ടി ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങി നടക്കുമോ”. തങ്ങൾക്ക് ഹിതകരമല്ലാത്ത വോട്ടുകളെ വെട്ടിയരിഞ്ഞുകളയാനുള്ള ആയുധമായി "സർ'-നെ ബിജെപി മാറ്റുന്നു എന്നർഥം.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ അതിഥിത്തൊഴിലാളികളായി ലക്ഷക്കണക്കിന് ബിഹാറികൾ ജോലി നോക്കുന്നുണ്ട്. അവരൊക്കെ കൃഷിയിറക്കൽകാലത്തും വിളവെടുപ്പുകാലത്തും തെരഞ്ഞെടുപ്പുകാലത്തും സ്വദേശത്തേക്കു മടങ്ങും. ഇവരെയൊക്കെ ഒന്നടങ്കം വെട്ടിയൊതുക്കുകയെന്ന തന്ത്രംകൂടി കമീഷന്റെ തീരുമാനത്തിലുണ്ട്. ബിഹാറിലെ 20 ശതമാനത്തോളം ജനങ്ങൾ ഉപജീവനമാർഗം തേടി മറ്റിടങ്ങളിൽ പോകാറുണ്ട്. അവരെയൊന്നും ബിഹാറിലെ വോട്ടർമാരാക്കാൻ കഴിയില്ലെന്ന് ഗ്യാനേഷ് കുമാർതന്നെ പ്രതിപക്ഷ നേതാക്കളുമായുള്ള യോഗത്തിൽ തുറന്നടിച്ചിരുന്നു.
മോദിസർക്കാർ കൊണ്ടുവന്ന നോട്ട് നിരോധനംപോലെ വോട്ട് നിരോധനമാണ് ബിഹാറിനുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. യഥാർഥത്തിൽ ഇത് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കലാണ്. സർ പ്രക്രിയയിൽനിന്ന് പുറത്താകുന്ന ബിഹാറിലെ ജനങ്ങളെ എന്തു ചെയ്യുമെന്ന ചോദ്യം തുറിച്ചുനോക്കുന്നുമുണ്ട്. അവരെ വിദേശി മുദ്രകുത്തി നാടുകടത്തുമോ. സ്വന്തം നാട്ടിൽ വോട്ട് എന്ന ആയുധംപോലും നഷ്ടപ്പെടുന്ന കോടിക്കണക്കിനു ജനങ്ങളുടെ അവസ്ഥ എന്താകും.
തീവ്ര പരിശോധനയുടെ രാഷ്‌ട്രീയം
ജനാധിപത്യപ്രക്രിയ സാർഥകമാകാൻ, അർഹതപ്പെട്ടവർക്ക് വോട്ടിങ് കവചം നൽകുക എന്നതായിരുന്നു ഇതുവരെയുള്ള നമ്മുടെ സമീപനം. അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായും നമ്മൾ കണ്ടിരുന്നു. എന്നാൽ, പൊടുന്നനേ തനിക്ക് വോട്ടറാകാൻ യോഗ്യതയുണ്ടെന്ന് അനുദിനം തെളിയിക്കേണ്ട ഒരു ബാധ്യത ജനങ്ങൾക്കുമേൽ ചുമത്തിയിരിക്കുകയാണ്. വോട്ടർപട്ടികയുടെ സാധാരണ പുനഃപരിശോധന ഈ വർഷം ജനുവരിയിൽ പൂർത്തിയാക്കിയ ശേഷമാണ് തീവ്ര പരിശോധനയുമായി കമീഷൻ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കണം. നാസി ജർമനിയിൽ ബോധപൂർവം വിവിധ വിഭാഗങ്ങളെ സമ്മതിദാനാവകാശത്തിൽനിന്ന് പുറത്താക്കിയിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ബിഹാറിൽ ആരംഭിച്ചിരിക്കുന്നത്. എക്കാലത്തും ആർഎസ്എസ് നോട്ടമിടുന്ന ഒരു പ്രതലം വോട്ടർപട്ടികയുടേതാണ്. ലോക്സഭയിലെ തിരിച്ചടി മറികടക്കാൻ ഏതാനും ആഴ്ചകൾകൊണ്ട് 40 ലക്ഷം വോട്ടർമാരെ കൂടുതലായി ചേർത്താണ് അവർ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. ഇതിന്റെ മറ്റൊരു രൂപമാണ് വോട്ട് നിരോധനമെന്ന ആയുധം വീശി ബിഹാർ പിടിച്ചെടുക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ പല ലക്ഷ്യങ്ങളും ആർഎസ്എസിനുണ്ട്. ബിഹാറിലാണ് തുടക്കമെങ്കിലും ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും. അങ്ങനെ, പിൻവാതിലിലൂടെ പൗരത്വ രജിസ്റ്റർ നടപ്പാക്കും. തെരഞ്ഞെടുപ്പ് കമീഷനും മറ്റ് ഭരണയന്ത്ര സംവിധാനങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായതുകൊണ്ട് ഭരണം നിലനിർത്താനും പിടിക്കാനുമുള്ള നൂതനമാർഗമായി ‘സർ’-നെ മാറ്റിയെടുക്കും. പുറമേയ്ക്ക് നിരുപദ്രവകരമെന്നു തോന്നിയേക്കാവുന്ന, എന്നാൽ ഭയാനകമായ പാർശ്വഫലങ്ങളുള്ള പ്രക്രിയയാണ് ബിഹാറിൽ തൊടുത്തുവിട്ടിരിക്കുന്നത്.















