ലഭ്യത കുറഞ്ഞു
മീനിന് പൊന്നുംവില

ചെവിയിലൊരു പൊന്നുംവില ... ചെറുവള്ളക്കാര്‍ എത്തിച്ച ഒരു കുട്ട മത്തി സ്വന്തമാക്കാനായി ചെവിയില്‍ വില പറഞ്ഞ് ലേലം വിളിക്കുന്ന ചെറുകിട മീന്‍കച്ചവടക്കാര്‍. മീന്‍ കുറവുള്ള സാഹചര്യത്തില്‍ ഒരാള്‍ പറയുന്ന വില പരസ്യമാകാതിരിക്കാന്‍ ഇത്തരം ലേലം വിളിയും നടക്കാറുണ്ട്. വെള്ളയില്‍ ഹാര്‍ബറില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ/മിഥുന്‍ അനില മിത്രന്‍
സ്വന്തം ലേഖകൻ കോഴിക്കോട് ട്രോളിങ് നിരോധവും കടൽക്ഷോഭവും മൂലം മത്സ്യവിപണിയിൽ വിലക്കയറ്റം രൂക്ഷം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യത്തിന് മീൻ ലഭിക്കാത്തതോടെ ഉയർന്നത് പൊന്നുംവില. മത്തി, അയല, കോര തുടങ്ങിയ മത്സ്യങ്ങളുടെ വില കൂടിയതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഇരട്ടിയായി. ഒരാഴ്ചമുമ്പ് കിലോയ്ക്ക് 150 രൂപയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ നാനൂറിന് മുകളിലായി. ചെറിയ അയല കിട്ടണമെങ്കിൽ 350–400 രൂപ നൽകണം. കോരയ്‌ക്ക് 480 രൂപയും നത്തോലി 300, ചെമ്മീൻ 600, ആവോലി 750 രൂപ എന്നിങ്ങനെയാണ് വില. വലിപ്പത്തിനനുസരിച്ച് വീണ്ടും വില കൂടും. കടൽമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ പുഴമത്സ്യങ്ങൾക്കും വളർത്തുമത്സ്യങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. വിലവർധനയുടെ ആഘാതം സാരമായി ബാധിച്ചിരിക്കുന്നത് ഹോട്ടൽ മേഖലയെയാണ്. പാചകവാതക വിലവർധനയെ തുടർന്ന് ഹോട്ടലുകളിൽ ചായയടക്കം എല്ലാത്തിനും വില വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മീനിനും വില കൂടിയത്. പല ഹോട്ടലുകളിലും മീൻ പൊരിച്ചതും കറിയും വാങ്ങിയാൽ കീശ കാലിയാവും. കേരളത്തിലെ ആവശ്യകത നിറവേറ്റാൻ തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് മത്സ്യം എത്തുന്നുണ്ടെങ്കിലും ഗുണനിലവാര പരിശോധന കാര്യക്ഷമമല്ലെന്ന് ഉപഭോക്തൃ വ്യാപാരി സംഘടനകൾ പറയുന്നു. കടലിന്റെ ഉപരിതലത്തിൽ താപനില ഉയർന്നതോടെ ഉപരിതല മത്സ്യങ്ങളായ മത്തിയുൾപ്പെടെ തീരം വിടുകയാണ്. കാലവർഷം ആരംഭിക്കുന്നതോടെ വലയും കീശയും നിറയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇന്ധന നിയന്ത്രണത്തിനും വിലവർധനയ്ക്കുമൊപ്പം എൽനിനോ പ്രതിഭാസവുമെത്തുന്നത് തീരപ്രദേശത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. നിലവിൽ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ കടലിൽ പോയി മീൻപിടിക്കാൻ അനുമതിയുള്ളു. മോശം കാലാവസ്ഥ കാരണം തൊഴിലാളികൾക്ക് കടലിൽ പോകാനും വിലക്കുണ്ട്. ട്രോളിങ് കാലത്ത് കടലിൽ മത്സ്യപ്രജനനം ശരിയായ രീതിയിൽ നടന്നാൽ മാത്രമേ മത്സ്യലഭ്യതയിൽ വർധന ഉണ്ടാവുകയുള്ളു. എന്നാൽ അനധികൃതവും അശാസ്‌ത്രീയവുമായ മത്സ്യബന്ധനം മൂലം കടൽസന്പത്ത് കൊള്ളയടിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.










0 comments