ad
Deshabhimani

ആശങ്കയൊഴിയാതെ വീണ്ടും നീറ്റെഴുതി വിദ്യാർഥികൾ

വീഴ്‌ചയൊരുക്കിയ സുരക്ഷ ... നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷയ്ക്കായി കോഴിക്കോട് നടക്കാവ് ഗവ. വിഎച്ച്എസ്എസ്  ഫോര്‍ ഗേള്‍സിലെ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥിയെ പരിശോധിക്കുന്ന സെക്യൂരിറ്റി

വീഴ്‌ചയൊരുക്കിയ സുരക്ഷ ... നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷയ്ക്കായി കോഴിക്കോട് നടക്കാവ് ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സിലെ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥിയെ പരിശോധിക്കുന്ന സെക്യൂരിറ്റി

വെബ് ഡെസ്ക്

Published on Jun 22, 2026, 02:58 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന്‌ റദ്ദാക്കിയ നീറ്റ്‌ പുനഃപരീക്ഷ ജില്ലയിലെ 25 കേന്ദ്രങ്ങളിൽ നടന്നു. ഓരോ കേന്ദ്രത്തിലും 500നും 750നും ഇടയിൽ കുട്ടികളാണ്‌ പരീക്ഷയെഴുതിയത്‌. ആദ്യ പരീക്ഷയിലുണ്ടായ ഗുരുതര വീഴ്ചകൾ മൂടിവയ്ക്കാനായി പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനമടക്കം കൂടുതൽ കർശനമാക്കുകയും അധിക പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. ദേഹപരിശോധന നടത്തി, ബയോമെട്രിക് വിവരങ്ങളും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ്‌ കുട്ടികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചത്‌. ഗവ. ജിജിഎച്ച്‌എസ്‌എസ്‌ നടക്കാവ്‌, ജെഡിടി ഇസ്ലാം കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, ബിഇഎം ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി 25 കേന്ദ്രങ്ങളാണ്‌ ജില്ലയിൽ ഒരുക്കിയിരുന്നത്‌. നടക്കാവ്‌ സ്കൂളിൽ മാത്രം 30 ക്ലാസ്‌ മുറികളിലായി 720 കുട്ടികൾ പരീക്ഷയെഴുതി. കേരളത്തിനൊപ്പം ലക്ഷദ്വീപിലെ വിദ്യാർഥികൾക്കും കോഴിക്കോട്‌ പരീക്ഷാ സെന്റർ ഒരുക്കിയിരുന്നു. രാവിലെ മുതൽ വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷാ കേന്ദ്രങ്ങളിലെത്തിത്തുടങ്ങി. ഒന്നര വരെ കുട്ടികൾക്ക്‌ പരീക്ഷാ കേന്ദ്രത്തിലേക്ക്‌ പ്രവേശനം അനുവദിച്ചു. 1.45ന്‌ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചു. 1.50ന്‌ ചോദ്യപേപ്പറുകൾ വിതരണം ചെയ്തു. രജിസ്റ്റർ നമ്പറുകളും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്താൻ അഞ്ചുമിനിറ്റ്‌ സമയം അനുവദിച്ചു. പകൽ രണ്ട്‌ മുതൽ 5.15 വരെയായിരുന്നു പരീക്ഷ. ഒരിക്കൽ പഠിച്ച്‌ എഴുതിയ പരീക്ഷ വീണ്ടും ആവർത്തിക്കേണ്ടി വന്നതിന്റെ ആശങ്ക പങ്കുവച്ചാണ്‌ പലരും പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്‌. റദ്ദാക്കപ്പെട്ട പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്കും റാങ്കും ഇക്കുറി നേടാനാകുമോയെന്ന ആശങ്ക പങ്കുവച്ചാണ്‌ ചിലർ മടങ്ങിയത്‌. മാസങ്ങളോളം പഠിച്ച്‌ എഴുതിയ പരീക്ഷയ്ക്ക്‌ ഒരിക്കൽക്കൂടി തയ്യാറെടുക്കേണ്ടി വന്ന കുട്ടികളുടെ ആശങ്ക രക്ഷിതാക്കളുടെ മുഖത്തും നിഴലിച്ചു. മൊബൈൽ ഫോണുകൾ, ഇയർഫോണുകൾ, ആഭരണങ്ങൾ, വാച്ച്‌, കാൽക്കുലേറ്റർ, പേഴ്സ്‌, ഭക്ഷ്യവസ്തുക്കൾ എന്നിവയൊന്നും പരീക്ഷാ കേന്ദ്രത്തിനുള്ളിൽ അനുവദിച്ചില്ല. ‘ഇതെല്ലാം കഴിഞ്ഞല്ലേ കഴിഞ്ഞ തവണയും ഞങ്ങൾ പരീക്ഷയെഴുതിയത്‌, എന്നിട്ട്‌ പിന്നെയും എഴുതേണ്ടി വന്നില്ലേ’ എന്നായിരുന്നു ഒരു വിദ്യാർഥിയുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home