ad
Deshabhimani

തിരിമുറിയാ മഴയില്ലാതെ തിരുവാതിര

വയലിൽ ഞാറു നടുന്നു (ഫയൽ ചിത്രം)

വയലിൽ ഞാറു നടുന്നു (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Jun 22, 2026, 02:56 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ തിരിമുറിയാതെ മഴപെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിൽ മഴയേയില്ല. സാധാരണ ഇ‍ൗ ഞാറ്റുവേലയിൽ ലഭിക്കുന്ന മഴയാണ്‌ കാർഷിക വിളകൾക്ക്‌ ഗുണകരമാവുക. എന്തുനട്ടാലും തഴച്ചുവളരും. മഴയും വെയിലും മാറിമാറി വരുന്നതിനാൽ മണ്ണിൽ ജീവന്റെ തുടിപ്പ്‌ ഏറുമെന്നാണ്‌ പ്രമാണം. കാർഷികോത്സവത്തിന്റെ വരവറിയിച്ച്‌ ഇത്തവണത്തെ തിരുവാതിര ഞാറ്റുവേലയ്‌ക്ക്‌ തുടക്കമായി. ജൂലൈ നാലുവരെയാണ്‌ ഞാറ്റുവേല. തിരിമുറിയാതെ മഴ പെയ്യുന്ന നാളുകളാണ്‌ തിരുവാതിര ഞാറ്റുവേലക്കാലം. വെയിലും മഴയും ഒരേപോലെ ലഭിക്കുമെന്നതിനാൽ ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റിനടാനും അനുയോജ്യമായ സമയമായിട്ടാണ്‌ കണക്കാക്കുന്നത്‌. വൃക്ഷവിളകളായ തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ് എന്നിവയും കുരുമുളക്, വാഴ, പച്ചക്കറിത്തൈകൾ എന്നിവയും നടുന്നത് ഇ‍ൗ സമയത്താണ്. ജൂൺ ഒന്നിന്‌ തന്നെ ഇത്തവണ കാലവർഷമാരംഭിച്ചതോടെ പലയിടങ്ങളിലും കൃഷിയിടങ്ങൾ ഒരുക്കലും വിത്ത് നടീലും ആരംഭിച്ചു. കരയിലും വയലുകളിലും ഇഞ്ചി, കപ്പ, ചേന എന്നിവയും നട്ടു. എന്നാൽ, ഇവ മുളച്ചുവരുന്ന ഘട്ടത്തിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ്‌ കർഷകരെ ആശങ്കയിലാക്കുന്നത്‌. മഴ ഗണ്യമായി കുറഞ്ഞതിനാൽ ചൂട് വർധിക്കുകയും ജലാശയങ്ങളിലെ വെള്ളം കുറയുകയും ചെയ്‌തു. മിഥുന മാസത്തിൽ പാടങ്ങളും കുളങ്ങളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുന്നതായിരുന്നു സാധാരണ കാഴ്‌ച. താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളും ഉറവകളും കാണാം. എന്നാൽ ഇതെല്ലാം കാണാതെയായി. മഴക്കുറവ്‌ ഏറെ ബാധിച്ചത് നെൽകൃഷിയെയാണെന്നും കർഷകർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home