ad
Deshabhimani

Articles

ശാന്തി ബില്‍: ദേശസ്നേഹ മുതലാളിത്ത കരുതൽ

ഓം.... (അ)ശാന്തി

SHANTI bill Modi Govt
എസ് എസ് അനിൽ

Published on Dec 25, 2025, 11:54 AM | 3 min read

ദേശസ്നേഹികളായ ഭരണക്കാർ ഇന്ത്യൻ പാർലമെണ്ടിൽ മറ്റൊരു ദേശവിരുദ്ധ ബില്ല് കൂടി വേഗതയിൽ പാസാക്കി എടുത്തു. 1948 മാർച്ച് മാസത്തിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇന്ത്യൻ പാർലമെണ്ടിൽ അവതരിപ്പിച്ച 'ദി അറ്റോമിക് എനർജി ആക്ട്,' ഏകദേശം ഒന്നര മാസക്കാലം 40 ലേറെ അംഗങ്ങൾ ചർച്ച ചെയ്ത്, 1948 ഏപ്രിൽ 15 ന് പ്രസിഡൻ്റിൻ്റെ കൈയെപ്പോടെ നിയമമായ ബില്ല്, അതാണ്  പാർലമെണ്ടിൽ, മോദിജി, കേവലം 5 ദിവസം കൊണ്ട് ചുട്ടെടുത്തത്. അങ്ങനെ നെഹ്റുവിന് പറ്റിയ മറ്റൊരു 'കൈ തെറ്റ്' കൂടി 'ദേശസ്നേഹി'കളാൽ തിരുത്തപ്പെട്ടു. 2010 ൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി മൻമോഹൻ സിംഗ് സർക്കാർ പാസാക്കിയെടുത്ത 'ദി സിവിൽ ലൈയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും' ഭേദഗതി ചെയ്യപ്പെട്ടു.


എന്ത് കൊള്ളരുതായ്മയെയും വർഗ്ഗീയ മേമ്പൊടിയോടെ അണിയിച്ചൊരുക്കി അവതരിപ്പിക്കാനുള്ള സംഘപരിവാരങ്ങളുടെ കുബുദ്ധി കുപ്രസിദ്ധമാണല്ലൊ. രാജ്യത്തിൻ്റെ പരമാധികാരത്തെ തന്നെ സാമ്രാജ്യത്വ യജമാനന്മാർക്ക് കാഴ്ചവക്കുന്ന ബില്ലിന് ചുരുക്കപ്പേര് 'ശാന്തി' എന്നാണ് പോലും. ആംഗലേയ ഭാഷയേയും ആംഗലേയ സംസ്കാരത്തെയും അടിച്ചൊതുക്കാൻ പ്രതിജ്ഞാബദ്ധരായ സംഘിപ്പടയാണ് ഇന്ത്യയെ, അല്ല ഭാരതത്തെ, നയിക്കുന്നത് എന്ന് മറക്കരുത്. അവരുടെ ബില്ലിൻ്റെ പേരാണ്  ''The Sustainable Harnessing and Advancement of Nuclear Energy for Transforming India (SHANTI) Bill, 2025'' എന്നത്. അശാന്തത പരത്തുന്ന നിയമത്തിന് ശാന്തി സന്ദേശമുയർത്താൻ എന്തൊക്കെ കൂട്ടിച്ചേർക്കലുകളാണ് വാക്കുകളിൽ എന്ന് പരിശോധിച്ച് നോക്കുക. അടുത്തിടെ പാസാക്കിയ മറ്റൊരു ബില്ല് കണ്ടില്ലെ? തൊഴിൽ ഉറപ്പ് നൽകുന്ന, സാധാരണക്കാരൻ്റെ കൈകളിലേക്ക് പണം എത്തിക്കുന്ന, അതിലൂടെ സമ്പദ് മേഖലയെ ചലിപ്പിക്കുന്ന, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും അട്ടിമറിക്കാനുള്ള ബില്ല്; അതും കേവലം 6 ദിവസങ്ങൾ കൊണ്ടാണ് ലോക്സഭയും രാജ്യസഭയും കടന്ന് പ്രസിഡണ്ടിൻ്റെ കെെയൊപ്പോടെ നിയമമായത്. അതിൻ്റെ പേര് നോക്കു;  ''Viksit Bharat Guarantee for Rozgar and Ajeevika Mission (Gramin) (VB-G RAM G) Bill, 2025.'' അഞ്ചിടത്ത് ഹിന്ദിയും അഞ്ചിടത്ത് ഇംഗ്ലീഷും ഇടകലർത്തി പുതിയ ഒരു ഭാഷയായ ഹിംഗ്ലീഷ് പ്രയോഗത്തിലൂടെ രാമനിൽ അഭയം പ്രാപിച്ച സംഘപരിവാര സൂത്രം!


മറക്കരുതാത്ത ദുരന്തങ്ങൾ


ആണവ മേഖലയിൽ അപകട സാധ്യത ഏറെയാണ്. തുടർന്നുള്ള നഷ്ടപരിഹാര ബാധ്യത വളരെ വലുതുമാണ്. 1986 ഏപ്രിൽ 26 ന് നടന്ന, ഇന്നത്തെ ഉക്രൈനിലെ ചെർണോബിൽ (അന്നത്തെ യു.എസ്.എസ്.ആർ) ആണവദുരന്ത സാഹചര്യങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്. ഹിരോഷിമ ബോംബിനേക്കാൾ 400 മടങ്ങ് അധികം റേഡിയേഷനായിരുന്നു ചെർണോബിൽ ദുരന്തത്തിൻ്റെ ആഘാതം. ഭോപ്പാലിലെ പാേലെ അതി ദരിദ്രർ തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്നില്ല ചെർണോബിൽ, എന്നിരുന്നാലും പ്ലാൻ്റിലെ 28 ജീവനക്കാർക്ക് ഉടൻ ജീവൻ നഷ്ടമായി.  കുട്ടികളിലുൾപ്പടെ തൈറോയിഡ് കാൻസർ വലിയ തോതിൽ വർദ്ധിച്ചു. ഉക്രൈൻ, ബെലാറസ്, റഷ്യ എന്നിവിടങ്ങളിലെ 70 ലക്ഷം ആളുകൾക്ക് ഇപ്പോഴും നഷ്ടപരിഹാരമായി പെൻഷൻ നൽകി വരികയാണ്. തുടർ അണു പ്രസരണം ഒഴിവാക്കാൻ അപകടം നടന്ന ആണവ പ്ലാൻ്റിലെ റിയാക്ടർ മൂടുന്നതിനുള്ള ഉരുക്ക് കവചം നിർമ്മിക്കുന്നതിന് മാത്രം 1.6 ബില്യൻ ഡോളർ (അന്നത്തെ 13500 കോടി രൂപ) ആണ് സർക്കാർ ചിലവഴിച്ചത്. ആണവോർജ്ജ പ്രത്യാഘാതത്തിൻ്റെയും നഷ്ടപരിഹാരത്തിന് വരുന്ന ചിലവിൻ്റെയും ഒരു ചെറു ചിത്രം മാത്രമാണ് ചെർണോബിൽ.


1984 ഡിസംബർ 2 ന് നടന്ന ഭോപ്പാൽ ഗ്യാസ് ചോർച്ചാ ദുരന്തവും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. 3787 പേർ മരണമടഞ്ഞു എന്നതാണ് ഔദ്യോഗിക കണക്ക്. സാധാരണക്കാരിൽ സാധാരണക്കാർ തിങ്ങിപ്പാർത്തിരുന്ന ഭോപ്പാലിൽ യഥാർത്ഥ മരണനിരക്ക് 25000 എന്നതാണ് അനൗദ്യോഗിക കണക്ക്. ദുരന്തം അഞ്ച് ലക്ഷത്തിലേറെപ്പേരെയാണ് ബാധിച്ചത്. അന്ന് നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമങ്ങളൊന്നും തന്നെ നിലവിലുണ്ടായിരുന്നില്ല എങ്കിലും 1989 ൽ ഇന്ത്യൻ സർക്കാരും യൂണിയൻ കാർബൈഡ് മുതലാളിയും തമ്മിൽ എത്തിച്ചേർന്ന ധാരണ പ്രകാരം 417 മില്യൻ ഡോളറാണ് (അന്ന് ഏകദേശം 715 കോടി ഇന്ത്യൻ രൂപ) ആകെ ലഭിച്ച നഷ്ടപരിഹാരം. ഔദ്യോഗിക രേഖകളിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപയും മറ്റ് ദുരിതബാധിതർക്ക് 25000 രൂപയുമാണ് ലഭിച്ചത്.


ദേശസ്നേഹ മുതലാളിത്ത കരുതൽ


അവിടെയാണ് നമ്മുടെ ദേശസ്നേഹ സർക്കാരിൻ്റെ ആണവോർജ സ്വകാര്യവത്കരണ ശാന്തി നയം. നഷ്ടപരിഹാരം സംബന്ധിച്ച മുതലാളിമാർക്കുള്ള ബാധ്യത വളരെ കൃത്യമായി നിയമത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. 150 മെഗാവാട്ട് തെർമൽ പവർ ഉൽപാദന റിയാക്ടർ മാത്രമുള്ള മുതലാളിക്ക് പരമാവധി ബാധ്യത 100 കോടി രൂപ, 151 മുതൽ 750 മെഗാവാട്ടിന് 300 കോടി രൂപ, 751 മുതൽ 1500 മെഗാവാട്ട് വരെ 750 കോടി രൂപ, 1501 മുതൽ 3600 മെഗാവാട്ട് വരെ 1500 കോടി രൂപ, 3601 മെഗാവാട്ടിന് മുകളിൽ പരമാവധി 3000 കോടി രൂപ. നഷ്ടം 3000 കോടിക്ക് മുകളിലായാൽ കൂടുതൽ വരുന്ന സംഖ്യ സർക്കാർ ഖജനാവിൽ നിന്നും, സാധാരണക്കാരൻ്റെ നികുതിപ്പണത്തിൽ നിന്നും, നൽകണമെന്നും നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ഇൻകം ടാക്സ് ചാർട്ടു പോലെ എത്ര ലളിതം, എത്ര കൃത്യം! ദേശ വിദേശ കുത്തക മുതലാളിമാരോടുള്ള ദേശസ്നേഹ ഭരണകൂടത്തിൻ്റെ കരുതൽ എത്രമാത്രം എന്ന് നോക്കുക.


തൊഴിൽ നിയമങ്ങൾ നാല് തൊഴിൽ കോഡുകളാക്കിയപ്പോഴും കുത്തകകളോടുള്ള കരുതൽ നാം കണ്ടതാണ്. എയർ ഇന്ത്യ ടാറ്റ മുതലാളിക്ക് കൈമാറിയപ്പോൾ കൈയടിച്ച പല ദേശസ്നേഹ ഗോസ്വാമിമാരും ഇൻഡിഗോ മുതലാളി പണിമുടക്കിയപ്പോൾ തല തല്ലി വിലപിക്കുകയുണ്ടായി. വ്യോമയാന മേഖല കുത്തകവത്കരിച്ചതിനേക്കാൾ എത്രയോ മടങ്ങ് പ്രത്യാഘാതമായിരിക്കും ആണവ മേഖല കുത്തകവത്കരണത്തിലൂടെ രാജ്യം അഭിമുഖീകരിക്കാൻ പോകുന്നത്. ബാങ്ക് ഇൻഷൂറൻസ് എന്നിങ്ങനെ ധനമേഖലയെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും മണ്ണും വിണ്ണും എല്ലാമെല്ലാം വിറ്റ് തുലക്കുന്ന, വർഗ്ഗീയവിദ്വേഷം പരത്തുന്നതിന്, ഓം (അ) ശാന്തിമന്ത്രം ഉരുവിടുന്ന ദേശവിരുദ്ധർക്കെതിരെ, തൊഴിലാളികളും കർഷകരും യുവാക്കളും എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ച് കൈകോർക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home