ad
Deshabhimani

Articles

എം കെ സാനു മാഷിന്റെ 
അവസാന പ്രസംഗം

ലളിതാംബിക അന്തർജനത്തെ സ്‌മരിച്ച്‌ മടക്കം

sanu mash at lalithambika antharjanam centre

Published on Aug 03, 2025, 11:04 PM | 2 min read


എം കെ സാനു മാഷിന്റെ 
അവസാന പ്രസംഗം എറണാകുളത്ത്‌ ലളിതാംബിക അന്തർജനം സെന്ററിന്റെ 
പുതിയ ഓഫീസ് ഉദ്‌ഘാടനവേദിയിലായിരുന്നു. ഏറെ സന്തോഷത്തോടെയാണ്‌ 
സെന്ററിന്റെ ഉദ്‌ഘാടനം സാനു മാഷ്‌ നിർവഹിച്ചതെന്ന്‌ ലളിതാംബിക അന്തർജനത്തിന്റെ കൊച്ചുമകൾ തനൂജ ഭട്ടതിരി അനുസ്‌മരിച്ചു


കഴിഞ്ഞ 20ന് വൈകിട്ട് എറണാകുളത്ത്‌ ലളിതാംബിക അന്തർജനം സെന്ററിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനമായിരുന്നു എം കെ സാനു മാഷ്‌ പങ്കെടുത്ത അവസാന പൊതുചടങ്ങ്‌. സ്ത്രീ സർഗാത്മകതയെക്കുറിച്ച് വ്യക്‌തമായ കാഴ്ചപ്പാടുള്ള മാഷ്, സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ എഴുത്തുകാരികൾക്ക് സാധിക്കുമെന്ന്‌ ആ വേദിയിൽ പറഞ്ഞു. ‘കേരളത്തിൽ പണ്ട് സ്ത്രീ സ്വാതന്ത്ര്യത്തിന് ഒരു പ്രാധാന്യവുമില്ലായിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾ ‘നാരകം നട്ടയിടം, നായ ഇരിക്കുന്നിടം, നാരി ഭരിക്കുന്നിടം നശിച്ചു പോകും’ എന്നാണ് നാട്ടിൻപുറത്ത് പറഞ്ഞിരുന്നത്. ഇന്ന് അതെല്ലാം മാറി. സ്ത്രീകൾ സ്വതന്ത്രമായി ജീവിക്കുന്ന കാലഘട്ടമാണിതെന്ന്‌ പ്രത്യേകം ഓർമിക്കേണ്ടതാണ്. സർ​ഗാത്മക ശക്തിയുള്ള അനേകം സാഹിത്യകാരികൾ നാളത്തെ കേരളത്തിൽ ഉണ്ടാകട്ടെ’യെന്നും പറഞ്ഞുകൊണ്ട്‌ ആദരവോടെയും സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു സാനുമാഷ്‌.


‘ സ്ത്രീ സ്വാതന്ത്ര്യം എന്നത് പ്രസക്‌തമാണ്‌. പവിത്രമായ സ്ത്രൈണ ധർമങ്ങൾകൂടി പാലിച്ചാണ്‌ മാതാപിതാക്കൾ നമ്മെ വളർത്തുന്നത്‌. പത്തുമാസം ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെല്ലാം അമ്മയാണ്‌. ശൈശവ കാലത്തെ പീഡകളിൽ ഉറക്കമിളച്ചുപോലും നമ്മളെ ശുശ്രൂഷിക്കുന്നതും അമ്മയാണ്. അമ്മയാണ് ഒരു വീടിന്റെ ദേവത. ആ അർഥത്തിൽ സ്‌ത്രീകളുടെ പ്രാധാന്യം, പലരും പല രീതിയിൽ അംഗീകരിക്കാതിരുന്നിട്ടുണ്ട്‌. എന്നാൽ, യൂറോപ്യൻ സാഹിത്യത്തിൽ കുറേക്കാലംമുമ്പ് തന്നെ പുരുഷൻമാർ ഇത് അംഗീകരിച്ചിരുന്നു. അക്കാര്യത്തിൽ നമ്മുടെ നാട്ടിൽ കേരളത്തിൽ, ലളിതാംബിക അന്തർജനത്തെ പ്രത്യേകമായി സ്മരിക്കേണ്ട വ്യക്തിയാണെന്നും മാഷ്‌ പറഞ്ഞു. ലളിതാംബിക അന്തർജനത്തിന്റെ കുടുംബാംഗങ്ങളെയും പുരോഗമനവാദികളെയും സ്‌മരിച്ചുകൊണ്ടാണ്‌ സെന്റർ ഉദ്‌ഘാടനം നിർവഹിച്ചത്‌. ലളിതാംബിക അന്തർജനത്തിന്റെ കൊച്ചുമകൾ തനൂജ ഭട്ടതിരിയുടെയും മറ്റും പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.


m k sanu at lalithambika antharjanam center


‘തനൂജ ആരംഭിക്കുന്ന ഈ സ്ഥാപനം നിരവധി സ്‌ത്രീകൾക്കും പുരുഷന്മാർക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കും എന്നാണ് എന്റെ വിശ്വാസം. എത്രയോ വർഷം മുമ്പാണ്‌ ; അറുപതോ എഴുപതോ വർഷങ്ങൾക്ക് മുമ്പ് മൂന്ന് വനിതാ കഥാകാരികളെക്കുറിച്ച് ലേഖനം എഴുതണം എന്ന് സി ജെ തോമസ് ആവശ്യപ്പെട്ടു. രണ്ടാണ്‌ പറഞ്ഞത്‌. ഞാൻ മൂന്നാക്കി. ‘ഒന്ന്‌ ലളിതാംബിക അന്തർജനം, രണ്ടാമത്തേത്‌ സരസ്വതിയമ്മ, മൂന്നാമത്‌ കമല. മാധവിക്കുട്ടി. മാധവിക്കുട്ടി എന്നത്‌ കമല നാലപ്പാട്ട്‌ ആണ്‌. ഒരാഴ്‌ചയ്‌ക്കകം അതെഴുതിക്കൊടുത്തപ്പോൾ സി ജെ തോമസ്‌ പറഞ്ഞു ‘ഇത് ഞാൻ എഴുതേണ്ടതായിരുന്നു. പക്ഷെ സാനു തന്നെ എഴുതിയത് വളരെ നന്നായി. കാരണം ഞാൻ രോഗബാധിതനായിരുന്നു’. ‘ഇന്ന്‌ ഉദ്‌ഘാടനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ പര്യായമായ സ്ഥാപനം, ലളിതാംബിക അന്തർജനം സെന്റർ കേരളത്തിന്‌ പുതിയ ഉണർവുണ്ടാകട്ടെ. വനിതാ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന സെന്ററിന്റെ പ്രവർത്തനങ്ങൾ വീറോടെ തുടരേണ്ടതുണ്ടെന്നും’ മാഷ് പറഞ്ഞു.


2014 ൽ ആണ് ലളിതാംബിക അന്തർജനം സെന്റർ ആരംഭിച്ചത്. ലളിതാംബിക അന്തർജനത്തിന്റെ ഇളയമകൾ മണികൃഷ്ണൻ ആണ് പ്രസിഡന്റ്. തനൂജ ഭട്ടതിരി ഡയറക്ടറും. സെന്റർ നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്. സ്ത്രീരചന എന്ന പേരിൽ വാർഷികസമാഹാരമായി പുസ്തകങ്ങളും ഇറക്കി. കഥാമത്സരങ്ങൾ, ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ ഒക്കെ നടത്തുന്നു. ലളിതാംബിക അന്തർജനം സാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. ഏറെ സന്തോഷത്തോടെയാണ്‌ ലളിതാംബിക അന്തർജനം സെന്ററിന്റെ ഉദ്‌ഘാടനം സാനു മാഷ്‌ നിർവഹിച്ചതെന്ന്‌ തനൂജ ഭട്ടതിരി അനുസ്‌മരിച്ചു. അവസാനം അദ്ദേഹം ആ പരിപാടിയിലാണ്‌ പങ്കെടുത്തതെന്ന്‌ മക്കൾ പറഞ്ഞു. പ്രത്യേകം പറഞ്ഞുണ്ടാക്കിച്ച അടയും വടയുമാണ്‌ അന്ന്‌ കഴിക്കാൻ കൊടുത്തത്‌. അതിന്‌ നല്ല സ്വാദാണെന്ന്‌ മാഷ്‌ പറഞ്ഞിരുന്നു. ഇഷ്‌ടപ്പെട്ട്‌ കഴിച്ചു. കുറച്ചുനാളായി നാവിന്‌ ഒരു രുചിയുമില്ല എന്ന്‌ അദ്ദേഹം മക്കളോട്‌ പറയാറുണ്ടായിരുന്നു. അടയും വടയും വളരെ ഇഷ്ടപ്പെട്ടതായും സ്വാദോടെ അത്‌ കഴിച്ചതായി വീട്ടിലെത്തി അദ്ദേഹം മക്കളോടും പറഞ്ഞിരുന്നുവെന്നും തനൂജ ഭട്ടതിരി ഓർമിക്കുന്നു.



Deshabhimani
Home