വാണിശ്രീ പ്രദീപ് ഫിഫ- എഐഎഫ്എഫ് ടാലന്റ് അക്കാദമിയിലേക്ക്

വാണിശ്രീ പ്രദീപ്
നാദാപുരം കാൽപ്പന്ത് കളിയിലെ മിന്നും പ്രകടനത്തിലൂടെ കടത്തനാടിന് അഭിമാനമായി വാണിശ്രീ പ്രദീപ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയും ചേർന്ന് ഹൈദരാബാദിൽ നടപ്പാക്കുന്ന എഐഎഫ്എഫ് - ഫിഫ ടാലന്റ് ഡെവലപ്മെന്റ് അക്കാദമിയിലേക്ക് പ്രവേശനം നേടിയാണ് വാണിശ്രീ കടത്തനാടിന്റെ അഭിമാനമായത്. കേരളത്തിൽനിന്ന് രണ്ടുപേർക്കാണ് സെലക്ഷൻ ലഭിച്ചത്. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാനുള്ള ഈ സുവർണ അവസരത്തിലേക്ക് മൂന്നുമാസം നീണ്ടുനിന്ന കഠിനമായ ട്രയൽസിലൂടെയാണ് വാണിശ്രീ നേട്ടം സ്വന്തമാക്കിയത്. കൊച്ചിയിൽ നടന്ന കേരള തല സെലക്ഷനിൽ പങ്കെടുത്ത 150ഓളം പേരിൽനിന്ന് 26 പേരെയാണ് ഹൈദരാബാദിൽ നടന്ന അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിഭകൾ മാറ്റുരച്ച വിവിധ ഘട്ടങ്ങളിലെ ട്രയൽസുകൾക്കൊടുവിൽ അന്തിമ പട്ടിക തയ്യാറാക്കി. കേരളത്തിൽനിന്ന് ഫൈനൽ റൗണ്ടിലെത്തിയ 6 പേരിൽനിന്നാണ് വാണിശ്രീ യോഗ്യത നേടിയത്. അക്കാദമിയിൽ പ്രവേശനം നേടുന്നതോടെ വാണിശ്രീയുടെ ഉപരിപഠനവും തുടർന്നുള്ള പ്രൊഫഷണൽ ഫുട്ബോൾ പരിശീലനവും ഹൈദരാബാദിൽ ആയിരിക്കും. വടകര കടത്തനാട് രാജ ഫുട്ബോൾ അക്കാദമി സ്ഥാപകനും കോച്ചുമായ പ്രദീപിന്റെ മകളായ വാണിശ്രീ, മൂന്നര വയസ്സ് മുതൽ അച്ഛന്റെ കീഴിൽ പന്തുതട്ടി തുടങ്ങിയതാണ്. 2023–-24 വർഷത്തെ കേരള സബ് ജൂനിയർ ഗേൾസ് ഫുട്ബോളിലെ ‘ബെസ്റ്റ് പ്ലെയർ' പുരസ്കാരവും ഗോൾഡ് മെഡലും നേടിയിട്ടുണ്ട്. ഇതിനോടകം അഞ്ച് തവണ കേരളത്തിന് വേണ്ടി ദേശീയ തലത്തിൽ വാണിശ്രീ ബൂട്ടണിഞ്ഞു. അമ്മ: അഭിന. ശ്രാവൺ തേജ് സഹോദരനാണ്. വിലാതപുരം എൽപി സ്കൂൾ, കടത്തനാട് രാജാസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.










0 comments