ഒന്നര വർഷത്തിനിടെ മുങ്ങിമരിച്ചത് പത്തുപേർ
പയ്യാന്പലത്ത് മരണക്കെണി

പയ്യാന്പലത്ത് മുങ്ങിമരിച്ച കർണാടക സ്വദേശി സന്തോഷ് കുമാറിന്റെ മൃതദേഹം മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം കരക്കെത്തിച്ചപ്പോൾ
സ്വന്തം ലേഖകന്‍
Published on Jun 22, 2026, 02:51 AM | 1 min read
കണ്ണൂർ
ഒന്നര വർഷത്തിനിടെ പയ്യാമ്പലത്ത് മുങ്ങിമരിച്ചത് പത്തുപേർ. കടലിൽ മുങ്ങിപ്പോയ 12 പേരെ ലൈഫ് ഗാർഡുമാർ അതിസാഹസികമായി രക്ഷിച്ചിട്ടുണ്ട്. എന്നിട്ടും അപകടങ്ങൾ തടയാനുള്ള നടപടി മന്ദഗതിയിലാണെന്ന ആരോപണം ശക്തമാണ്. കൊട്ടിയൂര്‍ ഉത്സവം തുടങ്ങിയതോടെ കര്‍ണാടകത്തില്‍നിന്നുള്ള സഞ്ചാരികള്‍ ധാരാളമായി ബീച്ചിലേക്ക് എത്തുന്നുണ്ട്. ഇവര്‍ കടലിലിറങ്ങി കുളിക്കുന്നത് പതിവാണ്. ലൈഫ് ഗാര്‍ഡുമാര്‍ അപകടസാധ്യത മുന്നറിയിപ്പ് നല്‍കിയാലും കേള്‍ക്കാതെ കടലിലിറങ്ങുന്നത് നിത്യസംഭവം. സംഘങ്ങളായി എത്തുന്നവർ മുന്നറിയിപ്പുകളൊന്നും മുഖവിലയ്‌ക്കെടുക്കാറില്ല. ശനിയാഴ്‌ച അപകടത്തിൽ പെട്ടവരോട് സ്‌ഥലത്തുണ്ടായിരുന്നവർ കടലിൽ കുളിക്കാനിറങ്ങരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. പയ്യാമ്പലത്തെ നടപ്പാത കഴിഞ്ഞ് പള്ളിയാംമൂലവരെയുള്ള തീരം കടല്‍ച്ചുഴികള്‍ നിറഞ്ഞ അപകടമേഖലയാണ്. കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ചുഴികളുണ്ട്. നിരവധിപേര്‍ക്കാണ് അപകടമേഖലയില്‍ ജീവഹാനി സംഭവിച്ചത്. ഏതാനും മാസംമുന്പ് പള്ളിയാംമൂലയ്ക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. കടലിലിലെ അപകട മേഖലയെക്കുറിച്ച് ഇതരസംസ്ഥാനത്തുനിന്നുമെത്തുന്നവര്‍ക്ക് ധാരണയില്ലാത്തതിനാലാണ് പലപ്പോഴും ദുരന്തമുണ്ടാകുന്നത്. പയ്യാമ്പലം ബീച്ചില്‍ അപകടസാധ്യത മുന്നറിയിപ്പ് ബോര്‍ഡുകളും കുറവാണ്. രണ്ട് ബോർഡുകൾ മാത്രമാണ് ഇൗ ഭാഗത്തുള്ളത്. അപകടം നടന്ന സമയത്ത് ഇൗ മുന്നറിയിപ്പ് ബോർഡുകളിൽ വസ്‌ത്രം അഴിച്ചുവച്ച നിലയിലായിരുന്നു. പയ്യാമ്പലം മുതല്‍ പള്ളിയാംമൂലവരെ വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ അപകട സാധ്യത കുറയ്ക്കാം. ആകെ നാല് ലൈഫ് ഗാർഡുകൾ മാത്രമാണ് കിലോമീറ്ററുകള്‍ നീണ്ട തീരത്തുള്ളത്. ഒരു ദിവസം രണ്ട് ലൈഫ് ഗാർഡുകളാണ് ജോലിയിൽ ഉണ്ടാവുക. തിരക്കേറുന്ന സമയങ്ങളില്‍ രണ്ടുപേര്‍ക്ക് തീരത്തെന്നുന്നവരെ നിയന്ത്രിക്കാനാകില്ല. ഞായറാഴ്ചകളിലും മറ്റ് ഒഴിവുദിനങ്ങളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പയ്യാമ്പലത്ത് എത്തുന്നത്. കൂടുതൽ ലൈഫ്ഗാർഡുകളെ നിയോഗിക്കണമെന്നും കൂടുതൽ അപായസൂചന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ദീർഘകാലമായി ആവശ്യപ്പെടുന്നുവെങ്കിലും നടപടിയില്ല.










0 comments