ad
Deshabhimani

മണ്ണ് മാഫിയ വീണ്ടും പിടിമുറുക്കുന്നു

ഒറ്റ പാസിൽ കടത്തുന്നത് പത്തിലേറെ ലോഡ്

അനധികൃതമായി സ്‌കൂൾ സമയത്ത് മണ്ണുകടത്താൻ ഉപയോഗിച്ച ടിപ്പറുകൾ

അനധികൃതമായി സ്‌കൂൾ സമയത്ത് മണ്ണുകടത്താൻ ഉപയോഗിച്ച ടിപ്പറുകൾ

avatar
സ്വന്തം ലേഖകൻ

Published on Jul 24, 2026, 02:53 AM | 1 min read

വെള്ളറട

മലയോര- അതിർത്തി മേഖലകളിൽ മണ്ണ് മാഫിയ വീണ്ടും സജീവമായി. മുന്പ്‌ ഭരണസംവിധാനത്തിന്റെ ശക്തമായ ഇടപെടലിൽ പിൻവാങ്ങിയ മാഫിയാ സംഘങ്ങളാണ് അതിർത്തി ഗ്രാമങ്ങളിൽ വീണ്ടും പിടിമുറുക്കാൻ ശ്രമിക്കുന്നത്. വെള്ളറട സ്റ്റേഷൻ പരിധിയിലാണ് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയർത്തി മണ്ണ് മാഫിയ സജീവമായത്. മാഫിയ ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ദക്ഷിണ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തതോടെ മാഫിയാ സംഘങ്ങൾ അടിയറവ്‌ പറഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥതലത്തിലുണ്ടായ മാറ്റങ്ങളെ മുതലെടുത്ത് വീണ്ടും രംഗത്തിറങ്ങുകയായിരുന്നു. ​വെള്ളറട, അമ്പൂരി, പനച്ചമൂട് തുടങ്ങിയ മേഖലകളിൽ കുന്നുകൾ ഇടിച്ചുനിരത്തുകയും വയലുകളും തണ്ണീർത്തടങ്ങളും നികത്തുകയും ചെയ്യുന്നുണ്ട്‌. തദ്ദേശസ്ഥാപനങ്ങൾ വീടുനിർമാണത്തിന്‌ നൽകുന്ന അനുമതിയുടെ മറവിലാണ് ഈ പകൽക്കൊള്ള. പാസുകളിൽ വാഹനങ്ങളുടെ നമ്പറും സമയവും കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടമെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സമയം രേഖപ്പെടുത്താതെ ഒരു പാസിൽ പത്തിലധികം ലോഡ് മണ്ണാണ് കടത്തുന്നത്. നാട്ടുകാർ പരാതിപ്പെടുമ്പോൾ പരിശോധനയ്‌ക്കെത്തുന്ന ചിലർ പാസ് ഉണ്ടെന്ന് കാട്ടി മാഫിയക്ക് കുടപിടിക്കുകയാണ്‌. ​കർശന നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ നിരത്തുകളിൽ പായുന്നത്. വിദ്യാർഥികളും കാൽനടയാത്രക്കാരും നിരത്തിലിറങ്ങുന്ന സമയങ്ങളിൽപ്പോലും ഒരു നിബന്ധനയും പാലിക്കാതെയാണ്‌ ടിപ്പറുകൾ ഓടുന്നത്‌.

വിലക്ക് ലംഘിച്ച 2 ടിപ്പർ പിടിയിൽ

വെള്ളറട

സ്കൂൾസമയത്ത് മണ്ണുമായി അമിതവേഗത്തിൽ പാഞ്ഞ രണ്ട് ടിപ്പർ ലോറി വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കാർ നിർദേശം കാറ്റിൽപ്പറത്തി അമിത ലോഡുമായി എത്തിയ വാഹനങ്ങളെ എസ്ഐ അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വാഹനങ്ങൾക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home