നീറ്റലോടെ വീണ്ടും...

നീറ്റാ(ലാ)കുമോ.... പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ വീണ്ടും എഴുതാനെത്തിയ വിദ്യാർഥിക്ക് പരീക്ഷാ സെന്ററിന് മുന്നിലെ പരിശോധന കഴിഞ്ഞ് അകത്തേക്ക് കയറുംമുന്പേ കുടിവെള്ളത്തിന്റെ കുപ്പി കൈമാറുന്ന അമ്മ. മുൻ പരീക്ഷ റദ്ദാക്കിയ പശ്‌ചാത്തലത്തിൽ കുട്ടികളിൽ പലരും വലിയ സമ്മർദത്തോടെയാണ് പരീക്ഷയ്‌ക്ക് എത്തിയിരുന്നത്. പകൽ രണ്ടിന് ആരംഭിക്കുന്ന പരീക്ഷയ്‌ക്ക് പലരും 11 മുതൽ സെന്ററിൽ എത്തി. കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മരക ഗവ. വനിതാ കോളേജിന് മുന്നിൽനിന്നുള്ള ദൃശ്യം. ഫോട്ടോ/ജഗത് ലാൽ
സ്വന്തം ലേഖിക
Published on Jun 22, 2026, 02:53 AM | 1 min read
കണ്ണൂർ
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മാറ്റിവച്ച മെഡിക്കൽ, അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2026 പരീക്ഷ നീറ്റായി എഴുതാൻ സാധിച്ചെന്ന് വിദ്യാർഥികൾ. മെയ് മൂന്നിനായിരുന്നു ആദ്യ പരീക്ഷ. എന്നാൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. മാസങ്ങൾ തയ്യാറെടുത്ത് എഴുതിയ പരീക്ഷ റദ്ദാക്കിയതിന്റെ സമ്മർദവും നിരാശയും ഇപ്പോഴും വിദ്യാർഥികൾക്ക് വിട്ടുമാറിയിട്ടില്ല. പരീക്ഷ എളുപ്പമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ പരീക്ഷ എളുപ്പമായിരുന്നതിനാൽ ജയം പ്രതീക്ഷിച്ച സമയത്തായിരുന്നു റദ്ദ് ചെയ്‌തത്. അത് നിരാശയും ടെൻഷനുമുണ്ടാക്കിയെങ്കിലും ഇൗ പരീക്ഷയും നല്ലതായിരുന്നുവെന്ന് വിദ്യാർഥിയായ എം ബി അഖിന പറഞ്ഞു. പഠിത്തമൊക്കെ നിർത്തി ആശ്വസിച്ചിരിക്കുമ്പോഴാണ് വീണ്ടും പരീക്ഷ വന്നത്. ഇതോടെ മറ്റുജില്ലയിലേക്ക് വീണ്ടും ഒരുമാസത്തേക്ക് കോച്ചിങ്ങിന് പോകേണ്ടിവന്നത് ബുദ്ധിമുട്ടിച്ചതായി അഷിക പി നമ്പ്യാർ പറഞ്ഞു. ചുരുങ്ങിയ സമയത്തെ പരീക്ഷാ തയ്യാറെടുപ്പുകൾ ടെൻഷൻ നിറഞ്ഞതായിരുന്നെന്നും അത് പഠിത്തത്തെ ബാധിച്ചെന്നുമാണ് കെ ഷബ്‌നത്തിന്റെ പക്ഷം. ഇത്തവണ ഫിസിക്‌സ് ബുദ്ധിമുട്ടായിരുന്നെന്നും ഷബ്‌നം പറയുന്നു. വിദ്യാർഥികൾ മൂവരും കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മരക ഗവ. വനിതാ കോളേജിലാണ് പരീക്ഷയെഴുതിയത്. പകൽ രണ്ടിന് ആരംഭിച്ച പരീക്ഷ 5.15 നാണ് അവസാനിച്ചത്. പുഃനപരീക്ഷയായതിനാൽ തന്നെ മുൻകാലങ്ങളേക്കാൾ കർശന പരിശോധനയ്ക്കുശേഷമാണ് വിദ്യാർഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിച്ചത്.










0 comments