ad
Deshabhimani

വിദ്യാർഥികളെ വേട്ടയാടി പൊലീസ്‌

police
വെബ് ഡെസ്ക്

Published on Jul 24, 2026, 03:02 AM | 1 min read

കൊച്ചി


നൂറുകണക്കിന്‌ വിദ്യാർഥികൾ അണിനിരന്ന്‌ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവകാശപത്രിക മാര്‍ച്ചില്‍ പൊലീസ്‌ അതിക്രമം. ഡൽഹി ജന്തർ മന്തറിൽനിന്ന്‌ രാജ്യമാകെ ആഞ്ഞടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിന്റെ ആവേശത്തിൽ ഇരന്പിയാർത്ത വിദ്യാർഥിമാർച്ചിനുനേരെ പൊലീസ്‌ ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തു.


കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, എന്‍ടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കം തീർത്തായിരുന്നു വിദ്യാർഥിമാർച്ച്‌.

മറൈന്‍ഡ്രൈവില്‍നിന്ന് എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജില്ലയിലെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.


പതാകകളും പ്ലക്കാർഡുകളുമുയർത്തി, നഗരപാതയെ പ്രകന്പനംകൊള്ളിച്ച്‌ നീങ്ങിയ മാര്‍ച്ച് എറണാകുളം ഗവ. ലോ കോളേജിനുമുന്നില്‍ പൊലീസ് ബാരിക്കേഡ്‌ നിരത്തി തടഞ്ഞു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അജ്മില ഷാന്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി. 37 വിദ്യാര്‍ഥികളെയാണ് അറസ്റ്റുചെയ്തത്. മാര്‍ച്ചിനിടയില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രതിഷേധയോഗം എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് അധ്യക്ഷനായി. പ്രസിഡന്റ് രതു കൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രിയ പ്രിന്‍സ്, മെബിന്‍ ജോസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഖില്‍ പൗലോസ്, എം എസ് എനോഷ്, ജോയിന്റ് സെക്രട്ടറി എച്ച് നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home