ad
Deshabhimani

ജില്ലയിൽ നീറ്റ്‌ പുനഃപരീക്ഷയെഴുതിയത്‌ 1714 പേർ

നീറ്റലോടെ അവർ വീണ്ടുമെഴുതി

 കാസർകോട് ഗവ. എച്ച്എസ്എസിൽ നീറ്റ് പുഃനപരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളെ രേഖകൾ പരിശോധിച്ച് അകത്തേക്ക് പ്രവേശിപ്പിക്കുന്നു

കാസർകോട് ഗവ. എച്ച്എസ്എസിൽ നീറ്റ് പുഃനപരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളെ രേഖകൾ പരിശോധിച്ച് അകത്തേക്ക് പ്രവേശിപ്പിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 22, 2026, 02:56 AM | 1 min read


കാസർകോട്

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന്‌ റദ്ദാക്കിയ നീറ്റ്‌ പരീക്ഷയുടെ പുനഃപരീക്ഷയെഴുതിയത്‌ ജില്ലയിൽ 1714 പേർ. മെയ്‌ മൂന്നിന്‌ നടന്ന പരീക്ഷ എഴുതിയത്‌ 2222 പേരായിരുന്നു. പുനപരീക്ഷയിൽ 508 പേരുടെ കുറവ്‌. ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ നടന്നത്‌. ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുമ്പള ജിഎച്ച്എസ്എസ്, കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, മൊഗ്രാൽ ജിവിഎച്ച്എസ്എസ്, ബദിയടുക്ക നവജീവൻ എച്ച്എസ്എസ് എന്നീ സ്‌കൂളുകളിലും പെരിയ, കാഞ്ഞങ്ങാട് നിത്യാനന്ദ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ പോളിടെക്നിക് കോളജുകളിലുമായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ഫിസിക്‍സും കെമിസ്ട്രിയും കഴിഞ്ഞ തവണത്തേക്കാൾ കഠിനമായിരുന്നെന്ന് വിദ്യാർഥികള്‍ പലരും പറഞ്ഞു. കര്‍ശന പരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചത്. നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ലളിതവസ്‌ത്രം ധരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്. സിസിടിവി ക്യാമറ, സിഗ്‌നൽ ജാമര്‍, ബയോമെട്രിക് വെരിഫിക്കേഷൻ, ചോദ്യപേപ്പർ കൊണ്ടുപോകുന്നതിന് ജിപിഎസ് സംവിധാനം എന്നിവയും ‌ഒരുക്കിയിരുന്നു. ഒരിക്കൽ പഠിച്ച്‌ എഴുതിയ പരീക്ഷ വീണ്ടും ആവർത്തിക്കേണ്ടി വന്നതിന്റെ ആശങ്ക പലരും പങ്കുവച്ചു. ആദ്യ പരീക്ഷയിലെ മികവ്‌ ഇത്തവണ ആവർത്തിക്കാനാവുമോ എന്ന ആശങ്കയും പലർക്കുമുണ്ടായി. ഒന്നര വരെ കുട്ടികൾക്ക്‌ പരീക്ഷാ കേന്ദ്രത്തിലേക്ക്‌ പ്രവേശനം അനുവദിച്ചു. 1.45ന്‌ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചു. പകൽ രണ്ടിന് ആരംഭിച്ച പരീക്ഷ വൈകിട്ട് 5.15ന് അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home