നീറ്റ് പുനഃപരീക്ഷ
ആശങ്കയുടെ നിഴലില്‍ നീറ്റെഴുത്ത്

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ വീണ്ടും നടത്തിയപ്പോൾ പരീക്ഷ കേന്ദ്രമായ എറണാകുളം എസ്ആർവി സ്കൂളിൽ കാവൽനിൽക്കുന്ന കേന്ദ്ര സേനാംഗം
കൊച്ചി
നീറ്റ് യുജി പുനഃപരീക്ഷ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വിവിധയിടങ്ങളിൽ നടന്നു. അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ആദ്യം നടന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ആദ്യപരീക്ഷയിലെ വീഴ്ചയും ആക്ഷേപങ്ങളും മറച്ചുവയ്‌ക്കാന്‍, പരീക്ഷാകേന്ദ്രത്തിലേക്ക് കര്‍ശനപരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ലളിതവസ്ത്രം ധരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്. സുതാര്യമായ കുപ്പിയില്‍ നിറച്ച കുടിവെള്ളംപോലും അകത്തേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. ഇതിനെ ചില രക്ഷിതാക്കള്‍ ചോദ്യംചെയ്തു.
പരീക്ഷയില്‍ ക്രമക്കേട് ഉണ്ടാകാതിരിക്കാൻ സിസിടിവി കാമറ, സിഗ്നൽ ജാമര്‍, ബയോമെട്രിക് വെരിഫിക്കേഷൻ, ശരീരപരിശോധന, ചോദ്യപേപ്പർ കൊണ്ടുപോകാൻ ജിപിഎസ് സംവിധാനം എന്നിവ ഒരുക്കി. ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചത്. കാമറാദൃശ്യം പരിശോധിക്കാന്‍ എഐ സംവിധാനവും ഒരുക്കി. ഓരോ പരീക്ഷാകേന്ദ്രത്തിലും സുരക്ഷയ്ക്കായി കേന്ദ്രഅര്‍ധസൈനികരെ വിന്യസിച്ചിരുന്നു. കൊച്ചി ഗവ. ഗേൾസ് എച്ച്എസ്എസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷാകേന്ദ്രങ്ങളിലെല്ലാം പകല്‍ 1.30നുതന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് ഗേറ്റ് അടച്ചു. വൈകിട്ട് 5.15ന് പരീക്ഷ പൂര്‍ത്തിയായി.
ആശങ്കയില്‍ രക്ഷിതാക്കള്‍
നീറ്റ് പുനഃപരീക്ഷ നടത്തിയെങ്കിലും ഇതിന്റെ നടത്തിപ്പിലും മുന്നോട്ടുള്ള പോക്കിലും ആശങ്കയുണ്ടെന്ന് രക്ഷിതാക്കളില്‍ ചിലര്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇപ്പോഴും ആശങ്കയുണ്ടെന്നും തന്റെ മകള്‍ പരീക്ഷയ്ക്കു കാത്തുനില്‍ക്കാതെ ഇന്റഗ്രേറ്റഡ് എംസിഎ കോഴ്‌സിന് ചേർന്നുവെന്നും പുനഃപരീക്ഷയ്ക്ക് അപേക്ഷിച്ചതുകൊണ്ടുമാത്രമാണ് എഴുതാന്‍ എത്തിയതെന്നും കോതമംഗലം സ്വദേശിയായ രക്ഷിതാവ് പറഞ്ഞു. പരീക്ഷ സുതാര്യമായി നടക്കണമെന്നും രണ്ടാംതവണ എഴുതേണ്ടിവന്നത് വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുമെന്നും കളമശേരി സ്വദേശിയായ മറ്റൊരു രക്ഷിതാവും പറഞ്ഞു.
പുനഃപരീക്ഷ കടുപ്പം
ആദ്യം എഴുതിയതിനേക്കാള്‍ പുനഃപരീക്ഷ ബുദ്ധിമുട്ടായിരുന്നുവെന്ന് കളമശേരി സ്വദേശി കെസിയ മെറിൻ പറഞ്ഞു. ഫിസിക്സും കെമിസ്ട്രിയും ചെറുതായി കുഴപ്പിച്ചു. എന്നാലും ഇപ്പോള്‍ എഴുതിയ പരീക്ഷയില്‍ വിജയിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.









0 comments