ad
Deshabhimani

കാർബൺ ക്രെഡിറ്റിലൂടെ 
നേട്ടം കൊയ്യാൻ ജലമെട്രോ

water metro
വെബ് ഡെസ്ക്

Published on Jul 24, 2026, 02:55 AM | 1 min read

കൊച്ചി


കാർബൺ ക്രെഡിറ്റ് വാലിഡേഷൻ പ്രക്രിയയ്ക്ക് കൊച്ചി ജലമെട്രോ തുടക്കംകുറിച്ചു. ഇതിനായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഷർ ക്ലൈമറ്റ് ഏജൻസിയെ തെരഞ്ഞെടുത്തു. സർവീസുകൾ വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണ കുറവും ഹരിതഗൃഹ വാതക ബഹിർഗമനത്തിലെ കുറവും ശാസ്ത്രീയമായി വിലയിരുത്തി സാമ്പത്തിക നേട്ടമാക്കി മാറ്റുകയാണ്‌ കാർബൺ ക്രെഡിറ്റ്‌ വാലിഡേഷൻ ലക്ഷ്യം.


റവന്യു ഷെയറിങ്‌ മാതൃകയിലാണ് പദ്ധതി നിർവഹണം. ജലമെട്രോ സാമ്പത്തികബാധ്യത വഹിക്കുന്നില്ല. പകരം, ലഭിക്കുന്ന കാർബൺ ക്രെഡിറ്റുകൾ വിപണിയിൽ ട്രേഡ് ചെയ്യുമ്പോൾ കിട്ടുന്ന തുകയുടെ 71 ശതമാനവും കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിക്കും. കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കേഷൻ, അനുമതികൾ, സാങ്കേതിക പഠനങ്ങൾ എന്നിവയുടെ മുഴുവൻ ചെലവും ഏജൻസി വഹിക്കും.


യാത്രക്കാർ ജലമെട്രോ തെരഞ്ഞെടുക്കുമ്പോൾ കുറയുന്ന കാർബൺ പ്രസരണം ശാസ്ത്രീയമായി കണക്കാക്കും. ജലമെട്രോ നിർമാണംമുതൽ സർവീസ് വരെയുള്ള എല്ലാവശങ്ങളും പഠിച്ച് അന്താരാഷ്ട്ര സ്കീമുകൾക്ക് അനുയോജ്യമായ അനുമതികൾ നേടും. ഇത്തരത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റുകൾ അന്താരാഷ്ട്ര വിപണിയിൽ കൈമാറി സാമ്പത്തികനേട്ടം ഉണ്ടാക്കും.


ഇലക്ട്രിക് വാട്ടർ ട്രാൻസ്പോർട്ട് രംഗത്ത് കാർബൺ ക്രെഡിറ്റ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യയിലെയും കേരളത്തിലെയും ആദ്യ സംരംഭങ്ങളിലൊന്നാണ് ഇതെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വ്യക്തമാക്കി. ഭാവിയിൽ പരിസ്ഥിതി നിയമങ്ങളും റെഗുലേഷനുകളും കൂടുതൽ കർശനമാകുമ്പോൾ ഈ കാർബൺ ക്രെഡിറ്റുകളുടെ മൂല്യം വർധിക്കുകയും വലിയ സാമ്പത്തിക വരുമാനമായി ഇത് മാറുകയും ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home